ADVERTISEMENT

പയ്യന്നൂർ ∙ ലിംഗസമത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പയ്യന്നൂർ ബോയ്സ് ഹൈസ്കൂളിൽ ഈ വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ സർക്കാർ ഉത്തരവായി. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപി, ഹൈസ്കൂൾ വിഭാഗത്തിലാണ് പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നത്. 1917ലാണ് പയ്യന്നൂരിൽ ഹൈസ്കൂൾ തുടങ്ങിയത്. 1982ൽ കുട്ടികളുടെ എണ്ണം ഭീമമായി വർധിച്ചപ്പോഴാണ് സ്കൂൾ ബോയ്സ്, ഗേൾസ് എന്നിങ്ങനെ വിഭജിച്ച് 2 വിദ്യാലയങ്ങളാക്കി മാറ്റിയത്. 1990ൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഇവിടെ അനുവദിച്ചു. 2005ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്ന പേര് നിലവിൽ വന്നു.

2014ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുമായി ഹയർ സെക്കൻഡറി വിഭാഗവും വന്നു. അതിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. ഹൈസ്കൂളുകൾ വ്യാപകമായി വന്നതോടെ ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിദ്യാർഥികളുടെ എണ്ണം വിരലിലെണ്ണാവുന്നതായി ചുരുങ്ങി. ഈയൊരു സാഹചര്യത്തിൽ 6 മുതൽ 10 വരെ ക്ലാസുകളും മിക്സഡ് സ്കൂളാക്കി മാറ്റണമെന്ന പിടിഎയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ഈ അധ്യയന വർഷം മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള ഉത്തരവുണ്ടായത്. അതേ സമയം ഈ വിദ്യാലയം നേരത്തെ വിഭജിച്ച് ഉണ്ടാക്കിയ ഗേൾസ് ഹൈസ്കൂൾ അതേ പോലെ തുടരും. പയ്യന്നൂർ ടൗണിൽ 2 ഗേൾസ് ഹൈസ്കൂളുകൾ നിലവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com