ADVERTISEMENT

കണ്ണൂർ∙ ജില്ലയിൽ 5 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ സീറ്റ് നിലനിർത്തി. ഒന്നു വീതം കോർപറേഷൻ–നഗരസഭ വാർഡുകളിലും 3 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ കോർപറേഷൻ കക്കാട് വാർഡ് യുഡിഎഫ് നിലനിർത്തി. മങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡ് ബിജെപി നിലനിർത്തി. പയ്യന്നൂർ നഗരസഭയിലെ മുതിയലം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ തെക്കേകുന്നുമ്പ്രം, കുറുമാത്തൂർ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് വാർ‍ഡുകൾ സിപിഎം നിലനിർത്തി. യുഡിഎഫ് (ലീഗ്) 1, ബിജെപി 1, എൽഡിഎഫ് (സിപിഎം) 3 എന്നതാണ് കക്ഷിനില.

അഞ്ചിടത്ത് ഉപതിരഞ്ഞെടുപ്പു നടന്നതിൽ മുഴപ്പിലങ്ങാട് പഞ്ചായത്തിലായിരുന്നു നിർണായക മത്സരം. എൽഡിഎഫിന് സീറ്റ് നിലനിർത്താനായില്ലെങ്കിൽ ഭരണം പോകുമെന്നതായിരുന്നു അവസ്ഥ. ഇവിടെ എൽഡിഎഫ് 6, യുഡിഎഫ് 5, എസ്ഡിപിഐ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. സിപിഎമ്മിൽ നിന്ന് ജയിച്ച കെ.പി.രാജാമണി രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതോടെ എൽഡിഎഫിനും യുഡിഎഫിനും 5 അംഗങ്ങളായി. വാർഡ് നിലനിർത്താൻ കഴിഞ്ഞതോടെ ഭീഷണി ഒഴിവാകുകയും പഞ്ചായത്തിലെ കക്ഷിനില പഴയപടിയാവുകയും ചെയ്തു.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളെയും അനുകൂലിക്കാതെ വിട്ടു നിൽക്കുകയായിരുന്നു എസ്ഡിപിഐ. ഈ നിലപാട് എസ്ഡിപിഐ തുടർന്നാൽ പഞ്ചായത്ത് തുടർന്നും എൽഡിഎഫിനു ഭരിക്കാം.മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡിൽ എൽഡിഎഫ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ തവണയും ഇങ്ങനെയായിരുന്നു. ബിജെപി നിലനിർത്തിയ വാർഡിൽ എസ്ഡിപിഐയാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്തുള്ളത് യുഡിഎഫാണ്. അതിനു പിന്നിലാണ് ഇത്തവണയും എൽഡിഎഫിന്റെ സ്ഥാനം.

ഉപതിരഞ്ഞെടുപ്പിലെ വിജയികളുടെ വിവരം:

തദ്ദേശ സ്ഥാപനം, വാർഡ്, ജയിച്ച അംഗം, പാർട്ടി ഭൂരിപക്ഷം എന്ന ക്രമത്തിൽ

∙ കണ്ണൂർ കോർപറേഷൻ, വാർഡ് 10 കക്കാട്, പി.കൗലത്ത്, മുസ്‌ലിം ലീഗ്– 555
∙പയ്യന്നൂർ നഗരസഭ, വാർഡ് 9 മുതിയലം, പി.ലത, സിപിഎം– 828.
∙കുറുമാത്തൂർ പഞ്ചായത്ത് വാർഡ് 7, പുല്ലാഞ്ഞിയോട്, വി.രമ്യ, സിപിഎം–645.
∙മുഴപ്പിലങ്ങാട് പഞ്ചായത്ത് വാർഡ് 6, തെക്കേകുന്നുമ്പ്രം, കെ.രമണി, സിപിഎം– 36
∙മാങ്ങാട്ടിടം പഞ്ചായത്ത് വാർഡ് 5, നീർവേലി, ഷിജു ഒറോക്കണ്ടി, ബിജെപി– 19.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com