ADVERTISEMENT

പരിയാരം ∙ മോഷ്ടിച്ച സ്വർണാഭരണങ്ങളും പണവും ഉടമകളുടെ പട്ടിക സഹിതം തിരികെ നൽകിയെങ്കിലും മാസങ്ങൾക്കു ശേഷം കേസിൽ അറസ്റ്റ്. പരിയാരം തോട്ടിക്കീൽ പി.എം.മുഹമ്മദ് മുർഷിദിനെ(31) ആണ് പരിയാരം സിഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം രണ്ടിനു രാവിലെ പരിയാരം പഞ്ചായത്ത് വായാട് വാർഡ് അംഗമായ തിരുവട്ടൂർ അഷ്റഫ് കൊട്ടോലയുടെ തറവാട് വീട്ടിൽ മൂന്നു കവറുകൾ കണ്ടതുമായി ബന്ധപ്പെട്ടാണു പൊലീസ് അന്വേഷണം തുടങ്ങിയത്.

1,91,500 രൂപയും നാലര പവന്റെ സ്വർണമാലയും 630 മില്ലിഗ്രാം സ്വർണത്തരികളും ഒരു കത്തുമാണ് കവറുകളിൽ ഉണ്ടായിരുന്നത്. തിരുവട്ടൂർ, അരിപാമ്പ്ര പ്രദേശത്തും നിന്നും കവർച്ച നടത്തിയ മുതലാണെന്നും കോവിഡ് കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്തുപോയതാണെന്നും പറ്റിയ തെറ്റിനു മാപ്പ് ചോദിക്കുന്നു എന്നുമായിരുന്നു കത്തിലെ വാചകങ്ങൾ. മോഷണം നടത്തിയ വീടുകളുടെ ഉടമകളുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം തിരികെ നൽകാനുണ്ടെന്നുള്ള വിവരവും കത്തിന്റെ മുകൾ ഭാഗത്ത് പട്ടികയായി രേഖപ്പെടുത്തിയിരുന്നു.

ഇതെല്ലാം കണ്ടതോടെ വീട്ടുകാർ ഇവ പരിയാരം പൊലീസിൽ ഏൽപിച്ചു. തുടർന്നു പരിയാരം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാൻ സാധിച്ചില്ല. 2018ലെ അനധികൃത പൂഴിക്കടത്ത് കേസിൽ പയ്യന്നൂർ കോടതിയിൽ ഇന്നലെ ജാമ്യം എടുക്കാൻ എത്തിയപ്പോഴാണ് പൊലീസ് മുർഷീദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com