ADVERTISEMENT

കണ്ണൂർ∙ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും ആകെയുള്ള സാധാരണ കിടക്ക, ഓക്സിജൻ കിടക്ക, ഐസിയു കിടക്ക, വെന്റിലേറ്റർ എന്നിവയുടെ 50% കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന് കലക്ടർ എസ്.ചന്ദ്രശേഖർ സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദേശം നൽകി. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗത്തിലെ തീരുമാനമനുസരിച്ചാണിത്. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതോടെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലാണു യോഗം ചേർന്നത്.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവരുന്ന ഡയാലിസിസ് രോഗികൾ കോവിഡ് പോസിറ്റിവ് ആയാൽ അവരെ ഡയാലിസിസ് ചെയ്യുന്നതിനായി അതത് ആശുപത്രികളിൽ തന്നെ പ്രത്യേകം സംവിധാനം ഒരുക്കണം. പോസിറ്റിവ് ആകുന്നവരുടെയും അഡ്മിഷൻ-ഡിസ്ചാർജ് ആകുന്നവരുടെയും വിവരങ്ങളും ആശുപത്രികളിലെ നോർമൽ ബെഡ്, ഓക്സിജൻ ബെഡ്, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ എന്നിവയുടെ കൃത്യമായ വിവരങ്ങളും യഥാസമയം കോവിഡ് ജാഗ്രത പോർട്ടലിൽ നൽകണം.സംസ്ഥാന ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന അഡ്മിഷൻ- ഡിസ്ചാർജ് മാർഗനിർദേശം എല്ലാ സ്വകാര്യ ആശുപത്രി അധികൃതരും കൃത്യമായി പാലിക്കുകയും ഇത് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഉറപ്പു വരുത്തുകയും ചെയ്യണം. 

മറ്റ് അനുബന്ധ രോഗങ്ങൾ ഇല്ലാത്ത എ കാറ്റഗറി രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രീതി ആശുപത്രി അധികൃതർ സ്വീകരിക്കരുതെന്നും നിർദേശമുണ്ട്. പരിയാരം ഗവ. മെഡിക്കൽ കോളജിൽ കാറ്റഗറി സി രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാൽ ജില്ലാ കൺട്രോൾ സെൽ വഴി മാത്രമേ സ്വകാര്യ ആശുപത്രികളിൽ നിന്ന് പരിയാരത്തേക്ക് രോഗികളെ റഫർ ചെയ്യാൻ പാടുള്ളൂ.

എല്ലാ സ്വകാര്യ ആശുപത്രികളും അതിതീവ്ര വ്യാപനം നേരിടാനുള്ള പ്ലാൻ തയാറാക്കി ജില്ലാ മെഡിക്കൽ ഓഫിസർക്ക് സമർപ്പിക്കണം. വീടുകളിൽ ഐസലേഷനിൽ കഴിയുന്ന രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വരുമ്പോൾ ജില്ലാ കൺട്രോൾ സെല്ലിൽ ബന്ധപ്പെട്ടു നടപടികൾ പൂർത്തിയാക്കണം. സ്വകാര്യ ആശുപത്രികളിൽ ചികിത്സ നടത്തിവരുന്ന ഗർഭിണികൾ കോവിഡ് പോസിറ്റിവ് ആയാൽ അവരുടെ പ്രസവം അടക്കമുള്ള കാര്യങ്ങൾക്കായി അതത് ആശുപത്രികളിൽ പ്രത്യേകം സംവിധാനം ഒരുക്കണമെന്നും കലക്ടറുടെ മാർഗനിർദേശത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com