കൂത്തുപറമ്പ് ∙ സ്കൂട്ടറിനുള്ളിൽ കയറി ഒരു ദിവസത്തിലധികം കഴിഞ്ഞ പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം നിർത്തിയിട്ട പഴയ നിരത്തിലെ പി.ജയചന്ദ്രന്റെ സ്കൂട്ടറിലാണ് കഴിഞ്ഞ ദിവസം രാവിലെ പാമ്പ് കയറിയത്. എന്നാൽ ഇത് ജയചന്ദ്രൻ അറിഞ്ഞിരുന്നില്ല. ഉച്ചയ്ക്ക് സ്കൂട്ടർ എടുക്കാൻ എത്തിയപ്പോൾ പാമ്പ് കയറിയിട്ടുണ്ട് എന്ന് ആരോ പേപ്പറിൽ എഴുതി സ്കൂട്ടറിന്റെ സീറ്റിൽ പതിച്ചിരുന്നു. ഏറെ നേരം പല രീതിയിലും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് ജയചന്ദ്രൻ സ്കൂട്ടർ ഓടിച്ച് വീട്ടിലേക്ക് പോയി.
പിറ്റേദിവസം വീണ്ടും കൂത്തുപറമ്പിൽ എത്തിയ ജയചന്ദ്രൻ സ്കൂട്ടർ കഴിഞ്ഞ ദിവസം നിർത്തിയിട്ട അതെ സ്ഥലത്ത് തന്നെ നിർത്തിയിട്ടു. രാത്രി വീട്ടിലേക്ക് പോകാൻ എത്തിയപ്പോൾ സ്കൂട്ടറിനുള്ളിൽ എൻജിനിൽ പാമ്പിനെ കാണുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ട് പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു.