അസ്ഥികൂടം മാത്രമാണ് കിട്ടുന്നതെങ്കിലും അത് എന്റെ ഗ്രാമത്തിലേക്ക് കൊണ്ടു പോകണം; സഹോദരൻ ആവശ്യപ്പെട്ടത് ഇതു മാത്രം...

kannur-aashiqul-islam
ഇരിക്കൂറിൽ കൊല്ലപ്പെട്ട ആഷിക്കുൽ ഇസ്ലാമിന്റെ മൃതദേഹം 12 ന് രാത്രി ബംഗാളിലെ മുർഷിദാബാദിൽ എത്തിച്ചപ്പോൾ.
SHARE

ശ്രീകണ്ഠപുരം∙ പെരുവളത്തുപറമ്പ് കുട്ടാവിൽ തേപ്പു പണിക്കിടയിൽ പണത്തിന്റെ പേരിൽ തർക്കത്തെ തുടർന്ന് സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്കിടിച്ച് കൊന്ന് കുഴിച്ചിട്ട ആഷിഖുൽ ഇസ്ലാമിന്റെ മൃതദേഹം മുർഷിദാബാദിൽ കബറടക്കി. അസ്ഥികൂടം മാത്രമാണ് ഇവിടെ നിന്നും കിട്ടുന്നതെങ്കിൽ അത് എന്റെ ഗ്രാമത്തിലേക്ക് കൊണ്ടു പോകണം എന്ന സഹോദരന്റെ ആവശ്യത്തിനു മുന്നിൽ ഇരിക്കൂർ ഗ്രാമം കനിഞ്ഞു. അവിടെ ഉപ്പയും ഉമ്മയും സഹോദരന്റെ ഭാര്യയും, മക്കളും രണ്ട് മാസമായി തീ തിന്ന് കഴിയുകയാണെന്നും കഫൻ ചെയ്ത രൂപമെങ്കിലും അവരെ കാണിക്കാൻ നിങ്ങൾ സഹായിക്കുമോ എന്നുള്ള കരൾ പിളർക്കുന്ന ചോദ്യത്തിന് മുന്നിൽ കാരുണ്യ മനസ്സ് കൈകോർത്തത് വളരെ പെട്ടെന്നായിരുന്നു.

ഉദാരമതികളും സന്നദ്ധ സംഘടനകളും ചേർന്ന് മുർഷിദാബാദിൽ എത്താനാവശ്യമായ ഒരു ലക്ഷം രൂപയോളം ഒരു മണിക്കൂറിനുള്ളിൽ സമാഹരിച്ചു.10ന് പോസ്റ്റ്മോർട്ടം നടപടികളും പൊലീസ് നടപടികളും പൂർത്തിയാക്കി രാത്രി 8 മണിയോടെ ഗ്യാഫ് നിലാ മുറ്റത്തിന്റെ ആംബുലൻസിൽ ആഷിഖുൽ ഇസ്ലാമിന്റെ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി. ഡ്രൈവർ വി.ഫൈസലിന് കൂട്ടായി സുഹൃത്തായ കിണാക്കൂൽ ഷംസുദ്ദീനും കൂടെയുണ്ടായിരുന്നു.

2856 കിലോമീറ്റർ താണ്ടി 12ന് രാത്രി 8.30 ന്  മുർഷിദാബാദ് ജില്ലയിലെ കപിൽപൂർ വില്ലേജിലെ മുത്തുരപൂർ ജുമാ മസ്ജിദിൽ മരണാനന്തര ക്രിയകൾക്കായി എത്തുമ്പോഴേക്കും ഗ്രാമം മുഴുവൻ വാവിട്ട് നിലവിളിച്ച് മസ്ജിദ് പരിസരത്തെത്തിയിരുന്നു. കപിൽപൂർ അതിർത്തി മുതൽ പൊലീസ് അകമ്പടിയോടെയാണ് ആംബുലൻസ് പോയത്. രാത്രി 11 മണിയോടെ മുത്തുരപൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആഷിഖുൽ ഇസ്ലാമിന്റെ അവശേഷിച്ച ശരീരഭാഗങ്ങൾ കഫൻ ചെയ്ത് ഖബറിലേക്കിറക്കി വെച്ചതിന് ശേഷം ഒരു നാട് മുഴുവൻ നിറ കണ്ണുകളോടെ ഇരുകൈയും കൂപ്പി ഇരിക്കൂറിന്റെ സ്നേഹവായ്പിനോട് നന്ദി പറഞ്ഞു.

English Summary: The body of Aashiqul Islam was brought to his hometown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kannur
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA