ADVERTISEMENT

ഇരിട്ടി∙ കൂട്ടുപുഴ മാക്കൂട്ടത്ത് കുടക് അതിർത്തിയിൽ കർണാടക പരിശോധന കർശനമാക്കി. കേരളത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണിത്. ഇന്നലെ മുതൽ ആർടിപിസിആർ ഫലം ഇല്ലാതെ ആരെയും പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസം വരെ 2 ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെയും ആന്റിജൻ പരിശോധന സർട്ടിഫിക്കറ്റ് ഉള്ളവരെയും കടത്തി വിട്ടിരുന്നു. ചരക്കുവാഹന ജീവനക്കാർക്കു നേരത്തെ 14 ദിവസത്തിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധന ഫലം മതിയായിരുന്നു. ഇന്നലെ മുതൽ ഇതും 7 ദിവസമാക്കി ചുരുക്കി.

വീരാജ്പേട്ട എംഎൽഎ കെ.ജെ.ബൊപ്പയ്യ ചെക്ക് പോസ്റ്റ് സന്ദർശിച്ചു. എസ്ഐയുടെ നേതൃത്വത്തിൽ 4 പൊലീസുകാർ, ആരോഗ്യവകുപ്പിന്റെയും റവന്യുവകുപ്പിന്റെയും 2 വീതം പ്രവർത്തകർ എന്നിവരാണു മാക്കൂട്ടം വനം ചെക്ക് പോസ്റ്റിനോടു അനുബന്ധിച്ചു തുടങ്ങിയ കോവിഡ് ചെക്ക് പോസ്റ്റിൽ ഉള്ളത്. 24 മണിക്കൂറും ഇവരുടെ സേവനമുണ്ട്.

ബസ് ഓട്ടം നിലയ്ക്കുന്നു

മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കുള്ള ബസ് ഓട്ടം നിലയ്ക്കുന്നു. ഇന്നലെ ഒരു കെഎസ്ആർടിസിയും ഒരു സ്വകാര്യ ബസും ആണ് ഓടിയത്. ഒന്നാം ഘട്ട ലോക്ഡൗണിനു ശേഷം ഇളവുകൾ വന്നതോടെ കേരള ആർടിസിയുടെ 2 ബസുകളും 5 സ്വകാര്യ ബസുകളും ബെംഗളൂരു – കണ്ണൂർ സർവീസ് ആരംഭിച്ചിരുന്നു.

രാവിലെ 7.15 നും രാത്രി 9 നും ഉള്ള ബസുകളാണ് കെഎസ്ആർടിസി സർവീസുകൾ. രാവിലെ 7.30 നു പോവേണ്ടിയിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ആർടിപിസിആർ പരിശോധന നടത്താത്തവർ ആയതിനാലാണു സർവീസ് റദ്ദാക്കിയത്. രാത്രി 9.30 ലെ യാത്രക്കാർ സർട്ടിഫിക്കറ്റ് ഉള്ളവർ ആയതിനാൽ സർവീസ് നടത്തി.

ദുരിതത്തിലായി മലയാളികൾ

ആദ്യ ലോക്ഡൗണിൽ കർണാടകയിൽ കുടുങ്ങി നാട്ടിൽ വരാനാവാത്ത മലയാളികൾ ഒട്ടേറെയായിരുന്നു. ഇളവുകൾക്കു ശേഷം നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും സാധാരണ നിലയിലേക്കു വരുന്നതിനിടെയാണു കുടക് ഭരണകൂടം കടുത്ത നിയന്ത്രണം വരുത്തിയത്. ഓണക്കാലത്തു മലയാളികളുടെ യാത്ര കടുത്ത പ്രതിസന്ധിയിലാകും. നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവ് ഇറങ്ങിയത് ഇന്നലെ പുലർച്ചെയാണ്.

രോഗ വ്യാപന സാധ്യത പ്രതിരോധിക്കുന്നതിനായാണ് പരിശോധന കർശനമാക്കിയത്. ആർടിപിസിആർ നെഗറ്റീവ് ഫലം മാത്രമാണു പരിഗണിക്കുക. 2 ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് മാത്രമായി വരുന്നവരെ കടത്തി വിടില്ല. രോഗികൾ പോലെ അത്യാഹിത സാഹചര്യത്തിൽ വരുന്നവരെ ചെക്ക് പോസ്റ്റിൽ നിന്നു തന്നെ ആന്റിജൻ പരിശോധന നടത്തി വിടും.
സിദ്ദലിങ്.ബി.ബനാസെ (എസ്ഐ, വീരാജ്പേട്ട റൂറൽ സ്റ്റേഷൻ),ചെക്ക് പോസ്റ്റ് ചുമതല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com