ADVERTISEMENT

ഇരിട്ടി∙ താലൂക്ക് ആശുപത്രിയിൽ 3.19 കോടി രൂപ ചെലവിൽ ലക്ഷ്യ സ്റ്റാൻഡേർഡ്സ് സൗകര്യങ്ങളോടെ 14 മാസം മുൻപ് മന്ത്രി ഉദ്ഘാടനം ചെയ്ത മാതൃശിശു സംരക്ഷണ ബ്ലോക്ക് ഒടുവിൽ പ്രവർത്തനസജ്ജം ആകുന്നു. നാളെ മുതൽ കിടത്തി ചികിത്സ ആരംഭിക്കും. ആദ്യ ഘട്ടമായി 2 മാസം മുൻപ് ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടറെ അനുവദിച്ചതിനെ തുടർന്നു ഒപി ചികിത്സ തുടങ്ങിയിരുന്നു.

ജോലി ക്രമീകരണ വ്യവസ്ഥയിൽ 1 ഹെഡ് നഴ്സ്, 5 സ്റ്റാഫ് നഴ്സ്, 3 നഴ്സിങ് അസിസ്റ്റന്റ്, 1 ആശുപത്രി അറ്റൻഡർ ഗ്രേ‍ഡ് – 2 എന്നിവരെ കൂടി നിയമിച്ചാണു ഐപി തുടങ്ങുന്നത്.ഒടി ടേബിൾ, ഒടി ലൈറ്റ്, അനസ്തീസിയ വർക്ക് സ്റ്റേഷൻ എന്നിവ കൂടി ലഭ്യമാക്കാൻ 31 ലക്ഷം രൂപ നഗരസഭയിൽ നിന്ന് അനുവദിച്ചാണു സൗകര്യങ്ങൾ പൂർണമാക്കിയത്. ഇരിട്ടി നഗരസഭയുടെയും ആശുപത്രി എച്ച്എംസിയുടെയും താലൂക്ക് ആശുപത്രി അധികൃതരുടെയും നിരന്തര ശ്രമഫലമായി ആണു ഇപ്പോൾ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ അനുവദിച്ചു കിടത്തി ചികിത്സ തുടങ്ങാൻ തീരുമാനം ഉണ്ടായത്.

മാതൃ ശിശു സംരക്ഷണ ബ്ലോക്കിൽ 50 പേർക്കുള്ള കിടത്തി ചികിത്സ സൗകര്യം ആണുള്ളതെന്നു ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത, വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ.ബൾക്കീസ്, ടി.കെ.ഫസീല, ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ, കൗൺസിലർമാരായ വി.പി.അബ്ദുൽ റഷീദ്, കെ.നന്ദനൻ, കെ.പി.അജേഷ്, താലൂക്ക് ആശുപത്രി പിആർഒ വി.യു.മിനിമോൾ എന്നിവർ അറിയിച്ചു.

ആശുപത്രിയിലെ മറ്റു സേവനങ്ങൾ

∙ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഒഫ്താൽമോളജി, ദന്തചികിത്സ വിഭാഗങ്ങൾ
∙ ആരോഗ്യ ഇൻഷുറൻസ് സൗജന്യ ചികിത്സ, കുട്ടികൾക്കുള്ള സൗജന്യ ചികിത്സ
∙ ഡയാലിസിസ് സെന്റർ (32 രോഗികൾക്കായി 8019 ഡയാലിസിസ് നടത്തി)
∙ തിങ്കൾ മുതൽ ശനി വരെ ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്
∙ ബുധനാഴ്ച തോറും കുട്ടികൾക്കുള്ള കൗൺസലിങ് സെന്ററായ അനുയാത്ര
∙ മാസത്തിലെ രണ്ടാം ചൊവ്വാഴ്ച സൈക്യാട്രി ക്ലിനിക്

പറഞ്ഞത് രണ്ടാഴ്ച; കാത്തിരുന്നത് ഒരു വർഷത്തിലേറ‌െ

തിരഞ്ഞെടുപ്പിനു മുൻപ് കഴിഞ്ഞ വർഷം ഫെബ്രുവരി 22 നാണു അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ മാതൃശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ മാതൃശിശു സംരക്ഷണ വിഭാഗം 2 ആഴ്ചയ്ക്കകം പ്രവർത്തന സജ്ജമാകുമെന്നും 3 ഗൈനക്കോളജി ഡോക്ടർമാർ എത്തുമെന്നും ഉറപ്പു നൽകിയിരുന്നു. പ്രഖ്യാപനം പ്രാവർത്തികമാകാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.

ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാത്തതാണ് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. 2 മാസം മുൻപ് ഡോക്ടറെ നിയമിച്ചെങ്കിലും അനുബന്ധ ജീവനക്കാരെ നിയമിച്ചില്ല. താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സ സൗകര്യം ഇല്ലാത്തതിനാ‍ൽ ആറളം ഫാം പുനരധിവാസ മേഖലയിലെ അടക്കം പതിനായിരക്കണക്കിനു ആദിവാസി – ദുർബല വിഭാഗങ്ങളാണ് കടുത്ത ദുരിതം അനുഭവിച്ചിരുന്നു.

അത്യാഹിതവിഭാഗവും പുതിയ ബ്ലോക്കിൽ

ഇരിട്ടി താലൂക്ക് ആശുപത്രി പഴയ ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗവും നാളെ മുതൽ പുതിയ ബ്ലോക്കിലേക്ക് മാറും. 24 മണിക്കൂറും പ്രവർത്തിക്കും. 3 കാഷ്വൽറ്റി ഡോക്ടർമാരുടെ തസ്തികയാണ് താലൂക്ക് ആശുപത്രിയിൽ ഉള്ളത്.

ലക്ഷ്യ സ്റ്റാൻഡേഡ് സൗകര്യങ്ങൾ

താലൂക്ക് ആശുപത്രി പുതിയ ബ്ലോക്കിന്റെ ഒന്നാം നിലയായി 9,000 ചതുരശ്ര അടിയിലാണ് മാതൃ ശിശു സംരക്ഷണ ബ്ലോക്ക് പണിതത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ള ഹൈടെക് നിലവാരത്തിലുള്ള ലക്ഷ്യ സ്റ്റാൻഡേഡ് സൗകര്യങ്ങളുമായി പ്രസവ മുറി, 2 ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, നവജാത ശിശു തീവ്രപരിചരണ വിഭാഗം, വാർഡുകൾ എന്നിവയാണ് മാതൃശിശു സംരക്ഷണ ബ്ലോക്കിൽ ക്രമീകരിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com