സർവകാല റെക്കോർഡിട്ട് സർവകലാശാല; അഞ്ചാമതും ചോദ്യപേപ്പർ ആവർത്തനം

kannur news
SHARE

കണ്ണൂർ∙ ഒരു മാസത്തിനിടെ അഞ്ചാമതും ചോദ്യപേപ്പർ അതേപടി ആവർത്തിച്ച് കണ്ണൂർ സർവകലാശാല. നാലാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്ടീവ് പേപ്പറായ ‘ഫൊറിയർ ആൻഡ് വേവ്‌ലെറ്റ് അനാലിസിസ്’ പരീക്ഷയിലാണു കഴിഞ്ഞവർഷത്തെ അതേ ചോദ്യ പേപ്പർ ആവർത്തിച്ചത്. സർവകലാശാല പുതിയതായി നടപ്പാക്കിയ ഓൺലൈൻ സംവിധാനത്തിലൂടെ ഇ മെയിലായി വിതരണം ചെയ്ത ചോദ്യപേപ്പറാണിത്. ചോദ്യപേപ്പർ ആവർത്തന വിവാദങ്ങൾക്കൊടുവിൽ, പരീക്ഷാ കൺട്രോളർ പി.ജെ.വിൻസെന്റ് ഡപ്യൂട്ടേഷൻ മതിയാക്കി ഇന്നു തിരിച്ചു പോകാനിരിക്കെയാണ് വീണ്ടും ആവർത്തനം.

ചോദ്യപേപ്പറുകൾ ആവർത്തിച്ചതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനമുന്നയിച്ചതിനെ തുടർന്ന് പി.െജ.വിൻസന്റ് 10 ദിവസത്തെ അവധിയിൽ പോയിരുന്നു. ഈമാസം 9ന് തിരിച്ചെത്തിയയുടൻ അദ്ദേഹം ഡപ്യൂട്ടേഷൻ റദ്ദാക്കി തിരിച്ചു പോകാനുള്ള സന്നദ്ധത വിസിയെ അറിയിക്കുകയും വിസി അത് അംഗീകരിക്കുകയും ചെയ്തു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനായാണ് അദ്ദേഹം മടങ്ങുന്നത്. ചോദ്യപേപ്പർ ആവർത്തനം സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് പരിഗണിച്ച സിൻഡിക്കറ്റ്, കൂടുതൽ അന്വേഷണത്തിനായി വിസിയെ ചുമതലപ്പെടുത്തിയിരുന്നു.

പരീക്ഷാ കൺട്രോളറെ കുറ്റപ്പെടുത്താത്ത ഉപസമിതി റിപ്പോർട്ട് അംഗീകരിക്കുന്നതിനു പകരം കൂടുതൽ അന്വേഷണത്തിനായി വിസിയെ ചുമതലപ്പെടുത്തിയതും ഡപ്യൂട്ടേഷൻ റദ്ദാക്കി സർക്കാർ സർവീസിലേക്കു മടങ്ങാൻ പി.െജ.വിൻസന്റിനെ പ്രേരിപ്പിച്ചതായാണ് അറിവ്. ചോദ്യപേപ്പർ ആവർത്തന പരീക്ഷാ കൺട്രോളർ പി.ജെ.വിൻസന്റ്, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ സന്ദർശിച്ചതും സിൻഡിക്കറ്റ് ഉപസമിതി റിപ്പോർട്ട് വരുന്നതിനു മുൻപു തന്നെ പരീക്ഷാ വിഭാഗത്തെ എം.വി.ജയരാജൻ കുറ്റവിമുക്തമാക്കിയതുമൊക്കെ വിവാദമുയർത്തിയിരുന്നു. 

പ്രതികരണങ്ങൾ

കണ്ണൂർ∙ വിദ്യാർഥികൾ നൽകുന്ന പ്രാധാന്യം പോലും പരീക്ഷകൾക്ക് സർവകലാശാല നൽകുന്നില്ലെന്നു സെനറ്റ് അംഗം ഡോ.ആർ.കെ.ബിജു. ‘സർവകലാശാല ഇനിയും വിദ്യാർഥികളുടെ ക്ഷമ പരീക്ഷിക്കരുത്. പരീക്ഷയുടെ നിലവാരം തകർക്കുന്നതിനു വിസി കൂട്ടുനിൽക്കുകയാണ്.’ ആർ.കെ.ബിജു പറഞ്ഞു.

തുടർച്ചയായ വീഴ്ചകൾ വിസിയുടെ നേതൃത്വത്തിൽ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ്, ഉത്തരവാദിത്തമെല്ലാം പരീക്ഷാ കൺട്രോളറുടെ തലയിലിടുകയും പുറത്തു ചാടിക്കുകയും ചെയ്തത്. ഉന്നതതല അന്വേഷണം വേണം.’ മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

‘ആവർത്തന’ങ്ങളുടെ സർവകലാശാല

ഒരു മാസം, പല വീഴ്ചകൾ, ആവർത്തനങ്ങൾ. വിവാദങ്ങൾക്കും വിദ്യാർഥികൾക്കും മുന്നിൽ തലകുനിച്ചു നിൽക്കേണ്ട അവസ്ഥയിലാണു സർവകലാശാല. കഴിഞ്ഞമാസം 21, 22 തീയതികളിൽ നടന്ന സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്ററിലെ സൈക്കോളജി ഓഫ് ഇൻഡിവിജ്വൽ ഡിഫറൻസസ്, ന്യൂറോബയോളജിക്കൽ പേഴ്സ്പെക്ടീവ് പരീക്ഷകളിൽ കഴിഞ്ഞ വർഷത്തെ അതേ ചോദ്യങ്ങൾ പൂർണമായി ആവർത്തിച്ചിരുന്നു. തുടർന്ന്, 2 പരീക്ഷകളും റദ്ദാക്കി.

കഴിഞ്ഞമാസം 25നു നടക്കേണ്ടിയിരുന്ന ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ കോംപ്ലിമെന്ററി പേപ്പറായ പേഴ്സ്പെക്ടീവ് ഇൻ സൈക്കോളജി പരീക്ഷ, ചോദ്യപ്പേപ്പർ ആവർത്തിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിറകെ ബോട്ടണി മൂന്നാം സെമസ്റ്റർ പ്ലാന്റ് ഡൈവേഴ്സിറ്റി പേപ്പർ ഒന്നിൽ കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം ചോദ്യങ്ങളും ആവർത്തിച്ചതും മലയാളം മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷാ പേപ്പറിലെ അക്ഷരത്തെറ്റുകളും പുറത്തു വന്നു.

ഈമാസം 22ന് നടന്ന ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദം നാനോ സയൻസ്, മെറ്റീരിയൽ സയൻസ് പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളിൽ ഭൂരിഭാഗവും സിലബസിനു പുറത്തുനിന്നായിരുന്നു. പരീക്ഷാ വിഭാഗത്തിലോ നടപടിക്രമങ്ങളിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല. പ്രതികാര നടപടിയുടെ ഭാഗമായി, പരിചയസമ്പന്നരായ ജീവനക്കാരെ പരീക്ഷാ വിഭാഗത്തിൽ നിന്നു മാറ്റിയതും പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA