ADVERTISEMENT

കണ്ണൂർ∙ കടയ്ക്കു സമീപത്ത് അപകടത്തിന്റെ ശബ്ദം കേട്ട് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ നവ്യയ്ക്ക് ആ കാഴ്ച കണ്ടുനിൽക്കാനായില്ല. റോഡിൽ വീണു കിടക്കുന്നത് അച്ഛൻ മഹേഷ് ആണെന്നറിഞ്ഞതോടെ നവ്യ അലറിക്കരഞ്ഞ് തിരിഞ്ഞുനിന്നു. മകൻ ആഗ്നേയ് കൂടെയുണ്ടോ എന്നു നവ്യ കരച്ചിലിനിടയിൽ വിളിച്ചു ചോദിച്ചപ്പോഴാണ് നവ്യയുടെ അച്ഛനും മകനുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഒപ്പമുണ്ടായിരുന്നവർ മനസ്സിലാക്കിയത്. സമീപത്തെ കടയിൽ ജോലി ചെയ്യുന്ന സുഹൃത്ത് നവ്യയെ താങ്ങിയെടുത്ത് പിൻവാങ്ങി. അപകടത്തിൽപ്പെട്ടെന്ന് അല്ലാതെ ഇരുവരും മരിച്ച വിവരം വൈകിട്ടു വരെയും നവ്യ ഉൾക്കൊണ്ടിട്ടില്ല.

പരുക്കു പറ്റിയ അച്ഛനും മകനും ആശുപത്രിയിലാണെന്നാണ് കൂടെയുണ്ടായിരുന്നവരും ബന്ധുക്കളും നവ്യയോടു പറഞ്ഞിട്ടുള്ളത്. അത് ഉൾക്കൊള്ളാത്ത പോലെ ഇടയ്ക്കിടെ അച്ഛനെവിടെ മോനെവിടെ എന്നു ചോദിച്ചു കരഞ്ഞു കൊണ്ടിരിക്കുകയാണ് പള്ളിക്കുന്ന് എടച്ചേരി കൊമ്പ്രക്കാവിനു സമീപത്തെ നവനീതമെന്ന വീട്ടിൽ നവ്യ. നവ്യയുടെ പിതാവ് മഹേഷ്ബാബുവും മകൻ ആഗ്നേയുമാണ് പള്ളിക്കുളത്ത് ദേശീയപാതയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇരുവരും ബൈക്കിൽ സഞ്ചരിക്കവേ പിറകിൽ നിന്നു വന്ന ലോറി ഇടിച്ചു തെറിപ്പിച്ചാണ് അപകടം.

നവ്യ ജോലി ചെയ്യുന്ന കടയുടെ അടുത്തായിരുന്നു സംഭവം. ശബ്ദം കേട്ടും ആൾക്കൂട്ടത്തെ കണ്ടും ഓടിച്ചെന്ന നവ്യ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന അച്ഛനെയാണ്. മകനെവിടെയെന്ന് അവർ അവിടെ വച്ചു തന്നെ അന്വേഷിച്ചു കൊണ്ടിരുന്നു. ആശുപത്രിയിലേക്കു കൊണ്ടു പോയിരിക്കുകയാണെന്നു മാത്രമേ നവ്യയെ അറിയിച്ചിട്ടുള്ളൂ. അപകടത്തിൽപെട്ട ഇരുവരെയും കൊയിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഭർത്താവ് പ്രവീൺ വിദേശത്തായതിനാൽ അച്ഛനോടും അമ്മയോടുമൊപ്പം കൊമ്പ്രക്കാവിനടുത്ത വീട്ടിലാണ് നവ്യയും താമസം.  വിദേശത്തുള്ള പ്രവീണിനെ അപകട വിവരം അറിയിച്ചിട്ടുണ്ട്. അദ്ദേഹം രാവിലെ നാട്ടിലെത്തിയ ശേഷമായിരിക്കും മൃതദേഹങ്ങൾ വീട്ടിലെത്തിക്കുക. കണ്ണൂർ എഎസ്പി വി.വി.വിജയ് ഭരത് റെഡ്ഡിയും വളപട്ടണം പൊലീസും സ്ഥലത്തെത്തി. അപകടത്തിൽപെട്ട വാഹനങ്ങൾ വളപട്ടണം പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com