ADVERTISEMENT

കണ്ണൂർ ∙ സർവകലാശാലയിൽ തുടർച്ചയായി ചോദ്യ പേപ്പർ ആവർത്തനത്തിടയാക്കുന്നത് പെട്ടെന്നു പരീക്ഷ നടത്തിത്തീർക്കാനുള്ള ധൃതിയും നടപടിക്രമങ്ങളിലെ ഗുരുതരമായ വീഴ്ചകളും. സർവകലാശാലയിൽ ചോദ്യ പേപ്പർ തയാറാക്കുന്നതും വിതരണം ചെയ്യുന്നതും വീഴ്ചകളും ഇങ്ങനെ അക്കമിട്ടു നിരത്താം.

നടപടി 1

അതതു വിഷയത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് ആണു ചോദ്യപേപ്പർ തയാറാക്കുന്ന അധ്യാപകരുടെ പാനലിനെ(പാനൽ ഓഫ് ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സ്) തീരുമാനിക്കുന്നത്.സർവകലാശാലയ്ക്കു പുറത്തുള്ളവരോ കേരളത്തിനു പുറത്തുള്ളവരോ ആയിരിക്കുമിത്. പൊതുവെ ഒരു ചെയർമാനും 2 അംഗങ്ങളുമാണുണ്ടാവുക. പാനൽ അംഗങ്ങൾക്ക് കോഴ്സിന്റെ തുടക്കത്തിൽ തന്നെ തന്നെ സിലബസ് സർവകലാശാല അയച്ചു കൊടുക്കും 

വീഴ്ച:

ഇല്ല.

നടപടി 2

ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സ് പാനലിലെ ഒരംഗം ഒരു പരീക്ഷയ്ക്ക് 3 ചോദ്യപേപ്പറുകളുടെ സെറ്റ് ആണ് തയാറാക്കേണ്ടത്. ഇതിനു ശേഷം 3 അംഗങ്ങളും ചേർന്നു ചോദ്യ പേപ്പർ ചർച്ച ചെയ്യും. മുൻ വർഷത്തെ ചോദ്യങ്ങളുടെ ആവർത്തനം, 3 സെറ്റിലെയും ചോദ്യങ്ങൾ തമ്മിലുള്ള ആവർത്തനം എന്നിവ പരമാവധി ഒഴിവാക്കുന്നു. സിലബസിൽ ഇല്ലാത്ത ചോദ്യങ്ങളും ഒഴിവാക്കും. വേണ്ട തിരുത്തലുകളും വരുത്തും. ഒരു പരീക്ഷയ്ക്കുള്ള 3 സെറ്റ് അന്തിമ ചോദ്യ പേപ്പർ തയാറാക്കിയ ശേഷം, സീൽ ചെയ്ത കവറിൽ പാനൽ ചെയർമാൻ സർവകലാശാലയിലെ പരീക്ഷാ വിഭാഗത്തിലെ കോൺഫിഡൻഷ്യൽ (രഹസ്യ) സെക്‌ഷനു സമർപ്പിക്കുന്നു.  

വീഴ്ചകൾ :

∙ പരിശോധന സർവകലാശാലയിൽ വച്ചു നടത്തണമെന്നാണു നിബന്ധനയെങ്കിലും അടുത്തിടെ ഇതു പാലിക്കപ്പെടാറില്ല.
∙ പാനൽ അംഗങ്ങൾ ഒരുമിച്ചിരുന്നുള്ള ചർച്ചയും തിരുത്തലുകളും മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടോയെന്ന കാര്യത്തിൽ ഉറപ്പില്ല.
∙ ഓൺലൈൻ ആയി നടന്നതായി പറയുന്ന പാനൽ ചർച്ച ഫലപ്രദമല്ല.
∙ ഒരു സെറ്റ് മാത്രമേ ഉപയോഗിക്കൂ എന്ന ധാരണയിൽ, പാനൽ അധ്യാപകൻ പലപ്പോഴും 3 സെറ്റിലും ഒരേ ചോദ്യങ്ങൾ തന്നെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഒരു തവണ നൽകിയ അതേ ചോദ്യ പേപ്പർ തന്നെ അധ്യാപകൻ അടുത്ത വർഷവും നൽകാനുള്ള സാധ്യതയുമുണ്ട്. പാനലിന്റെ സൂക്ഷ്മപരിശോധന നടക്കാത്തതിനാൽ ഇതു കണ്ടെത്താൻ വഴിയില്ല.
∙ പാനൽ ചെയർമാൻ തന്നെയാണു ചോദ്യപേപ്പർ സമർപ്പിക്കുന്നത് എന്നതിലും വ്യക്തതയില്ല.
∙ ചോദ്യ പേപ്പർ സർവകലാശാലയിൽ ലഭിക്കുന്നതു വരെയുള്ള നടപടിക്രമങ്ങൾ കൃത്യമാണോയെന്നു പരിശോധിക്കാൻ സംവിധാനമില്ല.
∙ കോൺഫിഡൻഷ്യൽ സെക്‌ഷൻ ആയതിനാൽ, നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പുറത്തു നിന്നാർക്കും പരിശോധിക്കാൻ കഴിയില്ല.
∙ ചോദ്യപേപ്പർ ആവർത്തിച്ചാലോ സിലബസിനു പുറത്തു നിന്നു ചോദ്യം വന്നാലോ പാനലിലെ അധ്യാപകർക്കെതിരെ നടപടിയുണ്ടാകാറില്ല. സർവകലാശാലയ്ക്കു നടപടിയെടുക്കാൻ കഴിയില്ലെങ്കിലും കേരളത്തിലെ ഇതര സർവകലാശാലകളിലെ അധ്യാപകനാണെങ്കിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിനും കോളജിയറ്റ് എജുക്കേഷൻ ഡയറക്ടറേറ്റിനും നടപടിയെടുക്കാൻ സാധിക്കും. പക്ഷേ, ഇതുവരെ അത്തരം നടപടികളുണ്ടായാതായി അറിവില്ല.

നടപടി 3

ചോദ്യ പേപ്പർ തയാറാക്കിയ അധ്യാപകൻ തന്നെ അതു ചോർത്തുന്നത് ഒഴിവാക്കാനാണ് 3 സെറ്റ് തയാറാക്കാൻ നിർദേശിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു െസറ്റാണു പരീക്ഷയ്ക്ക് ഉപയോഗിക്കുക. ഒന്ന് ഉപയോഗിച്ചു കഴിഞ്ഞാൽ, ആ പരീക്ഷയുടെ ബാക്കി 2 സെറ്റ് ചോദ്യ പേപ്പറുകളും അവയുടെ കവറുകളിൽ പ്രത്യേകം മാർക്ക് ചെയ്ത് മാറ്റി വയ്ക്കുകയും നിശ്ചിത സമയത്തിനു ശേഷം നശിപ്പിക്കുകയും ചെയ്യണം. പെട്ടെന്നു റീ എക്സാമിനേഷൻ വേണ്ടി വന്നാൽ ഉപയോഗിക്കാനാണ് തൽക്കാലം മാറ്റി വയ്ക്കുന്നത്. 

വീഴ്ചകൾ :

∙ ബാക്കി വരുന്ന 2 സെറ്റുകൾ പലപ്പോഴും മാർക്ക് ചെയ്ത് മാറ്റി വയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യാറില്ല.
∙ പാനലിലെ അധ്യാപകർക്കു നൽകുന്ന പ്രതിഫലം ലാഭിക്കാനോ പെട്ടെന്നു പരീക്ഷ നടത്തേണ്ട സാഹചര്യത്തിലോ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റ് ചോദ്യ പേപ്പർ തുടർ വർഷങ്ങളിൽ ഉപയോഗിക്കാറുണ്ട്. അധ്യാപകൻ ഒരേ ചോദ്യം തന്നെയാണ് 3 സെറ്റിലും നൽകിയിരിക്കുന്നതെങ്കിൽ, ഇത് ആവർത്തനത്തിനിടയാക്കും.

നടപടി 4

ചോദ്യ പേപ്പർ സർവകലാശാലയ്ക്കു നേരിട്ടു സമർപ്പിക്കാൻ പറ്റാത്ത സാഹചര്യം, പെട്ടെന്നു പരീക്ഷ നടത്തേണ്ടി വരുന്ന സാഹചര്യം എന്നിവയുണ്ടായാൽ ക്വസ്റ്റ്യൻ പേപ്പർ സെറ്റേഴ്സ് പാനലിൽ നിന്ന് ഇ മെയിലിൽ ചോദ്യ പേപ്പർ വാങ്ങാറുണ്ട്. ഇ മെയിലിൽ നൽകിയ ചോദ്യ പേപ്പറുകൾ,  പ്രിന്റ് ആയി അയക്കരുതെന്ന് പരീക്ഷാവിഭാഗം നിർദേശിക്കാറുണ്ടെങ്കിലും അധ്യാപകൻ അതു പ്രിന്റ് ആയും അയക്കും. 

വീഴ്ചകൾ :

∙ ഇ മെയിൽ ആയി ലഭിച്ച ചോദ്യ പേപ്പറാണോ വീണ്ടും ലഭിച്ചതെന്നു തിരിച്ചറിയാൻ കോൺഫിഡെൻഷ്യൽ സെക്‌ഷനിൽ സംവിധാനമില്ല. അടുത്തിടെ സർവകലാശാലയിൽ ചോദ്യ പേപ്പർ അതേപടി ആവർത്തിച്ച സംഭവങ്ങളിലെല്ലാം ഇ മെയിൽ ചോദ്യ പേപ്പറാണു വില്ലനായത്. പാനൽ അംഗങ്ങളോട് വല്ലപ്പോഴും ആശയവിനിമയം നടത്തിയാൽ തീരുന്ന പ്രശ്നമാണിത്.
∙ പ്രതിഫലത്തിനുള്ള ബില്ലിനൊപ്പം ഒരു രേഖയെന്ന നിലയിലും ഇ മെയിൽ ചോദ്യ പേപ്പറിന്റെ പ്രിന്റ് അയക്കാറുണ്ട്.

‌ഒരു പരീക്ഷയുടെ ചോദ്യ പേപ്പർ തയാറാക്കാൻ സർവകലാശാലയ്ക്കു ലഭിക്കുന്നത് ഒരു വർഷത്തെ സാവകാശമാണ്. എന്നിട്ടും വീഴ്ച വരുത്തുന്ന സർവകലാശാലയ്ക്ക് ഞങ്ങളെത്ര മാർക്കിടണം സർ?

ചോദ്യ പേപ്പർ ആവർത്തിച്ചത് അധ്യാപരുടെ വീഴ്ചയെന്ന് പി.ജെ.വിൻസന്റ്

കണ്ണൂർ ∙ ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് അടുത്തിടെ സർവകലാശാലയിൽ ചോദ്യ പേപ്പറുകൾ ആവർത്തിക്കാനിടയാക്കിയതെന്നു സ്ഥാനമൊഴിഞ്ഞ പരീക്ഷാ കൺട്രോളർ പി.ജെ.വിൻസന്റ്. കോവിഡ് കാല സമ്മർദം കാരണം സംഭവിച്ചതാണിതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ‘ഇ മെയിലിൽ അയച്ച അതേ ചോദ്യ പേപ്പറുകൾ, ചോദ്യ പേപ്പർ സെറ്റേഴ്സ് പാനലിലെ  അധ്യാപകർ പ്രിന്റെടുത്ത് സർവകലാശാലയ്ക്ക് അയച്ചതാണു ബിരുദ പരീക്ഷകളിലെയും എംഎസ്‌സി മാത്തമാറ്റിക്സ് പരീക്ഷയിലെയും ചോദ്യ പേപ്പർ അതേപടി ആവർത്തിക്കാനിടയാക്കിയത്.

ഇത്, ‘സിസ്റ്റമിക് എറർ’ (സംവിധാനങ്ങളിലെ പിഴവ്) ആണ്. നവംബറോടെ, കോളജുകളിലെ യുജി, പിജി പരീക്ഷകൾക്കും ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്കിൽ നിന്നുള്ള ചോദ്യ പേപ്പറുകളാണുപയോഗിക്കുക. കംപ്യൂട്ടറുകളാണു ചോദ്യങ്ങൾ തയാറാക്കുക. ചോരില്ല, ആവർത്തിക്കുകയുമില്ല. പി.ജെ.വിൻസെന്റിന് ഇന്നലെ സർവകലാശാലാ ആസ്ഥാനത്തു യാത്രയയപ്പ് നൽകി. വിസി പ്രഫ.ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിവിസി പ്രഫ.സാബു എ.ഹമീദ് അധ്യക്ഷത വഹിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com