ADVERTISEMENT

ചെറുപുഴ∙ കോവിഡ് മഹാമാരിയെ തുടർന്നു ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും  ബസുകളിൽ കയറാൻ യാത്രക്കാരില്ല. ഇതോടെ ബസിനെ ആശ്രയിച്ചു ജീവിക്കുന്ന നൂറു കണക്കിനു കുടുംബങ്ങൾക്കും  കനത്ത തിരിച്ചടിയായി.    ചെറുപുഴ ബസ് സ്റ്റാൻഡിൽ നിന്നു നേരത്തെ 100 ലേറെ ബസുകളാണു വിവിധ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത്. അക്കാലത്ത് പല ബസുകളും യാത്രക്കാരെ കുത്തി നിറച്ചാണു സർവീസ് നടത്തിയിരുന്നത്. എന്നാൽ കോവിഡിനു ശേഷം ബസിലെ സീറ്റിൽ ഇരിക്കാൻ പോലും യാത്രക്കാരെ കിട്ടാത്ത സ്ഥിതിയാണ്. ചെറുപുഴയിൽ നിന്നു പയ്യന്നൂരിലേക്ക് 3 ട്രിപ്പുകൾ വീതം സർവീസ് നടത്തിയിരുന്ന ഒട്ടുമിക്ക ബസുകളും ഇപ്പോൾ 2 ട്രിപ്പുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.

ഉച്ച സമയത്ത് യാത്രക്കാരില്ലാത്തതാണു പല ബസുകളും ട്രിപ്പുകൾ ഒഴിവാക്കാൻ കാരണം. ഉച്ച സമയത്തു ഓടിയാൽ എണ്ണ ചെലവിലുളള തുക പോലും കിട്ടില്ല. ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണു ബസ് വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.   അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുള്ളൂ. ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ളവർ തൊട്ടടുത്ത ടൗണിലെത്തി കാര്യം സാധിച്ചു തിരിച്ചു പോകുകയാണ് ചെയ്യുന്നത്. ഇതിന് ആശ്രയിക്കുന്നത് സ്വന്തം വാഹനങ്ങളെയാണ്. രോഗവ്യാപന നാളുകളിൽ മലയോര മേഖലയിലെ  ഭൂരിഭാഗം വീടുകളിലും ഇരുചക്ര വാഹനങ്ങൾ വാങ്ങി. ഇതും ബസ് വ്യവസായത്തിനു തിരിച്ചടിയായി. ഇപ്പോൾ ബസ് സർവീസ് നടത്തിയാൽ എണ്ണ ചെലവ് കഴിഞ്ഞാൽ ഡ്രൈവർക്കും കണ്ടക്ടർക്കും പരമാവധി ലഭിക്കുന്നത് 400 രൂപ വീതമാണ്. ചില ദിവസങ്ങളിൽ ഇത് 300 ആകും.

ലക്ഷങ്ങൾ മുടക്കിയ ബസുടമകൾക്ക് ചില ദിവസം നൽകാൻ ഒന്നും മിച്ചമുണ്ടാകില്ല. വരുമാനം കുറഞ്ഞതോടെ പല  സ്വകാര്യ ബസുകളിലും ക്ലീനർമാരില്ല. ഇവരുടെ ജോലി ഡ്രൈവറും കണ്ടക്ടറും കൂടിയാണു ചെയ്യുന്നത്. ഇതിനുപുറമെ ഗ്രാമീണ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ചില ബസുകൾ ഇപ്പോൾ പ്രധാന ടൗണുകളിൽ വന്നു തിരിച്ചു പോകുകയാണ് ചെയ്യുന്നത്. യാത്രക്കാരില്ലാത്തതാണു പല സർവീസും നിലയ്ക്കാൻ കാരണമായത്. ഈ സ്ഥിതി തുടർന്നാൽ ബസ് വ്യവസായം ഏതു സമയത്തും നിലച്ചേയ്ക്കും.  ഇതോടെ നൂറുകണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടമാകുന്നത്. അധികൃതരുടെ ഭാഗത്തു നിന്നു അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണു ബസുടമകളുടെയും തൊഴിലാളികളുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com