ADVERTISEMENT

കണ്ണൂരിന്റെ മലയോരത്തിന്റെ കരുത്ത് കഥകളിലേക്ക് പകർത്തിയ അബിൻ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ. മലയോരത്തിന്റെ പതിവ് പാതകളിൽ നിന്ന് വ്യതിചലിച്ച് സാഹിത്യപാതയേറിയ അബിൻ, ആ വഴി ശരിയെന്നു തെളിയിക്കുകയാണ് വീണ്ടും. കുടിയേറ്റ കർഷകർക്കിടയിൽ നിന്നാണ് അബിന്റെ കഥകളും കഥാപാത്രങ്ങളുമെല്ലാം ഉരുത്തിരിഞ്ഞതും. പൊതുവേ മലയാള സാഹിത്യലോകത്തേക്ക് അധികമാരും ഇരിട്ടിയിൽ നിന്നു മലയിറങ്ങി എത്തിയിട്ടില്ല. അങ്ങനെ എത്തിയവരിൽ പുതുതലമുറയിൽ രണ്ടുപേരാണ് ഉള്ളത്. അബിനും വിനോയ് തോമസും. അറുപതുകളിൽ കോട്ടയം കുറുപ്പന്തറ മേഖലയിൽ നിന്ന് കുടിയേറിയവരാണ് അബിന്റെ കുടുംബം.

1990ൽ കീഴ്പ്പള്ളിയിലാണ് ജനിച്ചത്. ജനിച്ചുവളർന്ന നാട് അബിന്റെ സാഹിത്യത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഒട്ടേറെ കഥകളിൽ മലയോരം കഥാപശ്ചാത്തലമാകുന്നുണ്ട്.  പൊതുവേ, സാഹിത്യത്തിൽ കാണുന്ന വടിവൊത്ത കഥാപാത്രങ്ങളല്ല, കരുത്തും ധൈര്യവുമുള്ള മലയോര മനുഷ്യരാണ് അബിന്റെ കഥാപാത്രങ്ങൾ. കല്യാശ്ശേരി തീസിസ് എന്ന കഥ ഉൾപ്പെടെ എട്ടുകഥകൾ ചേർന്നാണ് അതേ പേരിൽ പുസ്തകമായത്.

കമ്യൂണിസ്റ്റ് പാർട്ടിയും ചരിത്രവും എല്ലാം ഇഴചേർന്നു കിടക്കുകയാണ് കല്ല്യാശ്ശേരി തീസിസിൽ. ഇതിന്റെ കഥാപശ്ചാത്തലമൊരുങ്ങിയത് അബിൻ കല്ല്യാശ്ശേരിയിൽ ജോലി ചെയ്യുമ്പോഴാണ്. ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുമ്പോൾ കല്യാശ്ശേരി അഞ്ചാം പീടികയിൽ ഏറെക്കാലം താമസിച്ചിരുന്നു. അന്നു കണ്ട ഗ്രാമവും ഗ്രാമീണരുമെല്ലാണ് കഥയിലേക്ക് നയിച്ചത്. അതിനു ശേഷം എഴുത്തിൽ നിറഞ്ഞതെല്ലാം മലയോരമാണ്. ഇരിട്ടി എംജി കോളജിലും ഡോൺ ബോസ്കോ കോളജിലും പഠനം പൂർത്തിയാക്കിയ അബിൻ മലയാള മനോരമയിലും മാതൃഭൂമി വാരികയിലും പ്രവർത്തിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, ഉറൂബ് അവാര്‍ഡ്, അങ്കണം ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ്, രാജലക്ഷ്മി കഥാപുരസ്‌കാരം, കല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്‌മെന്റ്, കണ്ണൂര്‍ സര്‍വകലാശാല കഥാപുരസ്‌കാരം, അകം മാസിക കഥാപുരസ്‌കാരം, കലാകൗമുദി കഥാഅവാര്‍ഡ് തുടങ്ങിയ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് അബിൻ. കണ്ണൂർ കീഴ്പ്പള്ളിയിൽ തട്ടത്ത് ജോയി– മേരി ദമ്പതികളുടെ മകനാണ്. അനിയൽ ബിബിൻ ജോസഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com