ADVERTISEMENT

പരിയാരം∙ സർക്കാർ സംവിധാനത്തിൽ സാധാരണ ജനങ്ങൾക്കും വിദഗ്ധ ചികിത്സ നടപ്പാക്കാനാണ് പിണറായി സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുത്തത്. സഹകരണ സംഘത്തിൽ കാൽ നൂറ്റാണ്ടായി പ്രവർത്തിച്ച പരിയാരം മെഡിക്കൽ കോളജ് സർക്കാരിന്റെ കീഴിലായാൽ കേന്ദ്ര–സംസ്ഥാന ഫണ്ടുകൾ ലഭിക്കുകയും അടിസ്ഥാന സൗകര്യവും വികസനവും സാധ്യമാവുകയും ചെയ്യുമെന്നായിരുന്നു കാഴ്ചപ്പാട്. ഇതുവഴി ആധുനിക ചികിത്സാ ഉപകരണങ്ങളും മറ്റും ഏർപ്പെടുത്തി സംസ്ഥാനത്തെ മികച്ച മെഡിക്കൽ കോളജാക്കി മാറ്റാനായിരുന്നു തീരുമാനം. സർക്കാർ ഏറ്റെടുത്ത് 3 വർഷങ്ങൾ പിന്നിടുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ചികിത്സയ്‌ക്കെത്തുന്നവരും ജീവനക്കാരും ബുദ്ധിമുട്ടുന്നു.

  പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരുടെ ക്വാർട്ടേഴ്സ്  പരിസരം കാട് കയറിയ നിലയിൽ
പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരുടെ ക്വാർട്ടേഴ്സ് പരിസരം കാട് കയറിയ നിലയിൽ

പണിമുടക്കുന്ന  യന്ത്രങ്ങൾ

രണ്ടു പതിറ്റാണ്ടു മുൻപു വാങ്ങിയ ചികിത്സാ ഉപകരണങ്ങളാണു പല ചികിത്സാ വിഭാഗത്തിലും നിലവിലുള്ളത്. ചികിത്സയ്ക്കും പരിശോധനയ്ക്കും ആവശ്യമായ അത്യാധുനിക ഉപകരണങ്ങളില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ജീവനക്കാർ പറയുന്നു. മെഡിക്കൽ കോളജിന്റെ തുടക്കത്തിലുള്ള യന്ത്രങ്ങളാണു പല വകുപ്പുകളിലും ഇപ്പോഴും ഉളളത്. മാത്രമല്ല ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും മെഡിക്കൽ വിദ്യാർഥികൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇപ്പോഴും നിലനിൽക്കുന്നു.

പഴക്കമുള്ള ആശുപത്രി കെട്ടിടത്തിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ശുചിമുറി പലതും ഉപയോഗ ശൂന്യമായ നിലയിലാണ്. 8 നിലയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര മഴയിൽ ചോർന്നൊലിക്കുന്നുണ്ട്. വാർഡിലുള്ളവർ ബക്കറ്റ് വച്ചാണു ചോർച്ചയിൽ നിന്നു രക്ഷ നേടുന്നത്. ആശുപത്രിയിലെ റോഡുകൾ തകർന്ന നിലയിലാണ്. കെട്ടിടത്തിൽ അഗ്നി സുരക്ഷാ സംവിധാനം ഇല്ല. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കേണ്ട പോളിസിയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല. ഡെന്റൽ കോളജ്, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് എന്നിവ പരിമിതമായ സൗകര്യത്തിലാണു പ്രവർത്തിക്കുന്നത്. വിശ്രമ കേന്ദ്രം നിർമിക്കാത്തതിനാൽ രോഗികളെ പരിചരിക്കാൻ എത്തുന്നവർ ആശുപത്രി വരാന്തയിൽ കഴിയണം. ഡയാലിസിസ് ചെയ്യുന്നവരും വിശ്രമിക്കേണ്ടത് ഇവിടെ തന്നെ.

താമസം  കാട്ടിനുള്ളിൽ

മെഡിക്കൽ വിദ്യാർഥികളുടെ താമസം കാടു പിടിച്ച പരിസരത്തെ കെട്ടിടത്തിലാണ്. പലപ്പോഴും പാമ്പു ശല്യവും രൂക്ഷമാണ്.ഏറെ കാൻസർ രോഗികൾ ചികിത്സയ്ക്കായി ആശ്രയിച്ച റേഡിയോളജിയിലെ ടെലിതെറപ്പി യന്ത്രം കാലപ്പഴക്കത്താൽ പണിമുടക്കിയിട്ട് വർഷം ഒന്നു കഴിഞ്ഞു. റേഡിയേഷൻ ചികിത്സ മുടങ്ങിയിരിക്കുകയാണ്. 1999ൽ സ്ഥാപിച്ച യന്ത്രമാണ് നിശ്ചലമായത്. ദിനം പ്രതി 75 പേർ ഡയാലിസിസ് ചെയ്യാൻ ആശ്രയിക്കുന്ന ഡയാലിസിസ് വിഭാഗത്തിലെ ആർഒ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് വർഷങ്ങളുടെ പഴക്കമുള്ളതിനാൽ പലപ്പോഴും പണിമുടക്കും. സിടി മെഷീൻ, എക്സ്റേ എന്നിവയും പഴയതാണ്. മെഡിക്കൽ കോളജിൽ സ്വന്തമായി എംആർഐ യന്ത്രം ഇല്ല. സ്വകാര്യ സ്ഥാപനത്തെ ആശ്രയിക്കുകയാണ്. വർഷങ്ങളുടെ പഴക്കമുള്ള എസി പ്ലാന്റും മാറ്റിയിട്ടില്ല. 2 കാത്ത് ലാബും 10 വർഷം കഴിഞ്ഞതാണ്. പുതിയ കാത്ത് ലാബ് സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തിയില്ല. ഓപ്പറേഷൻ തിയറ്ററിൽ ചികിത്സാ ഉപകരണങ്ങളുടെ കുറവ് മൂലം ശസ്ത്രക്രിയകൾ മാറ്റി വയ്ക്കേണ്ടി വരുന്നു. 

സാങ്കേതിക ഉപകരണങ്ങളുടെ തകരാറുകളും ഉപകരണങ്ങളുടെ എണ്ണക്കുറവും ചികിത്സയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കാലപ്പഴക്കത്താൽ ലിഫ്റ്റുകൾ കൃത്യമായി പ്രവർത്തിക്കാത്തത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയാസമാണ്. പല മരുന്നും ആശുപത്രിയിൽ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതിനാൽ മരുന്നുകൾ പുറത്തു നിന്നു വലിയ വില കൊടുത്തു വാങ്ങണം.ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനായി പരിയാരത്തിന്റെ വികസനത്തിന് 350 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അത് ഇപ്പോഴും പ്രഖ്യാപനമായി തന്നെ തുടരുന്നു. 

English Summary: Medical college also needs 'treatment'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com