ADVERTISEMENT

ഇരിട്ടി∙ മാക്കൂട്ടത്ത് കേരള ഭൂമിയിൽ ഉൾപ്പെടെ 3 കടകളിൽ കർണാടക വനം വകുപ്പിന്റെ നോട്ടിസ് പതിപ്പിച്ചു. മാക്കൂട്ടം കോവിഡ് ചെക്ക് പോസ്റ്റിനു സമീപം പായം പഞ്ചായത്തിന്റെ കെട്ടിട നമ്പറിൽ പ്രവർത്തിക്കുന്ന സജീറിന്റെ കടയുടെയും ബേട്ടോളി പഞ്ചായത്തിൽ മാക്കൂട്ടം പൊലീസ് ചെക്ക് പോസ്റ്റിനു സമീപം പ്രവർത്തിക്കുന്ന വിജേഷ്, ബാബു എന്നിവരുടെ കടകളുടെയും ചുമരുകളിൽ ആണ് മാക്കൂട്ടം ബ്രഹ്മഗിരി വന്യ ജീവി സങ്കേതം റേഞ്ചർ കുടിയൊഴിപ്പിക്കലിന് മുന്നോടിയായുള്ള  നോട്ടിസ് പതിപ്പിച്ചത്. കടകൾ പ്രവർത്തിക്കുന്നതിനു നേരത്തെ ലഭിച്ചിട്ടുള്ള അനുമതി രേഖകൾ 7 ദിവസത്തിനകം ഹാജരാക്കണമെന്നാണ് നോട്ടിസ്. 

മാക്കൂട്ടം കോവിഡ് ചെക്ക് പോസ്റ്റിനു സമീപം കേരള ഭൂമിയിൽ പ്രവർത്തിക്കുന്ന സജീറിന്റെ കടയുടെ ചുമരിൽ  മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം റേഞ്ചർ പതിപ്പിച്ച നോട്ടിസ്
മാക്കൂട്ടം കോവിഡ് ചെക്ക് പോസ്റ്റിനു സമീപം കേരള ഭൂമിയിൽ പ്രവർത്തിക്കുന്ന സജീറിന്റെ കടയുടെ ചുമരിൽ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം റേഞ്ചർ പതിപ്പിച്ച നോട്ടിസ്

ഇതിൽ സജീറിന്റെ ഒഴികെയുള്ള കടകൾ കർണാടക ഭൂമിയിൽ ആണെങ്കിലും ഇവ നടത്തുന്നതു മലയാളികൾ ആണ്. അര നൂറ്റാണ്ടായി പ്രവർത്തിക്കുന്ന കടകളാണിത്.ഈ 3 കടകൾക്കും ബേട്ടോളി പഞ്ചായത്ത് അധികൃതർ നൽകിയ സമാന നോട്ടിസ് ഇവർ കൈപ്പറ്റിയിരുന്നില്ല. തുടർന്നാണു കഴിഞ്ഞ ദിവസം വനപാലകർ ഇവരുടെ സ്ഥാപനങ്ങളിൽ കടന്നു ചുമരിൽ നോട്ടിസ് പതിപ്പിച്ചിരിക്കുന്നത്.    മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണു കടകൾ പ്രവർത്തിക്കുന്നതെന്നാണ് നോട്ടിസിലെ ആക്ഷേപം.   

സജീർ പായം പഞ്ചായത്തിലും കലക്ടറേറ്റിലും പരാതി നൽകി.സമാനമായ നടപടി മുൻപും കർണാടകയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. 2 മാസം മുൻപ് സജീറിന്റെ കടയ്ക്കും സമീപത്തെ 5 വീടുകൾക്കും ബേട്ടോളി പഞ്ചായത്ത് കുടിയൊഴിപ്പിക്കൽ നോട്ടിസ് നൽകിയിരുന്നത്.    തങ്ങളുടെ ഭൂമിയാണെന്നും ഉടൻ ഒഴിഞ്ഞു പോകണമെന്നും ആയിരുന്നു ആവശ്യം.   പിന്നീട് പഞ്ചായത്ത് ഇടപെട്ടപ്പോൾ സംയുക്ത സർവേ നടത്തി ശാശ്വത പരിഹാരം ഉണ്ടാക്കുന്നതു വരെ ഇത്തരം നീക്കങ്ങൾ ഉണ്ടാവില്ലെന്നു തീരുമാനവും എടുത്തിരുന്നു.  കർണാടക അധികൃതർ ഈ സമവായ ധാരണയും തള്ളിയാണു ഇപ്പോൾ വീണ്ടും ഒഴിപ്പിക്കൽ ശ്രമങ്ങൾ ശക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com