ADVERTISEMENT

പരിയാരം ∙ കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ശമ്പളവിതരണം മുടങ്ങിയതോടെ പ്രതിസന്ധിയിലായി രണ്ടായിരത്തോളം ജീവനക്കാർ. ശമ്പളം കൃത്യസമയത്തു ലഭിക്കാത്തതിനാൽ ലോൺ തിരിച്ചടവുകളും മറ്റു മാസത്തവണകളും താളം തെറ്റിയതായി ജീവനക്കാർ പറയുന്നു. സർക്കാർ ഏറ്റെടുത്തതിനു ശേഷം ജീവനക്കാർക്കു പല മാസങ്ങളിലും കൃത്യസമയത്തു ശമ്പളം ലഭിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ജില്ലയിലെ മെഡിക്കൽ കോളജിലെ ജീവനക്കാർക്കു ശമ്പളം ലഭിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

ശമ്പളം മാത്രമല്ല, ആനുകൂല്യങ്ങളുമില്ല

ശമ്പളം വൈകുന്നതോടൊപ്പം ആനുകൂല്യങ്ങളും മുടങ്ങിയതാണു ജീവനക്കാരെ ഏറെ പ്രതിസന്ധിയിലാക്കുന്നത്. സർക്കാർ ഏറ്റെടുത്തതോടെ ക്ഷാമബത്ത, ശമ്പള വർധന, സ്ഥാനക്കയറ്റം എന്നിവ കഴിഞ്ഞ 4 വർഷമായി ലഭിക്കുന്നില്ല. ശമ്പള വിതരണത്തിലെ അനിശ്ചിതത്വവും അർഹതയുള്ള ആനുകൂല്യങ്ങൾ നൽകാത്തതും മൂലം സർക്കാർ ഏറ്റെടുക്കലിനു ശേഷം ഒട്ടേറെ ജീവനക്കാർ പരിയാരം മെഡിക്കൽ കോളജിൽ നിന്നു രാജിവച്ചു. നീണ്ട അവധിയിൽ പോയവരുമേറെ. ഡോക്ടർമാരും നഴ്സുമാരുമാണു മറ്റ് ആശുപത്രികളിലേക്കു മാറിപ്പോയത്. ഇതു രോഗികളെയും ബാധിക്കുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഒട്ടേറെ ജീവനക്കാർ

ശമ്പളം മാസാമാസം കൃത്യമായി ലഭിക്കാത്തതിനാലും ജീവിതച്ചെലവു കൂടുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ അനുവദിക്കാത്തതിനാലും കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒട്ടേറെ ജീവനക്കാരുണ്ട്. 3 മാസം മുൻപ് ആശുപത്രിയിലെ ഒരു നഴ്സ് ആത്മഹത്യ ചെയ്തതിന്റെ കാരണം ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങിയതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണെന്ന് ആരോപണമുയർന്നിരുന്നു. ശമ്പളവിതരണം അനിശ്ചിതമായി നീളുമ്പോൾ പല ജിവനക്കാരും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുന്നതായി എൻജിഒ അസോസിയേഷൻ ഭാരവാഹി യു.കെ.മനോഹരൻ പറയുന്നു.

വീട്ടുവാടക, വായ്പാ തിരിച്ചടവുകൾ, കുട്ടികളുടെ പഠനം വീട്ടിലെ ചെലവുകൾ എന്നിവ കണ്ടെത്താനാകാതെ കഷ്ടപ്പെടുന്നവരേറെയാണ്. സർക്കാർ ഏറ്റെടുത്തതിനാൽ ശമ്പള വിതരണം സ്പാർക് വഴി മാത്രമാണു വിതരണം ചെയ്യേണ്ടതെന്ന സർക്കാർ തീരുമാനത്തെ തുടർന്നാണു കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം മുടങ്ങിയത്.

പരിഹാരം പെർമനന്റ് എംപ്ലോയീ നമ്പർ

മെഡിക്കൽ കോളജ് ജീവനക്കാർക്ക് ഓരോ മാസവും സർക്കാർ അനുവദിക്കുന്ന തുക ആശുപത്രിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു ജീവനക്കാർക്കു വിതരണം ചെയ്യുകയായിരുന്നു ഇതുവരെ. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിച്ചിട്ടില്ല. അതിനാൽ ശമ്പളം സ്പാർക് വഴി വിതരണം ചെയ്യുകയെന്നതു പ്രായോഗികമല്ല.

ഇതിനു താൽക്കാലിക പരിഹാരമായി 3 മാസം മുൻപ് 3 മാസത്തേക്ക് ആശുപത്രി ഫണ്ടിൽ നിന്നു ശമ്പളവിതരണം നടത്താൻ ധന വകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതിയുടെ കാലാവധി അവസാനിച്ചതോടെയാണ് ജീവനക്കാരുടെ ശമ്പളം അനിശ്ചിതത്വത്തിലായത്. പെർമനന്റ് എംപ്ലോയീ നമ്പറോ താൽക്കാലിക എംപ്ലോയീ നമ്പറോ ലഭിച്ചാൽ മാത്രമേ ജീവനക്കാർക്ക് സ്പാർക് വഴി ശമ്പളം ലഭിക്കൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com