ADVERTISEMENT

ഇരിട്ടി∙ ആറളം വന്യജീവി സങ്കേതത്തിൽ നിന്നു 20 കിലോമീറ്റർ പിന്നിട്ടെത്തിയ കാട്ടാന അത്തിത്തട്ട്, ഊവ്വാപ്പള്ളി ഗ്രാമങ്ങളെ 10 മണിക്കൂർ വിറപ്പിച്ചു. വനം വകുപ്പിന്റെ വാഹനം കാട്ടാന തകർത്തു. വാഹനത്തിൽ ഉണ്ടായിരുന്ന കൊട്ടിയൂർ റേഞ്ചറും സംഘവും അത്ഭുതകരമായാണു രക്ഷപ്പെട്ടത്. അത്തിത്തട്ട് റോഡിൽ കാവൽ ഉണ്ടായിരുന്ന ഇരിട്ടി എസ്ഐ ദിനേശൻ കൊതേരി ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെയും വനപാലകരെയും നാട്ടുകാരെയും കാട്ടാന ഓടിച്ചു. ഏറെ ശ്രമകരമായാണ് ഇന്നലെ വൈകിട്ടു 6.45 ഓടെ ആറളം പാലം വഴി ആനയെ തുരത്തിയത്. ഇരിട്ടി പട്ടണത്തിനു 2 കിലോമീറ്റർ അടുത്തു വരെ കാട്ടാന എത്തിയതിന്റെ ആശങ്കയിലാണു നഗരവാസികൾ.

രക്ഷപ്പെട്ടത് കൽപ്പണക്കുഴിയിൽ ചാടി

ആക്രമിക്കാൻ പാഞ്ഞടുത്ത ആനയിൽ നിന്നു കൽപ്പണക്കുഴിയിൽ ചാടിയാണു വനപാലക സംഘം രക്ഷപ്പെട്ടത്.  4 ഓടെ വീണ്ടും ഓടിക്കാൻ ശ്രമം തുടങ്ങി. ഇരിട്ടി – പേരാവൂർ കടത്തേണ്ടതിനാൽ വീണ്ടും ഗതാഗതം നിരോധിച്ചു. തുരത്തി മെയിൻ റോഡിനു സമീപം വരെ എത്തിയ ആന അപ്രതീക്ഷിതമായി തിരികെ ഓടിയാണ് അത്തിത്തട്ട് റോഡിൽ ക്യാംപ് ചെയ്തിരുന്ന റേഞ്ചർ സുധീർ നേരോത്തിന്റെ വാഹനം തകർത്തത്. ബോണറ്റിൽ 2 –ാമതും കുത്തിയ ആന പിന്നിൽ ജനങ്ങളും പൊലീസും വനപാലകരും ബഹളം വച്ചതോടെ പിൻവാങ്ങി. 

പായംമുക്ക് വഴി ആറളം പാലത്തിനു സമീപം എത്തിയ ആന 2 മണിക്കൂർ ഇവിടെയും തമ്പടിച്ച ശേഷം ആണു ഫാമിലേക്കു മടങ്ങി. അത്തിത്തട്ട് മേഖലയിൽ ആദ്യമായാണു കാട്ടാന എത്തുന്നതെന്നു പ്രദേശവാസികൾ പറഞ്ഞു. ആർആർടി ഡപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്ങൽവീട്ടിൽ, ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റർ കെ.ജിജിൽ, ഫോറസ്റ്റർമാരായ മനോഹരൻ കോട്ടാത്ത്, എം.രാജൻ, കെ.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ റേഞ്ചിലെയും ആർആർടിയിലെയും ആറളം വന്യജീവി സങ്കേതത്തിലെയും ആയി 50 അംഗ വനപാലക സംഘമാണു ആന തുരത്തൽ നടത്തിയത്. ഇരിട്ടി പൊലീസ് സുരക്ഷ ഒരുക്കി. ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത, കൗൺസിലർ എൻ.കെ.ഇന്ദുമതി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

കാട്ടാന വന്നത് മലയോര ഹൈവേയും ഇരിട്ടി പേരാവൂർ സംസ്ഥാന പാതയും കടന്ന്

ആറളം ഫാം വഴി പറമ്പത്തെക്കണ്ടിയിൽ ചൊവ്വാഴ്ച രാത്രി 11 നു കണ്ടെത്തിയ കാട്ടാനയാണ് ഇന്നലെ രാവിലെ 6 ഓടെ ഇരിട്ടി – പേരാവൂർ സംസ്ഥാന പാതയും മലയോര ഹൈവേയും ഉൾപ്പെടെ കടന്ന് അത്തിത്തട്ടിൽ എത്തിയത്. പ്രദേശത്തെ അമ്പിളി എന്ന വീട്ടമ്മയാണു മുറ്റത്തു കാട്ടാനയെ കണ്ടത്. രക്ഷപ്പെട്ട ഇവർ വിവരം കൈമാറിയതോടെ നാട്ടുകാർ ജാഗരൂകരായി. പരസ്പരം വിവരം കൈമാറി മുന്നറിയിപ്പ് നൽകി. 

ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ്കുമാറിന്റെയും കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്തിന്റെയും നേതൃത്വത്തിൽ വനപാലകരും ദ്രുതകർമ സേനയും ഇരിട്ടി ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തു എത്തി. 9 മണിയോടെ അത്തിത്തട്ടിലെ കൃഷിയിടത്തിൽ കാട്ടാനയെ കണ്ടു. 10.30 ഓടെ ഇരിട്ടി – പേരാവൂർ റോഡ് ബ്ലോക്ക് ചെയ്ത ശേഷം ആനയെ തുരത്താനുള്ള പരിശ്രമം തുടങ്ങി. കുറച്ചു ദൂരം ഓടിക്കാൻ കഴിഞ്ഞെങ്കിലും 3 തവണ വനപാലകർക്കു നേരെ തിരിഞ്ഞതോടെ ശ്രമം തൽക്കാലത്തേക്കു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com