പയ്യന്നൂർ ∙ നീലേശ്വരം നാരായണ മാരാർ അരങ്ങൊഴിഞ്ഞപ്പോൾ ഉത്തര കേരളത്തിനു നഷ്ടമായതു മികവിന്റെ പര്യായ വാദ്യകലാ പ്രതിഭയെ. പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ ആജീവനാന്ത അധ്യക്ഷനായിരുന്നു നീലേശ്വരം ആശാൻ എന്ന പേരിൽ പ്രസിദ്ധി നേടിയ നാരായണ മാരാർ. മദ്ദള വാദനത്തിൽ നാരായണ മാരാർക്കു പകരക്കാരനില്ല. അര നൂറ്റാണ്ടിലധികമായി പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിൽ കൊട്ടിപ്പാടിസേവ നടത്താൻ മാരാർ എത്താറുണ്ട്.
ഉത്സവം തുടങ്ങുന്ന വൃശ്ചിക സംക്രമത്തിനു മദ്ദളവുമായി ക്ഷേത്ര മുറ്റത്തെത്തുന്ന നാരായണ മാരാർ വൃശ്ചികം 14ന് പാതിരാത്രി ഉത്സവം അകത്തേക്കെഴുന്നള്ളിച്ചാൽ മാത്രമേ തിരിച്ചു പോകാറുണ്ടായിരുന്നുള്ളു. ഉത്സവത്തിലെ തായമ്പക വേദിയിൽ ഇരട്ട മദ്ദളം കേളി ഒരുക്കുമ്പോൾ അതിൽ പ്രധാനി നാരായണ മാരാരാണ്. ഇത്തവണത്തെ ഉത്സവത്തിൽ സമാപന ദിവസം നവംബർ 30ന് കോട്ടയ്ക്കൽ രമേശ് മാരാരുമൊത്താണ് ഇരട്ട മദ്ദളം കേളി അവതരിപ്പിച്ചത്. ഒരു മണിക്കൂറിലധികം സദസ്സിനെ വിസ്മയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച കേളി ആസ്വാദക മനസ്സിൽ മായാതെയുണ്ട്.
എല്ലാ ദിവസവും വിവിധ വാദ്യങ്ങൾക്കൊപ്പം നീലേശ്വരം ആശാൻ ഉത്സവത്തിലുണ്ടാകാറുണ്ട്. കൊട്ടിയൂർ ക്ഷേത്രം ഉൾപ്പെടെ വടക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ക്ഷേത്ര വാദ്യങ്ങളിൽ നാരായണ മാരാർ പ്രധാനിയായിരുന്നു. കേരളത്തിനകത്തും പുറത്തും കലാവൈഭവം കൊണ്ട് വേദികൾ കീഴടക്കി ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ലാളിത്യം, സൗമ്യത എന്നിവ മുഖമുദ്രയാക്കിയ അദ്ദേഹത്തിന് വലിയ ശിഷ്യ സമ്പത്തുമുണ്ട്. അതിന്റെ അംഗീകാരമായി കലാലോകം വീരശൃംഖല നൽകി ആദരിച്ചിരുന്നു.
വാദ്യ കുലപതിയുടെ ഓർമയിൽ നാട്
നീലേശ്വരം ∙ വാദ്യപ്പെരുമയും വിനയ മഹിമയും കൊണ്ടു വാദ്യാസ്വാദകരുടെ മനസിലിടം നേടിയ ഉത്തര കേരളത്തിലെ വാദ്യ കുലപതിയായിരുന്നു അന്തരിച്ച നീലേശ്വരം നാരായണ മാരാർ(67). എല്ലാ വാദ്യങ്ങളും അനായാസം വഴങ്ങുന്ന കൊട്ടറിവാണു നാരായണ മാരാരെ വ്യത്യസ്തനാക്കിയത്. പിതാവ് കിഴക്കേവീട്ടിൽ ശങ്കര മാരാരിൽ നിന്നാണ് ഇദ്ദേഹം ചെണ്ടയും പാണിയും അഭ്യസിച്ചത്. ഉദിനൂർ കൃഷ്ണമാരാരിൽ നിന്നു മദ്ദളവാദന പഠനവും മദ്ദളവാദ്യകലാനിധി സദനം രാമചന്ദ്ര മാരാരിൽ നിന്ന് ഉപരിപഠനവും നടത്തി.
ആദ്യകാലങ്ങളിൽ തായമ്പകയിൽ സജീവമായിരുന്നു. അനുഷ്ഠാന വാദ്യമായ പാണിയിൽ പോലും അനായാസ വാദന വൈദഗ്ധ്യമായിരുന്നു. പിന്നീട് മദ്ദളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ആദ്യം മട്ടന്നൂർ പഞ്ചവാദ്യസംഘത്തിൽ കൊട്ടി. പിന്നീടു പയ്യന്നൂർ പഞ്ചവാദ്യസംഘം രൂപീകരിച്ചു. സംഘം പ്രസിഡന്റ് ആയിരുന്നു. വാദ്യകലാസ്വാദകർ മദ്ദളകേസരിയെന്നാണു വിശേഷിപ്പിച്ചിരുന്നത്. തളിപ്പറമ്പ് കഥകളി സംഘത്തിലും പ്രവർത്തിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കൊപ്പം ഇസ്രയേലിലും ഫ്രാൻസിലും മേളം അവതരിപ്പിച്ചു.
കോഴിക്കോട്, കണ്ണൂർ ആകാശവാണിയിയിൽ കേളികൊട്ട് നടത്തി.പയ്യന്നൂരമ്പലത്തിലെ ഉത്സവ മേളത്തിലും ശ്രദ്ധേയ സാന്നിധ്യമായി. 1989ൽ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നു മാരാർ പദവി നേടി ഇദ്ദേഹം അംഗീകാരങ്ങളുടെ ജൈത്രയാത്ര തുടങ്ങി. തിടമ്പു നൃത്തത്തിന് അകമ്പടിയേകിയ മേളപ്പെരുമയ്ക്ക് 1990ൽ കലാമണ്ഡലം പ്രശസ്തി പത്രം സമ്മാനിച്ചു. 1996ൽ പുതുക്കൈ സദാശിവ ക്ഷേത്രവും 2006ൽ നീലേശ്വരം തളിയിൽ ക്ഷേത്രം, കാഞ്ഞങ്ങാട് ബല്ലത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും പട്ടും വളയും സമ്മാനിച്ചു.
2013ൽ നീലേശ്വരം റോട്ടറി ക്ലബ് വൊക്കേഷണൽ എക്സലൻസ് അവാർഡ് നൽകി. 2014ൽ നീലേശ്വരം പൗരാവലിയും സോപാനം സാംസ്കാരിക വേദിയും വീരശൃംഖല സമ്മാനിച്ച് ആദരിച്ചു. നീലേശ്വരം രാജവംശത്തെ പ്രതിനിധീകരിച്ചു കെ.സി.മാനവർമ രാജയാണു വീരശൃംഖല സമ്മാനിച്ചത്. 2017- 18 വർഷങ്ങളിൽ അഖിലകേരള മാരാർ ക്ഷേമസഭയുടെ കലാചാര്യ, സോപാനരത്നം പുരസ്കാരങ്ങളും നേടി. കലാമണ്ഡലം ഗുരുദക്ഷിണ പുരസ്കാരവും കേരള ക്ഷേത്രകലാ അക്കാദമി വാദ്യശ്രീ പുരസ്കാരവും സമ്മാനിച്ചു.
1987 മുതൽ നീലേശ്വരം മന്നൻപുറത്തുകാവിലെ വാദ്യ അടിയന്തരക്കാരനായി. ഇവിടെ തന്നെയായിരുന്നു വാദ്യ അരങ്ങേറ്റവും. മരണത്തിനു മണിക്കൂറുകൾ മുൻപു വരെ കുലത്തൊഴിലിൽ സജീവമായിരുന്നു അദ്ദേഹം. മകരപ്പാട്ട് ഉത്സവ സമാപന തലേന്നു വെള്ളിയാഴ്ച രാത്രി മന്നൻപുറത്തുകാവിൽ വാദ്യം കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു കിടന്നതായിരുന്നു. ചെണ്ട, മദ്ദളം, പാണി എന്നിവയിൽ വിപുലമായ ശിഷ്യസമ്പത്തിനുടമയാണ്.
അനുശോചിച്ചു
നീലേശ്വരം ∙ മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ഐഎൻടിയുസി അംഗവും പ്രമുഖ വാദ്യകലാകാരനുമായ നീലേശ്വരം നാരായണ മാരാരുടെ നിര്യാണത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ പള്ളയിൽവീട് അധ്യക്ഷത വഹിച്ചു. എം.രാജഗോപാലൻ നായർ, സജീവൻ കുട്ടമത്ത്, എ.വി.രാജു, കെ.എം.സനോജ്, മനുരാജ് എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം ∙ കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യശ്രീ പുരസ്കാര ജേതാവും ഉപസമിതി ചെയർമാനും ആയിരുന്ന നീലേശ്വരം നാരായണ മാരാരുടെ നിര്യാണത്തിൽ അക്കാദമി അനുശോചിച്ചു. അക്കാദമി പ്രവർത്തനങ്ങൾക്ക് എന്നും പ്രോത്സാഹനമേകിയിരുന്നതായും സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ, ജനറൽ സെക്രട്ടറി കക്കാട്ട് കെ.വി.രാജേഷ്, ട്രഷറർ കീഴൂട്ട് നന്ദനൻ, വൈസ് പ്രസിഡന്റ് മടിക്കൈ ഉണ്ണിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് മഡിയൻ രാധാകൃഷ്ണ മാരാർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പുണെ വാഗ്ദേവത മാസിക, പുണെ മാരാർ സമാജം, ഓൾ ഇന്ത്യാ മാരാർ സമാജം വാട്സാപ് കൂട്ടായ്മ എന്നിവരും അനുശോചിച്ചു.