ADVERTISEMENT

ചെറുപുഴ ∙ കണ്ണൂർ -കാസർകോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുപുഴ ചെക്ക്ഡാം റോഡിന്റെ ശോചീയാവസ്ഥയ്ക്കു താൽക്കാലിക പരിഹാരമായി. ചെറുപുഴ മേലെ ബസാറിൽ നിന്നു ചെക്ക്ഡാമിലേക്കുള്ള റോഡിലെ കുഴികളാണു കഴിഞ്ഞദിവസം ക്വാറി മാലിന്യമിട്ടു നികത്തി ഗതാഗത യോഗ്യമാക്കിയത്. ഏറെ തിരക്കേറിയ റോഡ് നിറയെ കുഴികളായതോടെ കാൽനടയാത്ര ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. പൂർണമായും തകർന്നിട്ടും റോഡ് ടാർ ചെയ്തു ഗതാഗതയോഗ്യമാക്കാൻ തയാറാകാത്ത പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായി.  ഏതു സമയവും വാഹന ഗതാഗതം നിലയ്ക്കുമെന്ന സ്ഥിതി വന്നതോടെയാണ് അധികൃതർ ക്വാറി മാലിന്യമിട്ടു കുഴികൾ നികത്തിയത്. 

കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിനേയും, കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ഇരു ജില്ലകളിൽ നിന്നുമുള്ള നൂറുകണക്കിനു വാഹനങ്ങളാണു ചെക്ക്ഡാം റോഡിലൂടെ ദിവസവും കടന്നുപോകുന്നത്. ഇതിനുപുറമെ ഈസ്റ്റ് എളേരി പഞ്ചായത്തിൽ നിന്നു വിദ്യാർഥികൾ ഉൾപ്പെടെയുളള ആളുകൾ ഈ റോഡിലൂടെ  കാൽനടയാത്ര ചെയ്താണു ചെറുപുഴ ടൗണിലെത്തുന്നത്. ടൂറിസം വികസന ഭാഗമായി ചെറുപുഴ ചെക്ക്ഡാമിനു സമീപം നിർമിച്ച കുട്ടികളുടെ പാർക്കിൽ സന്ദർശകർ എത്തുന്നതും ചെക്ക്ഡാം റോഡിലൂടെയാണ്. 

മഴക്കാലത്ത് തേജസ്വിനിപ്പുഴ നിറഞ്ഞൊഴുകുന്നതു കാണാനായി വിവിധ സ്ഥലങ്ങളിൽ നിന്നു നൂറു കണക്കിനാളുകളാണു ചെക്ക്ഡാം പരിസരത്ത് എത്തുന്നത്. റോഡിലെ കുഴികൾ നികത്തിയതോടെ പ്രശ്നം താൽക്കാലികമായി പരിഹരിച്ചതിന്റെ ആശ്വാസത്തിലാണു നാട്ടുകാർ. മഴ കനത്താൽ കുഴികൾ നികത്തിയ മെറ്റൽ ഒലിച്ചുപോകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.  അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ നേതൃത്വം നൽകി. മഴ മാറുന്നതോടെ റോഡ് ടാർ ചെയ്തു ഗതാഗത യോഗ്യമാക്കുമെന്നും, തൊഴിലുറപ്പ്  പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ഇരുവശങ്ങളിലും ഓവുചാൽ നിർമിക്കുമെന്നും ബാലകൃഷ്ണൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com