ADVERTISEMENT

ശ്രീകണ്ഠപുരം ∙ നഗരസഭയിലെ വിവാദമായ അലക്സ് നഗർ പാലം പണിയുടെ കരാറുകാരനെ ഒഴിവാക്കി പുതിയ ആളെ പണി ഏൽപിക്കാൻ പിഡബ്ല്യുഡി ശ്രമം തുടങ്ങി. ഇതിന്റെ നടപടികൾ നടന്നു വരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 10.5 കോടി രൂപയ്ക്കു ടെൻഡർ ചെയ്ത പാലമാണിത്.പാലത്തിനും 3 കിലോമീറ്റർ ദൈർഘ്യം ഉള്ള ഐച്ചേരി അലക്സ് നഗർ റോഡിനും കൂടിയായിരുന്നു ഈ തുക അനുവദിച്ചത്. 

പാലത്തിന്റെ തൂണുകളുടെ നിർമാണം തുടങ്ങിയ കരാറുകാരൻ വളരെ കുറച്ചു പണിക്കാരെ മാത്രമേ ഉപയോഗിച്ചുള്ളു എന്നതിനാൽ പ്രവൃത്തി ഇഴഞ്ഞു നീങ്ങി. 3 തൂണുകളാണു പാലത്തിന് ആവശ്യം. ഇതിന്റെ പണി മുക്കാൽ ഭാഗവും പൂർത്തിയായി. ഇപ്പോൾ തൂണുകൾക്കു മുകളിൽ കമ്പി പുറത്തേക്കു തള്ളി നിൽക്കുകയാണ്. ഇതിൽ തുരുമ്പ് കയറിയിട്ടുണ്ട്. 6 വർഷമായിട്ടും പണി എവിടെയും എത്തിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒന്നര വർഷമായി പണി നടക്കുന്നുമില്ല. 

പാലത്തിനായി ഇറക്കിയ കമ്പി അലക്സ് നഗർ മേഴ്സി ഭവന്റെ പറമ്പിൽ തുരുമ്പു കയറി നശിക്കുകയാണ്. ഇവിടെ പഴയൊരു തൂക്കുപാലം ഉണ്ട്. ഈ പാലം വഴിയാണ് നാട്ടുകാരുടെ യാത്ര. ഇതോടൊപ്പം പണി നടത്തേണ്ട ഐച്ചേരി അലക്സ് നഗർ റോഡ് പരക്കെ തകർന്നു കിടക്കുകയാണ്. ഇത്രയുമൊക്കെ ആയിട്ടും വിഷയത്തിൽ സമീപകാലം വരെ പിഡബ്ല്യുഡിക്ക് അനങ്ങാപ്പാറ നയം ആയിരുന്നു. 

നടപടി ഉടൻ

അടുത്ത ദിവസങ്ങളിലായാണു നിലവിലെ കരാറുകാരനെ പൂർണമായി ഒഴിവാക്കി പുതിയ ആളെ പണി ഏൽപിക്കാനുള്ള നീക്കം തുടങ്ങിയത്. ഉടൻ നടപടി ഉണ്ടാകും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ പ്രദേശത്തെ പൊതുപ്രവർത്തകർ അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു. 

പിഡബ്ല്യുഡി എൻജിനീയർ സ്വപ്നയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. വാർഡ് കൗൺസിലർ ത്രേസ്യാമ്മ മാത്യു, അലക്സ് നഗർ പള്ളി വികാരി ഫാ. കുര്യൻ ചൂഴിക്കുന്നേൽ, വികസന സമിതി അംഗങ്ങളായ സ്കറിയ നെല്ലങ്കുഴി, പ്രഭാകരൻ, കെ.തമ്പാൻ, ഇ.വി.കുഞ്ഞിരാമൻ, ടി.കെ.വിജയൻ എന്നിവർ സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com