ADVERTISEMENT

ഇരിട്ടി ∙ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മേഖലയിൽ രണ്ടര വർഷത്തിനിടെ ഇത് 2–ാം ദുരന്തം. 2019 ഡിസംബർ 27ന് കച്ചേരിക്കടവിലെ മലയിൽ ജോർജിനെ ഫോർബേ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുരക്ഷിതത്വം ഒരുക്കാത്തതാണ് അപകടം ഉണ്ടാക്കിയതെന്നു കുറ്റപ്പെടുത്തി അന്നു മൃതദേഹം അനന്തര നടപടികൾക്കായി വിട്ടു നൽകാതെ നാട്ടുകാർ തടഞ്ഞു വച്ചു പ്രതിഷേധിച്ചപ്പോൾ ടാങ്കിലേക്കുള്ള വഴിയിൽ കനാലിനു കുറുകെ ഗ്രിൽ സ്ഥാപിക്കാമെന്നും കനാൽ പരിസരം സുരക്ഷിതമാക്കും എന്നും കെഎസ്ഇബി അധികൃതർ ഉറപ്പു നൽകി.

അന്നത്തെ ഈ വാഗ്ദാനം പാലിച്ചിരുന്നുവെങ്കിൽ ഇന്നലത്തെ ദുരന്തം സംഭവിക്കില്ലായിരുന്നു എന്നാണു നാട്ടുകാർ പറയുന്നത്. ഇന്നലെ ഫോർബേ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുടിക്കയത്തെ മുണ്ടനശ്ശേരിയിൽ മോളി ടോമി 500 മീറ്ററോളം കനാലിലൂടെ ഒഴുകി ഫോർബെ ടാങ്കിൽ വീണതാകാമെന്നാണു കരുതുന്നത്.

മരണത്തിനു പിന്നിലെ കാരണം എന്തു തന്നെയായാലും കനാലിനു നേരിയ കൈവരി വേലിയുടെ പ്രതിരോധം പോലും ഇല്ലാത്തതും ഫോർബേ ടാങ്കിലേക്കു വെള്ളം പതിക്കുന്നിടത്തു ഗ്രില്ല് ഇല്ലാത്തതും ദുരന്തം ക്ഷണിച്ചു വരുത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ കാടുപിടിച്ചു കനാൽ മനസ്സിലാക്കാൻ പോലും കഴിയാത്ത വിധം ആണ് ഉള്ളത്. വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനു സന്ദർശകരാണ് ജലവൈദ്യുത പദ്ധതി കാണാൻ എത്തുന്നത്. 

ഫോർബേ ടാങ്കിന്റെ ആഴം 21 മീറ്റർ; ജലസംഭരണ ശേഷി 75 ലക്ഷം ലീറ്റർ

ബാരാപ്പോൾ പുഴയിൽ നിന്നു പാലത്തിൻകടവിൽ വഴി തിരിച്ചു വിടുന്ന ജലമാണു കനാൽ വഴി ഒഴുകി ഫോർബേ ടാങ്കിൽ എത്തുന്നത്. 3 കിലോമീറ്റർ നീളത്തിൽ കനാലിലൂടെ ഒഴുകി എത്തുന്ന ജലം ടാങ്കിൽ ശേഖരിച്ചു പെൻസ്റ്റോക്ക് പൈപ്പുകളിലൂടെ ജനറേറ്ററിൽ പതിപ്പിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 21 മീറ്റർ ആഴം ഉള്ള ടാങ്കിന്റെ സംഭരണ ശേഷി 75 ലക്ഷം ലീറ്ററാണ്.

സുരക്ഷ അപര്യാപ്തം

15 മെഗാവാട്ട് ശേഷിയുള്ള ബാരാപ്പോൾ കെഎസ്ഇബിയുടെ അഭിമാന ജലവൈദ്യുത പദ്ധതിയാണ്. 8 വർഷങ്ങൾക്കു മുൻപ് ഉദ്ഘാടന സമയത്തു തന്നെ സുരക്ഷാ ക്രമീകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി 300 പേർ ഒപ്പിട്ട നിവേദനം നാട്ടുകാർ നൽകിയതാണ്. എന്നാൽ ഇതു പരിഗണിക്കപ്പെട്ടില്ല. 3 കിലോമീറ്റർ നീളത്തിലുള്ള കനാലിന്റെ ഇരു കരയും തുറന്ന നിലയിലാണ്. മുൻപ് ഒരു കുട്ടി വീണിട്ടുണ്ട്. വളർത്തുമൃഗങ്ങൾ അപകടത്തിൽപ്പെടുന്നതു നിത്യസംഭവമാണ്. ഇവിടെ കൈവേലി ഇരുകരയിലും സ്ഥാപിക്കേണ്ടതുണ്ട്.

വിയർ സൈറ്റിലും ഫോർബേ ടാങ്കിലും എവിടെയും ആർക്കും ഏതു സമയത്തും കടന്നെത്താൻ കഴിയുന്ന സ്ഥിതിയാണ്. കാവൽ വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. സൗരോർജ വൈദ്യുത നിലയവും ജലവൈദ്യുത പദ്ധതിയുടെ പരിസരത്തു സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ ഏറ്റവും ലാഭകരമായ പദ്ധതിയെന്ന് അവകാശപ്പെടുമ്പോഴും പൊതുജനങ്ങൾ ദുരന്തത്തിൽപ്പെടാതെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതുണ്ടെന്നുള്ള ജാഗ്രത കെഎസ്ഇബി ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com