ADVERTISEMENT

ചെറുപുഴ∙ റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ തേക്ക് റോഡരികിൽ കിടന്നു നശിക്കുന്നു. പയ്യന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന റോഡായ മഞ്ഞക്കാട്- തിരുമേനി- മുതുവം റോഡ് വികസനത്തിന്റെ ഭാഗമായി പ്രാപ്പൊയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തു നിന്നു മുറിച്ചു മാറ്റിയ മരമാണു മഴയും വെയിലുമേറ്റു നശിക്കുന്നത്. എന്നാൽ റോഡ് കാര്യമായി വീതി കൂട്ടിയതുമില്ല. റോഡരികിൽ നിന്നു മുറിച്ചു മാറ്റിയ മരം കഷ്ണങ്ങളാക്കി റോഡരികിൽ തന്നെ കൂട്ടിയിടുകയായിരുന്നു. തടിയുടെ വില നിശ്ചയിച്ചു ലേലം ചെയ്തു നൽകാനുള്ള നടപടിയൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.

ഇതാണു മുറിച്ചിട്ട മരങ്ങൾ ചിതലെടുത്തു നശിക്കാൻ കാരണമായത്. ചെറുപുഴ മുതൽ കുണ്ടംതടം വരെയുള്ള ഭാഗത്തെ മരങ്ങളാണു വ്യാപകമായി മുറിച്ചു മാറ്റിയത്. കാക്കയംചാലിനു സമീപം റോഡരികിൽ കൂട്ടിയിട്ട മരത്തടികൾ പൂർണമായും നശിച്ച നിലയിലാണ്. ഇതിൽ തേക്ക് ഉൾപ്പെടെയുള്ള വില കൂടിയ മരങ്ങളുണ്ട്. ചെറുപുഴ ടൗണിൽ നിന്നു മുറിച്ചു നീക്കിയ മരങ്ങൾ പോലും നീക്കം ചെയ്യാൻ അധികൃതർ തയാറായില്ല. ടാക്സി ഡ്രൈവർമാരും വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണു തടികൾ നീക്കം ചെയ്തത്.

അപകട ഭീഷണിയായി മാറിയ മരങ്ങൾ മുറിച്ചു നീക്കാതെ ചിലരെ സഹായിക്കുന്ന തരത്തിലാണു മരങ്ങൾ മുറിച്ചതെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു. ജോസ്ഗിരി- ചെറുപുഴ-പയ്യന്നൂർ, ചെറുപുഴ- പ്രാപ്പൊയിൽ- തിരുമേനി റോഡരികിൽ അപകട ഭീഷണിയായി ഒട്ടേറെ മരങ്ങൾ ഇപ്പോഴുമുണ്ട്. എന്നാൽ ഇവയൊന്നും മുറിച്ചു നീക്കാതെ യാതൊരു അപകട ഭീഷണിയുമില്ലാത്ത മരങ്ങൾ പോലും റോഡ് വികസനത്തിന്റെ പേരിൽ മുറിച്ചു നീക്കിയതായി ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com