ADVERTISEMENT

തളിപ്പറമ്പ്∙ പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുള്ള സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വവും ജില്ലാ സെക്രട്ടറിയും. എന്നാൽ തെറ്റ് തിരുത്തി മുരളീധരന് തിരിച്ച് വരാമെന്നും ഇനിയും സമയം വൈകിയിട്ടില്ലെന്നുമുള്ള ഓർമപ്പെടുത്തലാണ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനും മന്ത്രി എം.വി.ഗോവിന്ദനും സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യുവും നൽകിയത്. പക്ഷേ വീടിനുനേരെ ചെരിഞ്ഞാൽ സ്വർണം കായ്ക്കുന്ന മരമാണെങ്കിലും മുറിച്ചുമാറ്റണമെന്നാണ് എം.വി.ജയരാജൻ പറഞ്ഞത്. കോമത്ത് മുരളീധരനെ പേര് പറയാതെ അതിരൂക്ഷമായി ആക്ഷേപിച്ചാണ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രൻ യോഗത്തിന് തുടക്കം കുറിച്ചത്.

യോഗത്തിൽ അധ്യക്ഷത വഹിച്ച ഏരിയ സെക്രട്ടറി കെ.സന്തോഷ് 35 വർഷമായി സിപിഎമ്മിൽ പ്രവർത്തിച്ച കോമത്ത് മുരളീധരന് ഒരു വർഷം പാർട്ടിയിൽ പ്രവർത്തിച്ചയാളുടെ സംഘടനാ വിവരം പോലും ഇല്ലാത്ത അവസ്ഥയാണന്നാണ് പറഞ്ഞത്. സിപിഎമ്മിന് അവകാശപ്പെട്ട സ്ഥലത്ത് സിപിഐ സ്ഥാപിച്ച പതാക മാറ്റിയില്ലെങ്കിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറ്റുമെന്നും കെ.സന്തോഷ് പറഞ്ഞു. എന്നാൽ സിപിഎം ആരെയും നശിപ്പിക്കാറില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യാറെന്നും യോഗം ഉദ്ഘാടനം ചെയ്ത ഇ.പി.ജയരാജൻ പറഞ്ഞു. പാർട്ടിയെ ദുർബലപ്പെടുത്തുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണ്.

അത്തരത്തിലുള്ളവരെ ജനങ്ങൾ ഒറ്റപ്പെടുത്തും. ഇവർ എന്തിനാണ് സിപിഐയിൽ പോയതെന്ന് വ്യക്തമാകുന്നില്ല. ഇത്തരത്തിലുള്ളവർ സിപിഐയിൽ പോയാൽ അവരും കുഴപ്പത്തിലാകും. ഇവർക്ക് തെറ്റ് തിരുത്തി പോകാനുള്ള സാഹചര്യം ഉണ്ട്. തളിപ്പറമ്പിലെ കാര്യങ്ങൾ വളരെ നിസ്സാരമാണ്. ഇവർ വികാരപരമായി ചിന്തിക്കാതെ തിരിച്ച് വരും എന്ന് തന്നെയാണ് തോന്നുന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് മന്ത്രി എം.വി. ഗോവിന്ദനും പറഞ്ഞത്.

1970 മുതൽ തനിക്ക് മാന്ധംകുണ്ടിലെ രാഷ്ട്രീയം അറിയാമെന്നും ശരിയായ നിലപാടുകൾ സ്വീകരിക്കാൻ പാർട്ടി പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ജയിംസ് മാത്യുവും പുറത്ത് പോയവർ തിരിച്ച് വരണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ 2020 ഡിസംബറിൽ നടന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ മുരളീധരൻ ഒരു പാർട്ടി അംഗത്തെ കയ്യേറ്റം ചെയ്യാൻ തുനിഞ്ഞെന്നും ഈ വിഷയം ചർച്ച ചെയ്യാൻ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ തെറ്റ് പറ്റിയെന്ന് പറഞ്ഞെങ്കിലും ഏരിയ സെക്രട്ടറിയെയും മുരളീധരൻ അധിക്ഷേപിച്ചെന്നും എം.വി.ജയരാജൻ പറഞ്ഞു.

തെറ്റ് പറ്റിയാൽ അത് അംഗീകരിക്കുകയാണ് സിപിഎം പ്രവർത്തകൻ ചെയ്യേണ്ടത്. ഇനി സിപിഐയിലേക്ക് പോയാൽ ആ പാർട്ടിയിലുള്ളവരെയും കയ്യേറ്റം ചെയ്തെന്ന് വരാം. അത് നമ്മുടെ സഹോദര പാർട്ടി ആയതിനാൽ അങ്ങനെ ആഗ്രഹിക്കാൻ പാടില്ല. ഇതേ പാർട്ടി ഭരണ ഘടന തന്നെയാണ് അവിടെയും ഉള്ളതെന്ന് മനസ്സിലാക്കണം. മുരളിക്കൊപ്പം പോയെന്ന് പറഞ്ഞ പലരും തിരിച്ച് വരുമെന്ന് പറഞ്ഞിട്ടുണ്ട്. എംവിആറും ഗൗരിയമ്മയും തിരിച്ച് വന്ന പാർട്ടിയാണിത്.

വയൽക്കിളി സുരേഷ് കീഴാറ്റൂരും സിപിഎമ്മുമായി സഹകരിച്ച് തുടങ്ങി. പാർട്ടി ഒരാളെയും പുറത്ത് കളയില്ലെന്നും ഇപ്പോൾ എല്ലാവരും സിപിഎമ്മിലേക്ക് തിരിച്ച് വരുന്ന കാലമാണെന്നും മുരളി വെറുതെ മിനക്കെടേണ്ടെന്നും എം.വി.ജയരാജൻ പറഞ്ഞു. നോർത്ത് ലോക്കലിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. ശക്തമായ പൊലീസ് സന്നാഹവും ഒരുക്കിയിരുന്നു.

തളിപ്പറമ്പ് മാന്ധംകുണ്ടിൽ നടന്ന സിപിഎം യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കോമത്ത് മുരളീധരന്റെ വാട്സാപ് സന്ദേശം മൈക്കിലുടെ കേൾപ്പിക്കുന്നു.
തളിപ്പറമ്പ് മാന്ധംകുണ്ടിൽ നടന്ന സിപിഎം യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ കോമത്ത് മുരളീധരന്റെ വാട്സാപ് സന്ദേശം മൈക്കിലുടെ കേൾപ്പിക്കുന്നു.

വിവാദമായി കോമത്ത് മുരളീധരന്റെ ശബ്ദ സന്ദേശവും

തളിപ്പറമ്പ്∙ മാന്ധംകുണ്ടിൽ നടന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ എം.വി.ജയരാജൻ കോമത്ത് മുരളീധരന്റെ ശബ്ദ സന്ദേശം പുറത്ത് വിട്ടതിനെതിരെ കോമത്ത് മുരളീധരനും രംഗത്ത് വന്നു. താൻ എം.വി.ജയരാജന് നൽകിയ ശബ്ദ സന്ദേശത്തിന്റെ മുഴുവൻ ഭാഗങ്ങളും കേൾപ്പിക്കാതെ ആദ്യ ഭാഗം മാത്രം കേൾപ്പിച്ചാണ് തെറ്റ് പറ്റിയതെന്ന് താൻ പറഞ്ഞതായി വരുത്തിയതെന്ന് മുരളീധരൻ പറഞ്ഞു. മുരളിക്കാണോ പാർട്ടിക്കാണോ തെറ്റ് പറ്റിയത് എന്ന ചോദ്യമാണ് ഇപ്പോൾ ഉള്ളത് എന്ന് പറഞ്ഞാണ് എം.വി.ജയരാജൻ തന്റെ മൊബൈൽ ഫോൺ ഉയർത്തി മൈക്കിലൂടെ മുരളിയുടെ സന്ദേശത്തിന്റെ ആദ്യ ഭാഗം കേൾപ്പിച്ചത്. ഏരിയ സമ്മേളനം വളരെ ഭംഗിയായി കഴിഞ്ഞു.

25 വർഷത്തിന് ശേഷം ഞാൻ പങ്കെടുക്കാത്ത ഒരു സമ്മേളനം കൂടിയാണ്. വിഷമമുണ്ട്. പക്ഷേ കാരണക്കാൻ ഞാൻ തന്നെയായതിനാൽ വിഷമിക്കുന്നതിൽ അർഥമില്ലെന്ന് അറിയാം. സമ്മേളനത്തിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷവും അതിന് ശേഷം നടന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായും നടപടിയെടുക്കാതിരിക്കാൻ സാധിക്കില്ലെന്നും അറിയാം. അല്ലാതെ സംഘടനയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അറിയാം. എന്നുള്ള ഭാഗങ്ങളും വരെയാണ് കേൾപ്പിച്ചത്.

എന്നാൽ ബാക്കിയുള്ള ഭാഗങ്ങളിൽ സംഘടനാ കമ്മീഷൻ തെളിവെടുപ്പിൽ നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രനെതിരെ നടപടിയുണ്ടാകും എന്ന് എന്റെ വിവരക്കേട് കൊണ്ടാണോ എന്നറിയില്ല ഞാൻ പ്രതീക്ഷിച്ച് പോയെന്ന് മുരളീധരൻ തുടരുന്നു. പക്ഷേ ഏരിയ സമ്മേളനം കഴിഞ്ഞതോടെ പുല്ലായിക്കൊടിക്ക് ക്ലീൻ ചിറ്റ് കൊടുക്കുകയും ചെയ്തു. അത് ദീർഘ വീക്ഷണത്തോടെയുള്ള പാർട്ടി നടപടിയായിരിക്കുമെന്നതിൽ തർക്കമില്ലെന്നും തുടരുന്നു. ഇത്തരം അവസ്ഥ ഞാൻ പ്രതീക്ഷിച്ചില്ല.

ലോക്കൽ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ഒറ്റക്കെട്ടായി നിൽക്കുമ്പോൾ നടപടിയെടുക്കുന്നതിൽ ജില്ലാ കമ്മിറ്റിക്ക് പരിമിതികൾ ഉണ്ടെന്ന് അറിയാമെന്ന് ‍ഞാൻ കമ്മിഷനോട് പറഞ്ഞിരുന്നു. എം.വി.ഗോവിന്ദൻ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ എന്താണ് തീരുമാനം വരിക എന്നത് ജനാധിപത്യ ക്രേന്ദ്രീകരണ തത്വമെല്ലാം അറിയുന്ന ഒരാൾ എന്ന നിലയ്ക്ക് എനിക്ക് നന്നായി അറിയാം. ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി തന്നെയാണ് ഞാൻ വളർന്നത്. നിർഭാഗ്യകരമായി പാർട്ടിയെ വെല്ലുവിളിച്ചു എന്നത് സത്യം തന്നെയാണ്. ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് പറ്റിയതാണ്. എന്റെ മനസ്സ് ആകെ കലുഷിതമാണ്.

എന്റെ സങ്കടങ്ങൾ നിരത്തി എന്തെങ്കിലും ഡിസ്കൗണ്ട് തരാനല്ല ഈ സന്ദേശം അയക്കുന്നത്. എം.വി.ജയരാജൻ, പി.ജയരാജൻ, ജില്ലാ സെക്രട്ടറി എന്നിവർ എന്നെ സഹായിച്ചതും പാർട്ടിയിൽ നിലനിർത്താൻ സഹായിച്ചതും ജീവിതത്തിൽ മറക്കില്ലെന്നും ഇനി ആരെയും വിളിക്കുവാനോ ശല്യം ചെയ്യാനോ തുനിയില്ലെന്നും തളിപ്പറമ്പിലെ പാർട്ടിക്ക് ബാധ്യതയാവുകയില്ലെന്നും മുരളീധരൻ പറയുന്നു. നടപടികൾ നീട്ടിക്കൊണ്ട് പോകാതെ എടുക്കാനും എനിക്ക് എന്റേതായ നിലപാടുകൾ ഉണ്ടാകുമെന്നും ഇനി ഒരിക്കലും വിളിക്കാതിരിക്കാൻ ശ്രമിക്കാമെന്നുമാണ് മുരളീധരൻ പുറത്ത് വിട്ട യഥാർഥ സന്ദേശത്തിൽ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com