ADVERTISEMENT

ശ്രീകണ്ഠപുരം∙ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ ആരംഭിച്ച മലയോര ഉല്ലാസയാത്ര ‘എക്സ്പ്ലോർ മലയോരം’ യാത്രയ്ക്ക് തുടക്കമായി. 48 യാത്രക്കാരുമായി ആനവണ്ടിയിലെ യാത്ര ആസ്വദിച്ച് എത്തിയവർക്ക് ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്നലെ രാവിലെ 7.30 ന് കണ്ണൂർ ഡിപ്പോയിൽ നിന്നാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിനോദ സംഘം യാത്ര ആരംഭിച്ചത്. ജില്ലയിലെ പ്രധാന ടൂറിസം പോയിന്റുകളായ പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് ഒരു പകൽ ദിനം മുഴുവൻ ആസ്വദിക്കാവുന്ന വിധത്തിൽ യാത്ര ഒരുക്കിയിരിക്കുന്നത്.

എൻട്രി പാസുകൾക്ക് പുറമേ, ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ ഉൾപ്പെടെ 750 രൂപ മാത്രമാണ് ആളൊന്നിന് ഈ യാത്രക്കായി കെഎസ്ആർടിസി വാങ്ങുന്നത്. ഏറ്റവും ചുരുങ്ങിയ ചെലവിൽ ആന വണ്ടിയിലുള്ള ഉല്ലാസയാത്രയെ യാത്രക്കാരും ഏറ്റെടുത്തു കഴിഞ്ഞു. ഞായറാഴ്ചകളിൽ മാത്രമാണ് എക്സ്പ്ലോർ മലയോരം ഉല്ലാസയാത്ര നടത്തുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് യാത്രയ്ക്ക് അവസരം ലഭിക്കുകയുള്ളൂ. രുചികരമായ ഭക്ഷണവും കാനനഭംഗി ആസ്വദിച്ചുള്ള യാത്രയും കോടമഞ്ഞ് പുതച്ച പ്രകൃതിയുടെ ദൃശ്യഭംഗിയും മലയോരത്ത് എത്തുന്നവരുടെ മനം കവരുകയാണ്.

ആദ്യ യാത്രയിൽ അവസരം ലഭിച്ചവർക്ക് സജീവ് ജോസഫ് എംഎൽ‌എയുടെ നേതൃത്വത്തിൽ നാട്ടുകാർ പൈതൽ മലയുടെ താഴ്‌വാരത്ത് പൊട്ടൻപ്ലാവിൽ സ്വീകരണം നൽകുകയും യാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി അധ്യക്ഷത വഹിച്ചു. ജോസ് കുരുവിള, പൊട്ടൻപ്ലാവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജോസഫ് ആനച്ചാരിൽ ,കെഎസ്ആർടിസി. ജനറൽ കൺട്രോളിങ് ഓപ്പറേറ്റർ സജിത്ത് സദാനന്ദൻ, കെ.ജെ.റോയി, പി.ജെ. ജോസഫ്, കെ.ആർ.തൻസീർ, കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com