ADVERTISEMENT

പാനൂർ ∙ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാനകേന്ദ്രങ്ങൾ തത്സമയ നിരീക്ഷണത്തിലാക്കാൻ 100 ക്യാമറകൾ സജ്ജമായി. ഇതിനായി വിപുലമായ സംവിധാനമാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. പ്രവാസി വ്യവസായികളുടെയും പാനൂരിലെ വ്യാപാരികളുടെയും സഹായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പാനൂർ പൊലീസ് സ്റ്റേഷനിൽ ഇതിനായി സിസിടിവി  കൺട്രോൾ റൂം ഒരുങ്ങി. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ സ്വിച്ച് ഓൺ കർമം നാളെ നിർവഹിക്കും.പാനൂർ ടൗണിലും ബസ് സ്റ്റാൻഡ്  പരിസരത്തുമായി 36 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ടൗൺ ജംക‍‍്ഷനിൽ നിന്ന് കൂത്തുപറമ്പ് റോഡിൽ പാത്തിപ്പാലം വരെയുള്ള ഭാഗങ്ങളിൽ 24 ക്യാമറകൾ സ്ഥാപിച്ചു.

1.75 ലക്ഷം രൂപയുടെ ഹൈ റസലൂഷൻ എഎൻപിആർ ക്യാമറയാണ്  ഈ റൂട്ടിൽ സ്ഥാപിച്ചത്. ടൗണിൽ കൂടി കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളുടെയും നമ്പറുകൾ വളരെ ദൂരെ നിന്ന് രേഖപ്പെടുത്താൻ സാധിക്കുന്ന അത്യാധുനിക ഓട്ടമാറ്റിക് നമ്പർ റീഡിങ് ക്യാമറയാണിത്. ടൗൺ ജംക‍്ഷനിൽ കോൺക്രീറ്റ് ചെയ്ത് റോഡിന് കുറുകെ 6 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച പാനലിലാണ് ക്യാമറ ഘടിപ്പിച്ചത്. ഇതിനായി 10 ലക്ഷം നൽകിയത് മൊകേരി സ്വദേശിയും ഖത്തർ–ദുബായി സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ  കെ.സൈനുൽ ആബിദിന്റെ സഹായത്തിലാണെന്ന് പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദ് പറഞ്ഞു. ക്യാമറ പ്രവർത്തിപ്പിക്കാനാവശ്യമായ സോളർ പാനലും ഒരുക്കിയത് ആബിദാണ്.

മാക്കൂൽപ്പീടിക–നാമത്ത്പള്ളി–കൈവേലിക്കൽ വരെ 17 ക്യാമറകൾ സ്ഥാപിച്ചത്  അക്കാനിശ്ശേരിയിലെയും നാമത്ത്പള്ളി പ്രദേശവാസികളുടെ സഹകരണത്തിലാണ്. വൈദ്യർപീടിക മുതൽ പുത്തൂർ പോസ്റ്റ്ഓഫിസ് വരെ 16 ക്യാമറകൾ വയ്ക്കാൻ സഹായിച്ചത് പ്രവാസി വ്യവസായി ബാലിയിൽ യൂസഫ്ഹാജിയുടെ സഹകരണത്തിലാണ്. കൈവേലിക്കൽ– മുളിയാത്തോട് വരെ 20 ക്യാമറകൾ സ്ഥാപിച്ചത് വ്യവസായി ഒന്തത്ത് ഉസ്മാന്റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയിലാണ്. വൈദ്യർപീടിക –കടവത്തൂർ റോഡിൽ പാലത്തായി പാലം വരെ ക്യാമറ സ്ഥാപിക്കാനുള്ള നടപടി അവസാനഘട്ടത്തിലാണ്. മുത്താറിപ്പീടിക– ചെണ്ടയാട് റൂട്ടിലും പാനൂർ മുതൽ പൊന്ന്യംപാലം വരെയും ക്യാമറ സ്ഥാപിക്കാനുള്ള നടപടിയും പൂർ‍ത്തിയായതായി പാനൂർ പൊലീസ് ഇൻസ്പെക്ടർ എസ്ഐ കെ.ദേവദാസ് പറഞ്ഞു.  

നിയമ ലംഘനം കുറയും

നിരവധി എൽഇഡി ടിവികളുടെ മുഴുവൻ സമയ നിരീക്ഷണത്തിൽ ഓരോ സ്റ്റേഷൻ പരിധിയിലെ ഓരോ ചലനങ്ങളും നിരീക്ഷിക്കാൻ സ്റ്റേഷൻ സിസിടിവി കൺട്രോൾ റൂം സജ്ജമാക്കി കഴിഞ്ഞു. 33 ക്യാമറകൾ കൂടി വൈകാതെ സ്ഥാപിക്കും.   സ്റ്റേഷൻ പരിധിയിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനും കുറ്റവാളികളെ കണ്ടെത്താനും ക്യാമറ സഹായിക്കും. ടൗണിലെ ട്രാഫിക് നിയമലം‌ഘനം തടയാനും ഇതുവഴി സാധിക്കും .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com