കണ്ണൂർ ∙ റെയിൽവേയുടെ വാർഷിക പരിശോധനകളുടെ ഭാഗമായി ദക്ഷിണ റെയിൽവേ ജനറൽ മാനേജരും മലയാളിയുമായ ജോൺ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം മംഗളൂരുവിനും കണ്ണൂരിനും ഇടയിൽ ഇന്നു സന്ദർശനം നടത്തും. പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ (ഡിആർഎം) ത്രിലോക് കോത്താരിയും വിവിധ റെയിൽവേ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ജനറൽ മാനേജരുടെ സംഘത്തിലുണ്ടാകും.
രാവിലെ 6ന് മംഗളൂരുവിൽ നിന്നാണ് പരിശോധനകൾ തുടങ്ങുക. ടിക്കറ്റിങ്, പാർക്കിങ്, കുടിവെള്ളം, വിശ്രമമുറികൾ തുടങ്ങി റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ, റെയിൽവേ ഭൂമി വിനിയോഗം, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, ടിക്കറ്റിങ് സൗകര്യങ്ങൾ എന്നിവയും പരിശോധിക്കും. പാളങ്ങൾ, പാലങ്ങൾ, മേൽപാലങ്ങൾ, ലെവൽ ക്രോസുകൾ തുടങ്ങി റെയിൽവേയുടെ എല്ലാ ആസ്തികളുമായി ബന്ധപ്പെട്ടും പരിശോധന നടക്കും.

നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെയും പൂർത്തിയായ പ്രവൃത്തികളുടെയും വിലയിരുത്തലും ഏറ്റെടുക്കേണ്ട പ്രവൃത്തികൾ സംബന്ധിച്ച ചർച്ചകളും നടക്കുംഉച്ച ഭക്ഷണ ശേഷം മംഗളൂരുവിൽ നിന്നു തിരിക്കുന്ന ജനറൽ മാനേജരുടെ പ്രത്യേക സലൂൺ 6.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. വർഷങ്ങളായി ഉന്നയിക്കുന്ന ഒട്ടേറെ ആവശ്യങ്ങളിൽ പലതും പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തിൽ ജനറൽ മാനേജർ എത്തുന്നത് യാത്രക്കാർ പ്രതീക്ഷയോടെയാണ് കാണുന്നത്.
പ്രധാന ആവശ്യങ്ങളിൽ ചിലത്
∙ കണ്ണൂരിനും കാസർകോടിനും ഇടയിൽ കൂടുതൽ ട്രെയിനുകൾ
∙ മംഗളൂരുവിലേക്ക് മെമു സർവീസ് തുടങ്ങണം.
∙ കോവിഡിനു മുൻപ് ഓടിയിരുന്ന കോഴിക്കോട് – കണ്ണൂർ പാസഞ്ചർ, കണ്ണൂർ – ചെറുവത്തൂർ പാസഞ്ചർ, കണ്ണൂർ – ഷൊർണൂർ പാസഞ്ചർ, മംഗളൂരു–കോഴിക്കോട് പാസഞ്ചർ, ചെറുവത്തൂർ– മംഗളൂരു പാസഞ്ചർ എന്നിവ വീണ്ടും ഓടിക്കണം.
∙ ധർമടം, ചിറയ്ക്കൽ, ചന്തേര, കളനാട് എന്നീ ഹാൾട്ട് സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണം.
∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോം നിർമാണം തുടങ്ങണം
∙ റെയിൽവേ സ്റ്റേഷനും പരിസരത്തും പാർക്കിങ് ഭാഗത്തും സിസി ടിവി ക്യാമറകൾ
∙ കണ്ണൂർ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ കൂടുതൽ പാർക്കിങ് സൗകര്യം
∙ പാർക്കിങ് സ്ഥലങ്ങളിൽ മേൽക്കൂര, സിസി ടിവി ക്യാമറകൾ
∙ വാഹനങ്ങൾക്ക് 15 മിനിറ്റ് സൗജന്യ പാർക്കിങ്.
∙ കോച്ച് പൊസിഷൻ അറിയാൻ എല്ലാ പ്ലാറ്റ്ഫോമിലും ഡിസ്‌പ്ലേ ബോർഡുകൾ.
∙ പുറപ്പെടാനൊരുങ്ങുന്ന ട്രെയിനുകളിലേക്ക് ഉടൻ ടിക്കറ്റ് നൽകാൻ എമർജൻസി ടിക്കറ്റ് കൗണ്ടർ
∙ യശ്വന്ത്പുര – മംഗളൂരു ഗോമടേശ്വര എക്സ്പ്രസ്, ലോകമാന്യതിലക് –മംഗളൂരു മത്സ്യഗന്ധ എക്സ്പ്രസ് എന്നിവ കണ്ണൂരിലേക്കു നീട്ടണം.
∙ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ്, തിരുവനന്തപുരം –കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഇവ മംഗളൂരുവിലേക്കു നീട്ടണം
∙ മെമു കാർഷെഡ് അനുവദിക്കണം.
∙ കണ്ണൂരിലോ സമീപത്തോ പിറ്റ്‌ലൈൻ സ്ഥാപിക്കണം.
∙ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷനെ ട്രയാങ്കുലർ സ്‌റ്റേഷനാക്കി മാറ്റി മലബാറിൽ നിന്നുള്ളവർക്ക് കണക്‌ഷൻ ട്രെയിൻ ലഭിക്കാൻ സൗകര്യം ഒരുക്കണം.
∙ ട്രാക്കിന്റെ വേഗം 110 ആയി ഉയർത്തിയ സാഹചര്യത്തിൽ കവർഅപ് ടൈം കുറച്ച് ട്രെയിനുകൾക്ക് വേഗം കൂട്ടണം.
∙ അബ‌്സൊല്യൂട്ട‌് ബ്ലോക്ക‌് സിസ‌്റ്റം (എബിഎസ‌്) മാറ്റി ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണം.
∙ കണ്ണൂരിലെ റെയിൽവേ അടിപ്പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം.
∙ തലശ്ശേരിയിൽ ഉൾപ്പെടെ കാടുകയറിക്കിടക്കുന്ന റെയിൽവേ ഭൂമി വിനിയോഗിച്ച് യാത്രക്കാർക്ക് സൗകര്യങ്ങളൊരുക്കണം.