ADVERTISEMENT

കണ്ണൂർ∙ ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ (പിസിവി) വിതരണം ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന വില കൂടിയ വാക്സീനാണ് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു.

ഡപ്യൂട്ടി ഡിഎംഒ ഡോ. എം.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്നകുമാരി, ആർസിഎച്ച് ഡോ. ബി.സന്തോഷ്, ഡപ്യൂട്ടി ഡിഎംഒ ഡോ. എം.കെ.ഷാജ്, ഐഎപി സംസ്ഥാന സെക്രട്ടറി ഡോ.ജോജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

വാക്സീൻ എവിടെയൊക്കെ ലഭിക്കും?

ഒരു ഡോസിന് സ്വകാര്യ ആശുപത്രികളിൽ 2000 രൂപ ഈടാക്കിയിരുന്ന വാക്സീനാണ് ഇനിമുതൽ സൗജന്യമായി നൽകുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ എല്ലാ സർക്കാർ ആശുപത്രികളിലും വാക്സീൻ ലഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണു വാക്സീൻ വിതരണം.

നൽകേണ്ടത് എപ്പോൾ?

കേരളത്തിൽ ആരംഭിച്ച വാക്സീൻ പദ്ധതിപ്രകാരം കുഞ്ഞു ജനിച്ച് ആറാഴ്ച (ഒന്നരമാസം) പ്രായമാകുമ്പോൾ പിസിവി ആദ്യ ഡോസ് നൽകും. മൂന്നര മാസമാകുമ്പോൾ രണ്ടാം ഡോസ്. 9 മാസമാകുമ്പോൾ ബൂസ്റ്റർ ഡോസ് നൽകും. 0.5 മില്ലി വാക്സീനാണു നൽകുന്നത്. വലതു തുടയിലെ പേശിയിലാണ് കുത്തിവയ്പ്. വാക്സീൻ എടുക്കാനുള്ള ഉയർന്ന പ്രായപരിധി ഒരു വയസ്സാണ്.

വാക്സീൻ– ശ്രദ്ധിക്കാൻ

∙ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയ വേദനയും പനിയും ഉണ്ടാകാം.
∙ മുൻപ് പിസിവി എടുത്തപ്പോൾ അലർജി ഉണ്ടായെങ്കിൽ എടുക്കരുത്.
∙ കുഞ്ഞുങ്ങൾക്ക് ഗുരുതര രോഗങ്ങളുള്ളപ്പോൾ വാക്സീൻ എടുക്കരുത്.
∙ പനിയോ ജലദോഷമോ ഉള്ളപ്പോഴും വാക്സീൻ എടുക്കാം, ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശം തേടാം.

പിസിവി വാക്സീൻ എന്തിന്?

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ലോകത്താകെ പത്തു ലക്ഷത്തോളം പേർ ഗുരുതര ന്യുമോണിയ ബാധിച്ചു പ്രതിവർഷം മരിക്കുന്നുണ്ടെന്നാണു പഠനം. ബാക്ടീരിയ മൂലം കുട്ടികളിലുണ്ടാകുന്ന ന്യുമോണിയയുടെ പ്രധാന കാരണം സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയാണ്. രാജ്യത്ത് 5 വയസ്സിൽ താഴെയുള്ള 12 ലക്ഷം കുട്ടികളാണു പ്രതിവർഷം മരിക്കുന്നത്. ഇതിൽ 16% ന്യുമോണിയ ബാധിച്ചുള്ള മരണമാണ്.

സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ അഥവാ ന്യൂമോകോക്കസ് എന്ന ബാക്ടീരിയയുണ്ടാക്കുന്ന ഒരു കൂട്ടം അസുഖങ്ങളെയാണ് ന്യൂമോകോക്കൽ അസുഖങ്ങൾ എന്നു വിളിക്കുന്നത്. ഈ ബാക്ടീരിയ ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ച് രോഗങ്ങളുണ്ടാക്കും. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കൽ ന്യൂമോണിയ.

മസ്തിഷ്കത്തെ പൊതിയുന്ന സ്തരങ്ങളെ ബാധിക്കുന്ന മെനിഞ്ചൈറ്റിസും, ചെവിയിൽ പഴുപ്പ്, രക്തത്തിൽ അണുബാധ തുടങ്ങിയവയും ഈ ബാക്ടീരിയയയുണ്ടാക്കുന്ന അസുഖങ്ങളാണ്. ഈ അസുഖങ്ങൾ ഭേദമായാലും ചിലപ്പോൾ കേൾവിക്കുറവ്, ബുദ്ധിവളർച്ച കുറവ്, അപസ്മാരം എന്നിവയെല്ലാം ഉണ്ടാകാനിടയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വാക്സിനേഷൻ കുഞ്ഞുങ്ങൾക്കു നൽകുന്നത്.

English Summary: PCV vaccination in government hospitals: information you need to know..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com