ADVERTISEMENT

കതിരൂർ∙‘എന്റെ തങ്കക്കുടത്തിനെ എന്തിനാണു കൊന്നുകളഞ്ഞത്...എന്തൊരു നല്ല മോളായിരുന്നു... എന്റെ പൊന്നുമോളെ കണ്ടു കൊതി തീർന്നില്ലല്ലോ...’ പാത്തിപ്പാലം പുഴയിൽ മരിച്ച  അൻവിതയുടെ മൃതദേഹത്തിനു സമീപം അമ്മ സോനയുടെ നിലവിളി കരളലിയിപ്പിക്കുന്നതായിരുന്നു. അൻവിതയുടെ മൃതദേഹം സോനയുടെ പൊന്ന്യം പുല്യോടിയിലെ  തറവാടുവീടായ സുനിതാ നിവാസിൽ സംസ്കരിക്കാൻ കൊണ്ടുവന്നപ്പോൾ വാവിട്ടു കരഞ്ഞ അമ്മയുടെ സങ്കടം ആർക്കും കണ്ടു നിൽക്കാനായില്ല. സംഭവ ദിവസത്തെ ചിതറിത്തെറിച്ച ഓർമകൾ ഓരോന്നായി ചേർത്തു വച്ച് സോന നിലവിളിച്ചു കരഞ്ഞപ്പോൾ കൂടി നിന്നവർക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.

  1. പുഴ കാണിക്കാമെന്നു പറഞ്ഞ് ഭാര്യയെയും മകളെയും കൂട്ടി എത്തിയ ഷിജു വളള്യായി റോഡിൽ ജല അതോറിറ്റി ഓഫിസിനു സമീപം ബൈക്ക് നിർത്തിയ സ്ഥലം. പുഴക്കരയിലേക്കുള്ള ഇടവഴിയും കാണാം. 2.  ഈ ഇടുങ്ങിയ വഴിയിലൂടെയാണ് ഷിജു പുഴക്കരയിലേക്കു പോയത്. 3. ഭാര്യ സോനയേയും മകൾ അൻവിതയേയും ഷിജു പുഴയിലേക്ക് തള്ളിയിട്ടതായി പറയുന്ന ചെക്ക് ഡാം.
1. പുഴ കാണിക്കാമെന്നു പറഞ്ഞ് ഭാര്യയെയും മകളെയും കൂട്ടി എത്തിയ ഷിജു വളള്യായി റോഡിൽ ജല അതോറിറ്റി ഓഫിസിനു സമീപം ബൈക്ക് നിർത്തിയ സ്ഥലം. പുഴക്കരയിലേക്കുള്ള ഇടവഴിയും കാണാം. 2. ഈ ഇടുങ്ങിയ വഴിയിലൂടെയാണ് ഷിജു പുഴക്കരയിലേക്കു പോയത്. 3. ഭാര്യ സോനയേയും മകൾ അൻവിതയേയും ഷിജു പുഴയിലേക്ക് തള്ളിയിട്ടതായി പറയുന്ന ചെക്ക് ഡാം.

 ‘പതിവില്ലാതെ മുണ്ടുടുത്ത് നല്ല വസ്ത്രവും ധരിച്ച് എന്നെയും അണിയിച്ചൊരുക്കി മോളെയും കൂട്ടിപ്പോയത് അവളെ കൊല്ലാനായിരുന്നോ... കളിച്ചും ചിരിച്ചും പാട്ടുപാടിയും അച്ഛാ...അച്ഛാ എന്നു വിളിച്ചു കൈ പിടിച്ചു നടന്ന എന്റെ മോളെ എന്തിനാ കൊന്നത്...’ എന്ന സോനയുടെ വിലാപം എല്ലാവരെയും  നിശബ്ദരാക്കി. 

  പാത്തിപ്പാലം പുഴയിൽ മുങ്ങി മരിച്ച ഒന്നര വയസ്സുകാരി അൻവിതയുടെ മൃതദേഹം ഷിജുവിന്റെ  പത്തായക്കുന്നിനടുത്തെ വാടക വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ.
പാത്തിപ്പാലം പുഴയിൽ മുങ്ങി മരിച്ച ഒന്നര വയസ്സുകാരി അൻവിതയുടെ മൃതദേഹം ഷിജുവിന്റെ പത്തായക്കുന്നിനടുത്തെ വാടക വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ.

ഈസ്റ്റ് കതിരൂർ എൽപി സ്കൂളിലെ അധ്യാപികയായ സോനയുടെ സഹപ്രവർത്തകരും നാട്ടുകാരും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിതുമ്പി നിൽക്കവേ അൻവിതയുടെ മൃതദേഹം ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പത്തായക്കുന്ന് കുപ്യാട്ടു വീട്ടിൽ നിന്നാണു മൃതദേഹം തറവാടു വീട്ടിലേക്ക് കൊണ്ടുവന്നത്. മകളുടെ ചേതനയറ്റ ശരീരത്തോടൊപ്പമാണ് സോനയും എത്തിയത്.  തറവാടു വീട് വാടകയ്ക്കു നൽകിയതിനാൽ അവിടെ താമസിക്കാൻ പറ്റാത്തതിനാൽ മകളുടെ മരിക്കാത്ത ഓർമകളുമായി സോന പത്തായക്കുന്നിലേക്കു തന്നെ മടങ്ങി . 

   പൊന്ന്യം പുല്യോടിയിലെ തറവാട്ടു വീട്ടിലെത്തിച്ച മകൾ  അൻവിതയുടെ മൃതദേഹത്തിനരികെ അമ്മ സോന.
പൊന്ന്യം പുല്യോടിയിലെ തറവാട്ടു വീട്ടിലെത്തിച്ച മകൾ അൻവിതയുടെ മൃതദേഹത്തിനരികെ അമ്മ സോന.

‘തൂണിൽ പിടിച്ചുകിടന്നപ്പോൾ അടിച്ചു വെള്ളത്തിൽ വീഴ്ത്തി

വെള്ളത്തിൽ തള്ളിയിട്ടപ്പോൾ  ചെക്ഡാമിന്റെ തൂണിൽ പിടിച്ച തന്റെ കൈ വിടുവിക്കാൻ ഭർത്താവ് ചെരിപ്പ് ഊരി അടിച്ചതായി സോനയുടെ മൊഴി. ആ അടിയിലാണ് പിടിവിട്ട് ഒഴുക്കിൽ വീണതും കുഞ്ഞ് കയ്യിൽ നിന്നു വഴുതി പോയതുമെന്നാണു പൊലീസിനു നൽകിയ വിവരം. റോഡരികിൽ ബൈക്ക് നിർത്തിയ ശേഷം,  പുഴ കാണിക്കാനെന്നു പറഞ്ഞ് ഇടവഴിയിലൂടെ  ചെക്ഡാമിനു മുകളിലേക്ക്  എത്തിക്കുന്നതു വരെ കുട്ടി  ഷിജുവിന്റെ തോളിലായിരുന്നു. 

ചെക്ഡാമിനു മുകളിൽ എത്തിയപ്പോൾ മുണ്ട് മുറുക്കി ഉടുക്കാനാണെന്നു പറഞ്ഞ് കുട്ടിയെ സോനയുടെ കയ്യിൽ ഏൽപിച്ചു. സോന കുട്ടിയെ എടുത്ത ശേഷം രണ്ടു പേരെയും തള്ളി വീഴ്ത്തുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഒഴുക്കിനിടെ കാട്ടു പൊന്തയിൽ പിടിച്ചു നിന്നതിനാലാണ് സോന രക്ഷപ്പെട്ടത്. 

ഷിജുവിനെ കണ്ടെത്തിയത് ക്ഷേത്രക്കുളത്തിൽ

ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ടു മുങ്ങിയ ഷാജു നാട്ടുകാരുടെ ശ്രദ്ധയിൽ പെടാൻ ഇടയായത് പ്രവേശനം നിരോധിച്ച കുളത്തിൽ ഇറങ്ങിയതിനാൽ. ക്ഷേത്രക്കുളത്തിൽ സംശയകരമായി ഒരാളെ കണ്ടെത്തിയ വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. കുളത്തിൽ ചാടിയ ഷിജുവിനെ സമീപവാസികൾ  ഓലയിട്ടു കൊടുത്താണ് കരയ്ക്കു കയറ്റിയത്.  ആത്മഹത്യ ചെയ്യാനാണ് കുളത്തിൽ ചാടിയതെന്നാണ് ഷിജു പറഞ്ഞതെന്നു പൊലീസ് അറിയിച്ചു.  ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ഇന്നലെ  ഉച്ചയ്ക്ക് ഒന്നോടെയാണ് ഷിജു കുളക്കരയിൽ എത്തിയത്.

കോവിഡ് കാരണം ക്ഷേത്രക്കുളത്തിൽ പ്രവേശിക്കാനോ കുളിക്കാനോ പാടില്ലെന്നിരിക്കെ ഒരാൾ അതിക്രമിച്ചു കടക്കുന്നതു കണ്ട സമീപ വാസികളാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ ആളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുത്ത് കതിരൂർ പൊലീസിനു കൈമാറുകയുമായിരുന്നു. 

നടുക്കം മാറാതെ നാട്

അനന്തേട്ടൻ വന്ന് വിളിച്ചാണ് ഞങ്ങളെല്ലാവരും കൂടെ ഓടി പുഴയോരത്ത് ചെന്നത്. രക്ഷിക്കൂ... എന്ന നിലവിളി. ഞാനും സുഹൃത്ത് സത്യനും  കയറുമായി പുഴയിലിറങ്ങി. യുവതിയെ കരയ്ക്ക് എത്തിച്ചപ്പോഴാണ് എന്റെ മോൾ വെള്ളത്തിൽ വീണു എന്ന് പറഞ്ഞുള്ള നിലവിളി. കുഞ്ഞിനെ തിരയുന്നതിനിടെ ഫയർ ഫോഴ്സുമെത്തി’– സോനയെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനർ പത്തായക്കുന്നിലെ സി.സുധി സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്

പുഴക്കരയിലെ വീട്ടിലുള്ള പി.പി.അനന്തൻ വീടിന്റെ ടെറസിൽ സായാഹ്ന വ്യായാമത്തിലായിരുന്നു. പുഴയിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് അങ്ങോട്ട് ചെന്നപ്പോഴാണ് യുവതി പുഴയുടെ അരിക് പറ്റിയുള്ള കുറ്റിക്കാട്ടിലെ ചെറിയ ചില്ലയിൽ തൂങ്ങി രക്ഷപ്പെടുത്താനായി കരയുന്നത് കണ്ടത്. ഉടനെ സമീപത്തുള്ള ചെറുപ്പക്കാരെ വിളിച്ച് പുഴയിലിറങ്ങാൻ കയറുമായി ചെല്ലുകയായിരുന്നു ‘ഭർത്താവ് ഞങ്ങളെയും കൂട്ടി നവോദയ കുന്നിൽ പോയിരുന്നു.

തിരിച്ച് വരുമ്പോൾ പുഴ കാണാമെന്ന് പറഞ്ഞതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരോട് യുവതി പറഞ്ഞിരുന്നു. കെ.പി.മോഹനൻ എംഎൽഎ ഇന്നലെ സോനയുടെ വീട് സന്ദർശിച്ചു.  കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ദൃക്സാക്ഷികളിൽ നിന്നും രക്ഷാപ്രവർത്തകരിൽ നിന്നും അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

എവിടെയായിരുന്നു  ഷിജു?

ഭാര്യയെയും മകളെയും പുഴയിൽ വീഴ്ത്തിയ ശേഷം മുങ്ങിയ ഷിജു എവിടെയായിരുന്നുവെന്ന അന്വേഷണത്തിലാണു പൊലീസ്. സംഭവത്തിനു ശേഷം ബൈക്ക് ഉപേക്ഷിച്ച് ബസ് മാർഗം തലശ്ശേരിയിലെത്തി. അവിടെ നിന്ന് കോഴിക്കോട്ടേക്കു പോയി. തുടർന്ന് മാനന്തവാടിയിൽ എത്തി. അവിടെ നിന്നാണ് ഇരിട്ടി വഴി മട്ടന്നൂരിൽ എത്തിയതെന്നാണ് ഷിജു പറയുന്നതെന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com