ADVERTISEMENT

കണ്ണൂർ∙ ദേശീയപാതയിലെ റിഫ്ലക്ടറോ മറ്റ് സൂചകങ്ങളോ ഇല്ലാത്ത മീഡിയനിൽ ഒടുവിൽ മന്ത്രി വാഹനവും ഇരയായി. മന്ത്രി എം.വി.ഗോവിന്ദൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം ദേശീയപാതയിൽ ചെട്ടിപ്പീടികയ്ക്കു സമീപം ഡിവൈഡറിൽ ഇടിച്ചുകയറി. മന്ത്രിയും കാറിൽ ഉണ്ടായിരുന്നവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവം. താണ സാധു കല്യാണ മണ്ഡപത്തിൽ നടന്ന കല്യാണ ചടങ്ങിൽ പങ്കെടുത്ത് മൊറാഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മന്ത്രി. ഭാര്യ പി.കെ. ശ്യാമളയും ഒപ്പമുണ്ടായിരുന്നു. കാറിന്റെ മുൻ ചക്രം ഡിവൈഡറിൽ ഇടിച്ച് മുൻ വശം ഏതാനും ഭാഗം ഡിവൈഡറിലേക്ക് കയറിയിരുന്നു.

ഇതേ തുടർന്ന് കാറിന്റെ മുൻവശത്തെ ചക്രത്തിന് കേടുപറ്റി. മന്ത്രി മറ്റൊരു കാറിൽ വീട്ടിലേക്ക് മടങ്ങി. ചാല മുതൽ പുതിയതെരു വരെയുള്ള ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ ഇല്ലാത്തത് അടിക്കടി അപകടത്തിന് ഇടയാക്കുകയാണ്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ കാർ അപകടത്തിൽപ്പെട്ടിരുന്നു. അപകട മരണങ്ങൾ സംഭവിക്കുമ്പോൾ മാത്രം റിഫ്ലക്ടർ എന്ന പേരിൽ ചിലതെല്ലാം ഘടിപ്പിക്കാറുണ്ടെങ്കിലും രാത്രിയിൽ വേണ്ടത്ര പ്രയോജനപ്പെടാറില്ല.

ഫ്ലൂറസെന്റ് പെയിന്റോ വെളിച്ചം പ്രതിഫലിപ്പിക്കുന്നവയോ അല്ല ഈ ‘റിഫ്ലക്ടറുകൾ’ എന്ന് അപകടങ്ങൾ സംഭവിക്കുമ്പോൾ പരാതി ഉയർന്നിരുന്നു. ചാലയ്ക്കും പുതിയതെരുവിനും മധ്യേ വാഹനങ്ങൾ രാത്രി ഡിവൈഡറുകളിൽ കയറിയുണ്ടായ അപകടങ്ങളിൽ പത്തു വർഷത്തിനിടെ മുപ്പതിലേറെ പേരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റവരുടെ എണ്ണം ഇതിലേറെ വരും. ലോറികളും മറ്റു വലിയ വാഹനങ്ങളും അപകടത്തിൽപ്പെടുമ്പോൾ മണിക്കൂറുകളോളം ഗതാഗത കുരുക്കിനും ഇടയാക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com