പഠിപ്പിച്ച കുട്ടിയുടെ പ്രസവ ശുശ്രൂഷയ്ക്ക് പോയ അധ്യാപിക!, ടിച്ചറേയെന്നു വിളിച്ചോടിയെത്തി; ഇത് ഒരു വൈകാരിക സിനിമാ രംഗമല്ല...

SHARE

കണ്ണൂർ∙ കോവിഡ് മഹാമാരിയെത്തുടർന്ന് ജോലി നഷ്ടമായ, കുടുംബത്തിന്റെ ഏക വരുമാന മാർഗമായ സ്ത്രീ തന്റെ രണ്ട് പെൺകുട്ടികളെ ബന്ധുവീട്ടിൽ ഏൽപിച്ച് ഏജന്റ് വഴി ലഭിച്ച പ്രസവ ശുശ്രൂഷാ ജോലിക്കായി വസ്ത്രങ്ങളും ബാഗിലാക്കി പുറപ്പെടുന്നു. ജോലിസ്ഥലമായ വീട്ടിലെത്തിയ അവർ കാണുന്നത് ടീച്ചറേ എന്നു വിളിച്ച്  വരുന്ന തന്റെ മുൻകാല വിദ്യാർഥിയെയാണ്.

അപ്പോഴാണ് മലപ്പുറം സ്വദേശിയായ അധ്യാപിക കൂടിയായ അവർ അറിയുന്നത്, പഠിപ്പിച്ച കുട്ടിയുടെ പ്രസവ ശുശ്രൂഷയ്ക്കായാണ് താൻ എത്തിയിരിക്കുന്നതെന്ന്. ഇത് സിനിമയിലെ ഒരു വൈകാരിക രംഗമല്ല, മറിച്ച് എയ്ഡഡ് പ്രീ പ്രൈമറി അധ്യാപനത്തിലെ തുച്ഛ വരുമാനം കൊണ്ട് കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന, സംസ്ഥാനത്തെ ഒട്ടേറെ അധ്യാപികമാരിൽ ഒരാളുടെ കഥയാണ്. വർഷങ്ങളോളം കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിച്ച് അവസാനം ബാക്കിവയ്ക്കാനൊന്നുമില്ലാതെ, ജീവിതത്തിന്റെ അക്ഷരമാല പൂർത്തിയാക്കാൻ പറ്റാതെ പോകുന്ന ഒരുപറ്റം അധ്യാപികമാരുടെ കഥ.

കണ്ണൂർ ജില്ലയിൽ മാത്രം ഈ വിഭാഗത്തിൽ അഞ്ഞൂറിലേറെ അധ്യാപകരുണ്ട്.പുതിയ അധ്യയന വർഷത്തിനായി ഉത്സാഹത്തോടെ തയാറെടുപ്പുകൾ നടത്തുമ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് ഇവരെപ്പോലെയുള്ള അധ്യാപികമാർ. എയ്ഡഡ്, ഗവൺമെന്റ് വ്യത്യാസമില്ലാതെ തുല്യ ജോലിക്ക് തുല്യ വേതനം എന്നും എയ്ഡഡ് പ്രീ പ്രൈമറി അധ്യാപികമാരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും സർക്കാർ വാക്കു നൽകിയിരുന്നെങ്കിലും ഒരു ശതമാനം പോലും പാലിക്കപ്പെട്ടിട്ടില്ല.

അധ്യാപകർ പല തവണ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കണ്ടു പരാതികൾ നൽകി. എന്നാൽ ഫണ്ടില്ല എന്നതാണ് സർക്കാരിന്റെ വാദം. കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാൻ കേരളത്തിൽ നിന്ന് ലഭിച്ച അറിയിപ്പുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ, സുഷമാ സ്വരാജ്, വി.മുരളീധരൻ എന്നിവരെയും കണ്ടു വിശദമായ പരാതികൾ നൽകിയെങ്കിലും അതിനുശേഷം വന്ന പദ്ധതി പ്രഖ്യാപനത്തിലും എയ്ഡഡ് സ്കൂളുകളിലെ ഈ അധ്യാപികമാർ പുറത്തായി.

സർക്കാരിൽ നിന്നല്ലെങ്കിലും സ്കൂൾ മാനേജ്മെന്റുകളും പിടിഎയും തീരുമാനിച്ച് മിനിമം വേതനം എങ്കിലും ഉറപ്പാക്കണമെന്നാണ് അധ്യാപികമാരുടെ ഇപ്പോഴത്തെ ആവശ്യം. എയ്ഡഡ് സ്കൂളുകളിൽ സർക്കാർ അംഗീകാരം ലഭിക്കാതെ 28 വർഷത്തിലേറെയായി ജോലി ചെയ്യുന്ന അധ്യാപികമാർ കേരളത്തിൽ ധാരാളമുണ്ട്. പ്രീ പ്രൈമറി വിദ്യാർഥികളുടെ ഫീസിൽ നിന്നു ലഭിക്കുന്ന ചെറിയ തുക കൊണ്ടു ജീവിതം തള്ളി നീക്കുകയാണ് അവർ. പുതിയ അധ്യയന വർഷത്തിലേക്കു കടക്കുമ്പോൾ സർക്കാരിന്റെ ശ്രദ്ധ ഇവരുടെ മേൽ കൂടി പതിയണം.

എയ്ഡഡ് പ്രീപ്രൈമറി അധ്യാപകരുടെ വേതനം

എയ്ഡഡ് സ്കൂളുകളോടു ചേർന്നു പ്രവർത്തിക്കുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കു നിലവിൽ സ്കൂൾ മാനേജ്മെന്റാണ് ശമ്പളം നൽകുന്നത്. സർക്കാർ മേഖലയിലെ പ്രീപ്രൈമറി അധ്യാപകർക്ക് നൽകുന്ന ശമ്പളം സ്വകാര്യ മേഖലയിലെ മാനേജ്മെന്റും നൽകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന ഹൈക്കോടതിയുടെ നിർദേശം നിലനിൽക്കുന്നുണ്ട്. 1988ൽ ആണ് സ്കൂളുകളിൽ പിടിഎകളുടെ നേതൃത്വത്തിൽ പ്രീപ്രൈമറി തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA