ADVERTISEMENT

തെറ്റുവഴി∙ കമുകിന്റെ തടികൊണ്ടുള്ള എട്ട് തൂണുകൾ, കമുകിന്റെ വാരി കൊണ്ടുള്ള കഴുക്കോലും പട്ടികയും കയറു കൊണ്ട് കെട്ടി വച്ച്, അതിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്നു. ഈ പ്ലാസ്റ്റിക് ഷീറ്റ് കാറ്റിൽ പാറി പോകാതിരിക്കാൻ തെങ്ങോല മടലുകൾ മുകളിൽ നിരത്തി ഇട്ടിരിക്കുന്നു.  ലൈഫ് ഭവന പദ്ധതി ഒക്കെ ഉണ്ടായിട്ടും 23 വർഷമായി ഈ ഷെഡിലാണ് പുത്തലം കട്ടിലോറ ബാലനും കുടുംബവും താമസിക്കുന്നത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് ബാലന്റെ കുടുംബം. കർഷക തൊഴിലാളിയാണ് ബാലൻ.

സിമന്റ് പണികൾക്കും പോകുന്നുണ്ട്. മക്കൾ എല്ലാവരും പാതി വഴിയിൽ പഠനം നിർത്തി കൂലിപ്പണിക്കു പോകുന്നു. ആദിവാസി വിഭാഗത്തിൽ പെട്ട ഇവർക്ക് പക്ഷെ ഒരു വീട് പണിയാനുള്ള ഒരു സഹായവും സർക്കാരിന്റെയോ പഞ്ചായത്തിന്റെയോ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. റേഷൻ കാർഡ് പോലും മുൻപ് താമസിച്ചിരുന്ന പുത്തലം എന്ന സ്ഥലത്തെ വിലാസത്തിലാണ് ഉള്ളത്. വീട്ടിലേക്ക് എത്താനുള്ളത് നടപ്പ് വഴി മാത്രം. ഷെഡിന് വൈദ്യുതി കണക്‌ഷൻ കിട്ടില്ല എന്നതിനാൽ വീട്ടിൽ മണ്ണെണ്ണ വിളക്കും മെഴുകു തിരിയും മാത്രമാണ് വെളിച്ചത്തിനുള്ള വഴി.

ഗ്യാസ് കണക്‌ഷൻ ഇല്ലേയില്ല. കോവിഡ് വാക്സിനേഷനും പരിശോധനകളും ഒന്നും തന്നെ നടന്നിട്ടില്ല. ബാലൻ ജനിച്ചു വളർന്നത് ഇവിടെ ആണെങ്കിലും സ്ഥലത്തിന് കൈവശ രേഖകൾ ഒന്നുമില്ല.  ഭാര്യയുടെ വീട് കോളയാട് പഞ്ചായത്തിലെ പുത്തലത്ത് ആയിരുന്നു. ഭാര്യാ മാതാവിന്റെ പേരിലുള്ള വീടിന്റെ വിലാസത്തിലാണ് റേഷൻ കാർഡ് ഉള്ളതെന്നും ബാലൻ പറയുന്നു. കണ്ണവത്ത് മലമുകളിൽ 50 സെന്റ് മിച്ച ഭൂമി സർക്കാർ അനുവദിച്ചു എന്ന് ബാലന് അറിയാം.

പക്ഷെ അവിടെ വീടോ, വെള്ളമോ, വഴി സൗകര്യമോ ഇല്ലെന്നും താമസിക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നുമാണ് ബാലൻ പറയുന്നത്.കോളയാട് പഞ്ചായത്തിലെ വോട്ടേഴ്സ് ലിസ്റ്റിൽ മുൻപ് പേര് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതും ഇല്ല. കോവിഡ് കാലത്ത് പേരാവൂർ പഞ്ചായത്ത് എട്ടാം വാർഡ് അംഗം രാജു ജോസഫ് ഇപ്പോൾ ബാലൻ താമസിക്കുന്ന വീട്ടിൽ ചെന്നിരുന്നതായും സഹായം ലഭിച്ചിരുന്നതായും ബാലൻ പറയുന്നു. പക്ഷെ മറ്റ് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com