ADVERTISEMENT

കണ്ണൂർ ∙ കേവലം പതിനാറാണ്ടുകളാണ് അഴീക്കോടൻ രാഘവന്റെ പത്നിയായി കെ.മീനാക്ഷി ടീച്ചർജീവിച്ചത്. തീഷ്ണ സമരപോരാട്ടങ്ങൾ നിറഞ്ഞ ആ നാളുകളിൽ പകർന്നു കിട്ടിയ പോരാട്ടവീര്യമാണ് തുടർന്നുള്ള 49 വർഷം അവരെ മുന്നോട്ടു നയിച്ചത്. അഴീക്കോടന്റെ വേർപാടിനുശേഷം ടീച്ചറുടെ ജീവിതം കഷ്‌ടപ്പാടുകളുടെയും ത്യാഗത്തിന്റെയുമായിരുന്നു. നിനച്ചിരിക്കാതെയുണ്ടായ വേർപാടിനെ അത്രയുംകാലത്തെ സ്നേഹനിർഭരമായ ജീവിതത്തിന്റെ കരുത്തിലാണ് ടീച്ചർ അതിജീവിച്ചത്. പറക്കമുറ്റാത്ത അഞ്ചു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അധ്യാപനജോലിയുടെ പിന്തുണയിൽ മീനാക്ഷി ടീച്ചർ നിർവഹിച്ചു.

   അഴീക്കോടൻ രാഘവനും ഭാര്യ കെ.മീനാക്ഷിയും. (ഫയൽ ചിത്രം)
അഴീക്കോടൻ രാഘവനും ഭാര്യ കെ.മീനാക്ഷിയും. (ഫയൽ ചിത്രം)

അഴീക്കോടൻ താമസിച്ചില്ലെങ്കിലും അഴീക്കോടന്റെ വീടായാണ് പള്ളിക്കുന്നിലെ അഴീക്കോടൻ നിവാസ് അറിയപ്പെട്ടത്. പ്രമുഖ നേതാക്കൾ കണ്ണൂരിലെത്തുമ്പോഴെല്ലാം ടീച്ചറെ കാണാൻ അവർ അഴീക്കോടൻ നിവാസിലേക്ക് ഓടിയെത്താറുണ്ടായിരുന്നു. പാർട്ടി സമ്മേളനങ്ങൾ, തിരഞ്ഞെടുപ്പുകൾ, സത്യപ്രതിജ്ഞ.. തുടങ്ങി എല്ലാത്തിനും ഊർജമാവാഹിക്കാൻ നേതാക്കളും അണികളും സഖാവിന്റെ ചിത്രങ്ങളുള്ള ഈ സ്വീകരണ മുറിയിലേക്കെത്തി. അവരെയെല്ലാം സ്നേഹവായ്പോടെ സ്വീകരിച്ചും അഴീക്കോടന്റെ ഓർമകൾ പങ്കിട്ട് പ്രചോദിപ്പിച്ചുമാണ് ടീച്ചർ യാത്രയാക്കിയത്. രണ്ടാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ ആ ചടങ്ങിലേക്കു ക്ഷണം ലഭിച്ച ചുരുക്കം ആളുകളുടെ കൂട്ടത്തിലും ടീച്ചറും ഉണ്ടായിരുന്നു.

1956 ലായിരുന്നു അഴീക്കോടന്റെയും ടീച്ചറുടെയും വിവാഹം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, പ്രതിപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനർ എന്നീ നിലയിൽ കേരളമാകെ നിറഞ്ഞുനിന്നു പ്രവർത്തിച്ച കാലം. 1962, 1964 വർഷങ്ങളിൽ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1972 സെപ്റ്റംബർ 23ന് രാത്രിയിലാണ് അഴീക്കോടൻ തൃശൂർ ചെട്ടിയങ്ങാടിയിൽ കൊല്ലപ്പെടുന്നത്.മീനാക്ഷി ടീച്ചർക്ക് എന്നും സ്നേഹിച്ചു കൊതിതീരാത്ത ഭർത്താവായിരുന്നു അഴീക്കോടൻ രാഘവൻ. അതുകൊണ്ടുതന്നെ അഴീക്കോടനെ ഓർമപ്പെടുത്തുന്ന ഓരോ ചടങ്ങുകളും അവരുടെ കണ്ണുകളെ ഈറനണിയിക്കാറുണ്ടായിരുന്നു.

മൊറാഴയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ചടങ്ങിനിടെ മീനാക്ഷി ടീച്ചറെ പൊട്ടിക്കരയിച്ചതും ആ ഓർമകളാണ്. അഴീക്കോടന്റെ സ്തൂപം അനാഛാദനം ചെയ്യവേയായിരുന്നു പ്രിതതമന്റെ ഓർമകളിൽ ടീച്ചർ പൊട്ടിക്കരഞ്ഞത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്നു മീനാക്ഷി ടീച്ചറെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചത്.

English Summary: The life of K. Meenakshi teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com