ADVERTISEMENT

കണ്ണൂർ∙ ജില്ലയിൽ മഴ ശക്തി പ്രാപിച്ചതോടെ മഴക്കാലരോഗങ്ങളുണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു. മഴക്കാല രോഗങ്ങൾ വന്നാൽ ആവശ്യമായ കരുതൽ സ്വീകരിക്കണമെന്നും ഡിഎംഒ വ്യക്തമാക്കി.

ജലദോഷപ്പനി / വൈറൽ പനി

ജലദോഷപ്പനിയുള്ളവർ വീട്ടിൽ വിശ്രമിക്കുകയും ആവശ്യത്തിന് വെളളം കുടിക്കുകയും പോഷകങ്ങൾ അടങ്ങിയ, എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുകയും വേണം. ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം.

എലിപ്പനി

ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ആവശ്യമായ പ്രതിരോധ ചികിത്സ സ്വീകരിക്കണം. ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലിഗ്രാമിന്റെ 2 ഗുളികകൾ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം കഴിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആറ്-എട്ട് ആഴ്ച വരെ ആഴ്ചയിലൊരിക്കൽ വീതം തുടർച്ചയായി ഗുളികകൾ കഴിക്കാവുന്നതാണ്.

ഈ ജോലിതുടരുന്നുണ്ടെങ്കിൽ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം (രണ്ട് ആഴ്ചയ്ക്കു ശേഷം) വീണ്ടും ഗുളികകൾ കഴിക്കണം. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശീവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രം കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴിയാണ് എലിപ്പനി പകരുന്നത്. മൂത്രം വഴി മണ്ണിലും വെളളത്തിൽ എത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാവുന്നത്.

ഡെങ്കിപ്പനി

മഴക്കാലമായതോടെ ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ കൂടുതൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണുകൾക്ക് പിറകിൽ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാം പനി പോലെ നെഞ്ചിലും മുഖങ്ങളിലും തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഈ കൊതുകുകളുടെ പ്രജനനം തടയാൻ ശ്രദ്ധിക്കണം.‌

ജലജന്യരോഗങ്ങൾ

മഴക്കാലത്ത് കുടിവെള്ളം മലിനമാകാൻ സാധ്യതയുള്ളതിനാൽ ജലജന്യ രോഗങ്ങൾക്കുള്ള സാഹചര്യം ഏറെയാണ്. അതിനാൽ ജലജന്യരോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവയ്ക്കെതിരെ ജാഗ്രത പാലിക്കണം.  തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാവൂ. കിണറും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കരുത്. ആഹാര പദാർഥങ്ങൾ മൂടിവച്ചു സൂക്ഷിക്കണം. കിണറിലെ വെള്ളം രണ്ടാഴ്ചയിലൊരിക്കലെങ്കിലും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തണം. ഈച്ച ശല്യം ഒഴിവാക്കുന്നതിന് ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം. ഹോട്ടൽ, ബേക്കറി തൊഴിലാളികളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തണം.

പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ആഹാരം പാചകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുൻപ് കൈകൾ വൃത്തിയായി കഴുകുക. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആഹാര ശുചിത്വം എന്നിവ കൃത്യമായി പാലിക്കണം. മലമൂത്ര വിസർജനം ശുചിമുറികളിൽ മാത്രം നിർവഹിക്കുക. മലവിസർജനത്തിന് ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകുക. സാധാരണ വയറിളക്കമുണ്ടായാൽ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെളളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെളളം, ഉപ്പിട്ട മോരിൻ വെളളം, ഒആർഎസ് ലായനി ഇവയിലേതെങ്കിലും കുടിച്ച് ക്ഷീണമകറ്റാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com