ADVERTISEMENT

കണ്ണൂർ∙ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം.  വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നതു തടയാനും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാനും പൊലീസ് പരിശോധനയ്ക്ക് പുറമെ ഡപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കാൻ കലക്ടർ എസ്.ചന്ദ്രശേഖർ ഉത്തരവിട്ടു.

വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പൊതു ഇടങ്ങളിലും അനുവദനീയമായതിലും കൂടുതൽ ആളുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ സ്‌ക്വാഡുകളുടെ ചുമതല. കോവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ നിയമാനുസൃത നടപടികൾ കൈക്കൊള്ളാനും അത് അതത് ദിവസം ജില്ലാ കലക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്.

ജില്ലയിലെ കോവിഡ് കൺട്രോൾ റൂമുകളുടെ പ്രവർത്തനവും ശക്തിപ്പെടുത്തി. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റീനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ജില്ലാ കോൾ സെന്ററുകളുമായി ബന്ധപ്പെടാം.‍ ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികൾ, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും.

ആർടിപിസിആർ പരിശോധനാഫലം വൈകുന്നു

കോവിഡ് പരിശോധനകളുടെ എണ്ണം ഉയർന്നതോടെ പരിശോധനാ ഫലങ്ങൾ വൈകുന്നതായി പരാതി. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ആർടിപിസിആർ ഫലം കിട്ടാൻ ദിവസങ്ങൾ കാത്തിരിക്കുന്നത് പോസിറ്റീവ് ആയവർക്കും നെഗറ്റീവ് ആകുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിശോധനയ്ക്ക് സാംപിൾ നൽകിയാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റീനിൽ തുടരണം. നെഗറ്റീവാണെങ്കിലും ഫലം ലഭിക്കാൻ വൈകുന്നതിനാൽ ക്വാറന്റീനിൽ തുടരേണ്ടിവരുന്നത് ആളുകൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

അതുപോലെ പോസിറ്റീവ് ആകുന്നവരും ഫലം ലഭിക്കാത്തതിനാൽ പുറത്തിറങ്ങി നടക്കുന്ന സാഹചര്യവുമുണ്ട്. ജില്ലയിൽ നിലവിൽ പരിയാരം മെഡിക്കൽ കോളജിലും മലബാർ കാൻസർ സെന്ററിലും റീജനൽ പബ്ലിക് ഹെൽത്ത് ലാബിലും ആണ് വിവിധ സർക്കാർ ആശുപത്രികളിൽ നിന്നെടുക്കുന്ന സാംപിളുകൾ പരിശോധിക്കുന്നത്. ആരോഗ്യപ്രവർത്തകരുടെ കുറവും ഇവർ പോസിറ്റീവാകുന്നതും ഫലം വൈകാൻ കാരണമാകുന്നുണ്ട്.

ഫലം അപ്‌ലോ‍ഡ് ചെയ്യുന്ന വെബ്സൈറ്റിലെ തകരാറും ഫലം ലഭിക്കുന്നതു വൈകാൻ ഇടയാക്കുന്നു. ഇതുമൂലം അത്യാവശ്യക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടാനും കാലതാമസം നേരിടുന്നുണ്ട്. മുൻപ് മൊബൈൽ ആർടിപിസിആർ പരിശോധന നടത്തിയിരുന്നപ്പോൾ ടെൻഡർ വഴി സ്വകാര്യ സ്ഥാപനത്തെ പരിശോധന ഏൽപിച്ചിരുന്നു. ഈ കരാർ അവസാനിച്ചെങ്കിലും പുതുക്കിയില്ല.

അതേസമയം മെഡിക്കൽ ഷോപ്പുകൾക്ക് കോവിഡ് കിറ്റ് വിൽപനയിൽ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും കിറ്റുകൾ ഇപ്പോഴും ലഭ്യമാണ്. കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തി പോസിറ്റീവ് ആകുകയാണെങ്കിൽ സർക്കാർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ എല്ലാവരും കൃത്യമായി ഇത് അപ്‌ലോഡ് ചെയ്യാറില്ല.

പരിയാരം മെഡിക്കൽ കോളജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

പരിയാരം∙ കോവിഡ് മൂന്നാം തരംഗ വ്യാപന സാഹചര്യത്തിൽ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം. നാളെ മുതൽ ഒപി സമയം രാവിലെ 8 മുതൽ 11 വരെ ആയിരിക്കും. പ്രത്യേക ഫീവർ ക്ലിനിക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്നതിനാൽ പനി ലക്ഷണമുള്ളവർ ഈ ക്ലിനിക്കിൽ ചികിത്സ തേടണം. മെഡിക്കൽ കോളജിലും ആശുപത്രിയിലും എത്തുന്നവർ കോവിഡ് വ്യാപനം തടയുന്നതിന് കോവിഡ് പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

സി കാറ്റഗറിയിൽ വരുന്ന അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് ബാധിതരാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് എന്നതിനാൽ കോവിഡ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചു. കോവിഡ് ഇതര വിഭാഗത്തിലെ അടിയന്തരമല്ലാത്ത സർജറികൾ തൽക്കാലത്തേക്ക് മാറ്റിവയ്ക്കേണ്ടിവരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും പ്രിൻസിപ്പൽ ഡോ. കെ.അജയകുമാറും സൂപ്രണ്ട് ഡോ.കെ.സുദീപും പറഞ്ഞു.

അതേസമയം ജില്ലയിലെ വിവിധ ആശുപത്രികളിൽ ഇന്നലെ 2916 പേർ ആകെ അഡ്മിറ്റ് ആയപ്പോൾ അതിൽ 331 പേർ കോവിഡ് പോസിറ്റീവ്. 11.3 ശതമാനം. ജനുവരി 1 മുതലുള്ള പോസിറ്റീവ് കേസുകളിൽ 47.1 ശതമാനം വർധനയുണ്ടായി. ശനിയാഴ്ചത്തെ ഐസിയു കേസുകൾ 76. ഐസിയു കേസുകളിൽ 61.7 ശതമാനം വർധന.

സെൻട്രൽ ജയിലിലും കോവിഡ് 

കണ്ണൂർ∙ സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം. 16 തടവുകാർക്കും 4 ജീവനക്കാർക്കും ഇന്നലെ കോവിഡ് പോസിറ്റീവ് ആയി. കോവിഡ് പോസിറ്റീവ് തടവുകാരെ 4–ാം ബ്ലോക്കിൽ പ്രത്യേകമായി പാർപ്പിച്ചിരിക്കുകയാണ്. 812 അന്തേവാസികളും 197 ജീവനക്കാരുമാണ് സെൻട്രൽ ജയിലിലുള്ളത്. പല ജയിലുകളിൽ നിന്നുള്ള റിമാൻ‌ഡ് പ്രതികളയും മറ്റും സെൻട്രൽ ജയിലിലേക്ക് മാറ്റാറുണ്ട്. ഇങ്ങനെ എത്തുന്നവരാണ് പലപ്പോഴും രോഗ വാഹകരാകുന്നതെന്ന് ജയിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കാസർകോട്, കോഴിക്കോട് ജില്ലകളിലെ ജയിലുകളിൽ നിന്ന് ഇത്തരത്തിൽ പ്രതികളെ കൊണ്ടു വന്നിട്ടുണ്ട്. കാസർകോട് ജയിലിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തടവുകാരെ അവിടെ പാർപ്പിക്കാൻ കഴിയാത്തതിനാൽ അവരെ കണ്ണൂർ സെൻട്രൽ ജയിലേക്കാണു മാറ്റുന്നത്. ജയിലിലെ സ്ഥിതി വിവരങ്ങൾ ഡിഐജിയെ അറിയിച്ചിട്ടുള്ളതായി സൂപ്രണ്ട് റോമിയോ ജോൺ പറ‍ഞ്ഞു.

1673 പേർ പോസിറ്റീവ്

കണ്ണൂർ∙ ജില്ലയിൽ 1673 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1470 പേർ രോഗമുക്തി നേടി. ചികിത്സ തേടുന്നവരുടെ എണ്ണം 11234 ആയി ഉയർന്നു. 4443 പരിശോധനകളാണ് ഇന്നലെ നടത്തിയത്. 36.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  308741 പേർ ജില്ലയിൽ കോവിഡ് പോസിറ്റീവ് ആയി. 3744 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com