ADVERTISEMENT

പയ്യന്നൂർ ∙ നാണ്യവിളകളും മറ്റും ഉണക്കിയെടുക്കേണ്ട സമയത്ത് മഴ ശക്തമായത് കർഷകർക്ക് ഇരുട്ടടിയായി. കൊപ്രയും കുരുമുളകും അടയ്ക്കയും കർഷകർ ഉണക്കിയെടുക്കുന്ന സമയമാണിത്. ഉണക്കാനാകാത്ത കൊപ്ര കേടു വന്ന് നശിക്കുകയാണ്. മഴ ശക്തമായതോടെ കൊപ്ര വാങ്ങാൻ വ്യാപാരികളും മടി കാട്ടുന്നു. രാമന്തളി, കവ്വായി മേഖലകളിൽ പുതുതായി കൊപ്ര കളം ഉണ്ടാക്കിയവരാണ് ഏറെ ദുരിതത്തിലായത്.

ചിരട്ടയും ചകിരിയും തെക്കൻ കേരളത്തിലേക്ക് കൊണ്ടു പോകുന്നതിനാൽ അവയെല്ലാം തുറന്ന സ്ഥലങ്ങളിൽ സൂക്ഷിക്കുകയായിരുന്നു. അവയെല്ലാം നനഞ്ഞ് കുതിർന്നു. കൊപ്രയും ഉണങ്ങാതെ നശിച്ചു പോയി. നെല്ല്, അടയ്ക്ക, കുരുമുളക് എന്നിവ കൃഷി ചെയ്യുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. നെല്ല് ഒന്നാം വിളയ്ക്ക് വിത്തിട്ടവർ ദുരിതത്തിലായി. വിത്ത് മുളയ്ക്കും മുൻപ് മഴ വന്നതോടെ അവയെല്ലാം ഒഴുകിപ്പോയി. ഇനി ഞാറ് തയാറാക്കി ഒന്നാം വിള കൃഷി ഇറക്കേണ്ടിവരും.

അതിന് വലിയ ചെലവ് വരുമെന്നതിനാൽ കർഷകർ അതിന് തയാറാകില്ല. അതുകൊണ്ടുതന്നെ ഒന്നാം വിള കൃഷി വലിയതോതിൽ കുറയാൻ സാധ്യതയുണ്ട്. വലിയൊരു വിഭാഗം കർഷകർ വയലുകളിൽ മധുരക്കിഴങ്ങ് കൃഷി നടത്തിയിരുന്നു. അത് പാകമാകാൻ കാത്തിരിക്കുമ്പോഴാണ് ശക്തമായ മഴയിൽ വയലിൽ വെള്ളം കയറിയത്. അത്തരം കർഷകർക്കും വലിയ നഷ്ടം സംഭവിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com