ഉത്തരമില്ലാത്ത അനാസ്ഥ; താളം തെറ്റിയത് 2017നു ശേഷം, കോൺഫി‍ഡൻഷ്യൽ സെക്‌ഷനിലെ സ്ഥലം മാറ്റവും തിരിച്ചടിയായി

SHARE

കണ്ണൂർ∙ സർവകലാശാലയിൽ ചോദ്യപേപ്പർ അതേപടി ആവർത്തിക്കുക മാത്രമല്ല, വിഷയം മാറി ചോദ്യപേപ്പർ വിതരണം ചെയ്ത സംഭവങ്ങളുമുണ്ടാകാറുണ്ട്. ടാബുലേഷൻ സെക്‌ഷനിൽ നിന്നു നൽകുന്ന, ഓരോ കേന്ദ്രത്തിലും പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ എണ്ണം നോക്കിയാണ് ഓരോ കോളജിലേക്കും പരീക്ഷാ വിഭാഗത്തിലെ കോൺഫിഡൻഷ്യൽ സെക്‌ഷനിൽ നിന്നു പരീക്ഷാ പേപ്പറുകൾ അയക്കുന്നത്.

പേരിൽ സാമ്യമുള്ള പരീക്ഷകൾ അടുത്തടുത്ത ദിവസങ്ങളിലുണ്ടെങ്കിൽ, കോൺഫിഡൻഷ്യൽ സെക്‌ഷനിൽ നിന്ന് ചോദ്യപേപ്പറുകൾ കോളജുകളിലേക്കുള്ള കവറിലേക്കിടുമ്പോൾ മാറിപ്പോകാറുണ്ട്. സെക്‌ഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണു കാരണം. പരീക്ഷാ കേന്ദ്രത്തിൽ വച്ച് ചീഫ് എക്സാമിനറും അഡീഷനൽ ചീഫ് എക്സാമിനറും ചേർന്നു കവർ പൊട്ടിക്കുമ്പോഴാണു വിഷയം തന്നെ മാറിപ്പോയ കാര്യം വ്യക്തമാവുക. ഇതോടെ 2 പരീക്ഷകളും മാറ്റിവയ്ക്കേണ്ടി വരും. ഇതു പലപ്പോഴും കണ്ണൂർ സർവകലാശാലയിൽ ആവർത്തിച്ചിട്ടുണ്ട്.

ഒരേ വിഷയത്തിന്റെ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ചോദ്യ പേപ്പറുകളും സമാന രീതിയിൽ, അശ്രദ്ധ മൂലം മാറിപ്പോകാം. പരീക്ഷകളുടെ പേര് ഒരേ പോലെയായതിനാൽ, കോഡും മറ്റും ശരിക്കു ശ്രദ്ധിച്ചില്ലെങ്കിൽ പായ്ക്കറ്റുകൾ തമ്മിൽ മാറും. റഗുലർ വിദ്യാർഥിക്കു സപ്ലിമെന്ററിക്കാരുടെയും തിരിച്ചുമാണു ചോദ്യപേപ്പറുകൾ ലഭിക്കുക. 2 ചോദ്യ പേപ്പറുകളും 2 വ്യത്യസ്ത സിലബസിനെ അടിസ്ഥാനമാക്കിയാണെന്നതിനാൽ, ഇത്തരം സാഹചര്യങ്ങളിലും 2 പരീക്ഷകളും മാറ്റിവയ്ക്കേണ്ടി വരും.

താളം തെറ്റിയത് 2017നു ശേഷം

കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ വിഭാഗത്തിൽ കാര്യങ്ങൾ തകിടം മറിഞ്ഞു തുടങ്ങിയതു 2017നു ശേഷമാണ്. കോവിഡാണ് നിലവിലെ പ്രശ്നങ്ങൾക്കു കാരണമെന്നു സ്ഥാനമൊഴിഞ്ഞ പരീക്ഷാ കൺട്രോളർ വിശദീകരിക്കുന്നുവെങ്കിലും അതു മാത്രമല്ല കാരണങ്ങളെന്നതാണു സത്യം. ഏറ്റവുമൊടുവിൽ ചോദ്യപേപ്പർ ആവർത്തിച്ച എംഎസ്‌സി മാത്ത്മാറ്റിക്സിൽ, ഇ മെയിലിൽ ലഭിച്ച ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തി 6 മാസം പിന്നിട്ട ശേഷമാണ് അതേ ചോദ്യപേപ്പർ സർവകലാശാലയിൽ ലഭിച്ചത്.

ഒന്നാം സെറ്റ് ഇ മെയിൽ ആയി അയച്ച ചോദ്യ പേപ്പറിന്റെ രണ്ടാം സെറ്റ് എന്ന പേരിൽ, അതേ ചോദ്യപേപ്പർ അധ്യാപകൻ അയയ്ക്കുകയായിരുന്നു. ഒരധ്യാപകൻ രണ്ടു തവണ ഒരേ ചോദ്യപേപ്പർ അയക്കുന്നതും കോവിഡും തമ്മിലെന്താണു ബന്ധം? കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷവും ചോദ്യപേപ്പർ സെറ്റേഴ്സ് പാനൽ കൂടിയിരുന്ന് സൂക്ഷ്മപരിശോധന നടത്തുന്നില്ലെന്നും വ്യക്തമാവുന്നു. സർവകലാശാല പറയുന്നത് ഓൺലൈൻ ആയി സൂക്ഷ്മപരിശോധന ഫലപ്രദമായില്ലെന്നാണ്. സെറ്റേഴ്സ് പാനൽ ഓൺലൈൻ ആയി ചേർന്നിട്ടേയില്ലെന്നതാണു സത്യം.

കോൺഫി‍ഡൻഷ്യൽ സെക്‌ഷനിലെ സ്ഥലം മാറ്റവും തിരിച്ചടിയായി

മാസങ്ങൾക്കു മുൻപ്, ബിബിഎ സപ്ലിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെട്ടെന്നു മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കാൻ പരീക്ഷാ വിഭാഗത്തിൽ നീക്കം നടന്നിരുന്നു. ഇതു വിവാദമായതോടെ, വാർത്ത ചോർത്തിയെന്നാരോപിച്ച് കോൺഫിഡൻഷ്യൽ സെക്‌ഷനിലേതടക്കം പരീക്ഷാ വിഭാഗത്തിലെ 5 ഉദ്യോഗസ്ഥരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റിയിരുന്നു. നടപടിക്രമങ്ങളെയും പരീക്ഷാ നടത്തിപ്പിനെയും പറ്റി ധാരണയില്ലാത്തവരാണു പകരം വന്നത്. പരീക്ഷാ കൺട്രോളറെ മറികടന്ന്, വിസിയാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്ന് ആക്ഷേപമുണ്ട്. പരിചയസമ്പന്നർ മാറിയതും പരീക്ഷാ ചോദ്യപേപ്പറുകൾ ആവർത്തിക്കുന്നതിനു കാരണമായതായാണു പറയുന്നത്.

ഇ മെയിൽ ചോദ്യപേപ്പർ ചോരുമോ?

സർവകലാശാലയ്ക്കു കീഴിലെ കോളജുകളിലെ പിജി പരീക്ഷകൾക്ക് ഇ മെയിലായി ചോദ്യപേപ്പർ നൽകുന്ന രീതി അടുത്തിടെയാണു നടപ്പാക്കിയത്. പരീക്ഷ തുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് ചോദ്യപേപ്പറുകൾ ഇ മെയിലായി അതതു കേന്ദ്രങ്ങളിലേക്കു നൽകുകയാണു ചെയ്യുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ പ്രിന്റെടുത്ത്, വിദ്യാർഥികൾക്കു വിതരണം ചെയ്യണം. ഇതു ചോദ്യപേപ്പർ ചോരാനിടയാക്കുമെന്നു പ്രതിപക്ഷ അധ്യാപക സംഘടനകൾ ആക്ഷേപമുയർത്തിയിട്ടുണ്ട്. പരീക്ഷ തുടങ്ങി, അര മണിക്കൂറിനകമെത്തിയാൽ പോലും വിദ്യാർഥിക്കു പരീക്ഷാ ഹാളിൽ കയറാമെന്നിരിക്കെ ഒന്നര മണിക്കൂർ മുൻപു ചോദ്യപേപ്പർ ഇ മെയിലായി നൽകുന്നതു ചോർച്ചയ്ക്കുള്ള സാവകാശം നൽകുമെന്നാണ് ആക്ഷേപം.

ഒറ്റമൂലിയാകുമോ ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്ക് ?

യുജി, പിജി പരീക്ഷകൾക്ക് ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്ക് നവംബറോടെ നടപ്പാകുമെന്നും ചോദ്യപേപ്പർ ആവർത്തനത്തിനും ചോർച്ചയ്ക്കുമൊക്കെ ഇതോടെ പൂർണ വിരാമമാകുമെന്നാണു സർവകലാശാലയുടെ അവകാശവാദം. സിലബസ് പ്രകാരമുള്ള ചോദ്യങ്ങൾ, സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ കംപ്യൂട്ടർ തന്നെ തിരഞ്ഞെടുത്തു ചോദ്യപേപ്പർ തയാറാക്കുകയും അതതു പരീക്ഷാ കേന്ദ്രങ്ങളിലേക്കു നൽകുകയും ചെയ്യുന്നതാണ് ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്ക് സംവിധാനം.

സർവകലാശാലാ പഠനവകുപ്പുകളിലെ പിജി കോഴ്സുകൾക്ക് നിലവിൽ ഓൺലൈൻ ക്വസ്റ്റ്യൻ ബാങ്ക് സംവിധാനത്തിലൂടെയാണ് ചോദ്യപേപ്പറുകൾ തയാറാക്കുന്നത്. കംപ്യൂട്ടർ തയാറാക്കുന്ന ചോദ്യപേപ്പർ, ഇ മെയിലായാണു സെന്ററുകളിലേക്കു നൽകുന്നത്. ഇതുവരെ ഈ സംവിധാനത്തെ പറ്റി ആക്ഷേപമുയർന്നിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA