ADVERTISEMENT

കണ്ണൂർ∙ ജീവിച്ചിരിക്കുമ്പോഴാണ് ആളുകളെ വിലയിരുത്തേണ്ടതെന്നും മരിച്ചതിനു ശേഷം വാഴ്ത്തുന്നതു കാപട്യമാണെന്നും എം.കെ.രാഘവൻ എംപി. ഡിസിസി നടത്തിയ പി.ടി.തോമസ് എംഎൽഎ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ജീവച്ചിരിക്കുമ്പോൾ നമ്മൾ പലരെ പറ്റിയും പഠിക്കാറില്ല. മരിച്ചാൽ, വാനോളം പുകഴ്ത്തുകയും ചെയ്യും. പി.ടി. തോമസ് ജീവിച്ചിരുന്നപ്പോൾ മനസിലാക്കേണ്ടവർ മനസ്സിലാക്കിയില്ല. പക്ഷേ, ജനങ്ങൾ അദ്ദേഹത്തെ മനസ്സിലാക്കി. അദ്ദേഹത്തെ പോലെ ആഴ്ചകളോളം മറ്റൊരു നേതാവും അടുത്തൊന്നും അനുസ്മരിക്കപ്പെട്ടിട്ടില്ല. എല്ലാ കാര്യങ്ങളിലും പി.ടി.തോമസിനു വ്യക്തവും കൃത്യവുമായ അഭിപ്രായമുണ്ടായിരുന്നു.

അത് ഏതു നേതാവിന്റെ മുഖത്തു നോക്കിയും പറയാൻ അദ്ദേഹത്തിനു ചങ്കൂറ്റമുണ്ടായിരുന്നു. ഇത്രമാത്രം ഗൃഹപാഠം ചെയ്ത് നിയമസഭയിലെത്തുന്ന മറ്റൊരു നേതാവില്ല. അദ്ദേഹം യുഡിഎഫ് സർക്കാരിനു വേണ്ടി തയാറാക്കിയ സാംസ്കാരിക നയം ഇപ്പോഴും അലമാരയിൽ പൊടിപിടിച്ചു കിടക്കുകയാണ്.’ എം.കെ.രാഘവൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി, വി.എ.നാരായണൻ, മേയർ ടി.ഒ.മോഹനൻ, സജീവ് മാറോളി, പി.ടി.മാത്യു, എൻ.പി.ശ്രീധരൻ, പ്രഫ.എ.ഡി.മുസ്തഫ, വി.വി.പുരുഷോത്തമൻ, ഡിസിസി ജനറൽ സെക്രട്ടറി കെ.സി.മുഹമ്മദ് ഫൈസൽ ,എം.പി.വേലായുധൻ എന്നിവർ പ്രസംഗിച്ചു.

‘കൊലപാതകത്തെ ന്യായീകരിച്ചതിന് സുധാകരനെതിരെ കേസെടുക്കണം’

കണ്ണൂർ∙ കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത പദ്ധതിയാണ് കോൺഗ്രസ് നേതൃത്വം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. ഇതിന്റെ റിഹേഴ്സലാണ് ഇടുക്കി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം. അക്രമ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ നടത്തിയ ജില്ലാതല ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ. ധീരജിന്റെ കൊലപാതകത്തെയും കുറ്റവാളികളെയും ന്യായീകരിച്ചതിനു കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുക്കണം. കേരളത്തിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ഈ വികസനങ്ങളെല്ലാം സാധ്യമായാൽ കോൺഗ്രസിന്റെ ഓഫിസ് പൂട്ടും.

അക്രമ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്ഐ കണ്ണൂരിൽ നടത്തിയ ജില്ലാതല ജനകീയ കൂട്ടായ്മ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കോൺഗ്രസിൽ പലരും വഴിയാധാരമാകും. ഇതിനു തടയിടാൻ നാട്ടിൽ അരാജകത്വം ഉണ്ടാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. എങ്ങനെ സ്വത്തുക്കൾ കൂട്ടാമെന്നും സുഖലോലുപതയിൽ ജീവിക്കാമെന്നും ചിന്തിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വത്തിലുള്ളത്. എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും നിഷ്ക്രിയരാണ്. യുഡിഎഫ് കൺവീനർ എം.എം.ഹസൻ കോൺഗ്രസ് നേതൃത്വത്തെ ഭയന്ന് കഴിയുകയാണ്. കോൺഗ്രസുകാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന ക്രിമിനൽ നേതൃത്വമാണു സംസ്ഥാന കോൺഗ്രസിനുള്ളതെന്നും ജയരാജൻ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസി‍ഡന്റ് മനു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ഷാജർ, പി.പി.ഷാജിർ, സരിൻ ശശി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com