ADVERTISEMENT

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ ആദ്യ രാജ്യാന്തര സർവീസ് ആരംഭിച്ചു. കണ്ണൂർ–മസ്കത്ത് സെക്ടറിലാണ് എയർ ഇന്ത്യ ചൊവ്വാഴ്ച മുതൽ സർവീസ് തുടങ്ങിയത്. ആദ്യ സർവീസിനായി കണ്ണൂരിലെത്തിയ വിമാനത്തെ റൺവേയിൽ നിന്ന് ജലാഭിവാദ്യം ചെയ്ത് കിയാൽ സ്വീകരിച്ചു. ഫ്ലൈറ്റ് ക്രൂവിനെയും ആദ്യ ദിനം യാത്ര ചെയ്യാൻ എത്തിയ യാത്രക്കാരെയും കിയാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ക്യാപ്റ്റൻ യുവരാജ് സിങ് റാണ, ഫസ്റ്റ് ഓഫിസർ കിൻസൺ ഷർമ, കാബിൻ ക്രൂമാരായ ഡാനിഷ്, ലയ്ഹോവ, മൻദീപ് പാണ്ടേ, ബിതേഷ് ഷോരെൺ, എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ എച്ച്.ഹരീഫ് എന്നിവരാണ് ഡിപ്പാർച്ചർ ക്രൂവിൽ ഉണ്ടായിരുന്നത്.

എയർ കസ്റ്റംസ് അസി.കമ്മിഷണർ ഇ.വികാസ്, സിഐഎസ്എഫ് കമൻഡാന്റ് അനിൽ ദൊണ്ടിയാൽ, കിയാൽ ഓപ്പറേഷൻസ് ഹെഡ് രാജേഷ് പൊതുവാൾ, കെ.ജി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ക്യാപ്റ്റൻ വികാസ്, ഫസ്റ്റ് ഓഫിസർ അക്ഷയ് ദാൻവിജ്, അശ്വിനി സോനേവാനെ, വിവേക് ഭീംറാവൂ, അങ്കിത്, ദീപക് എന്നിവരാണ് അറൈവൽ ക്രൂവിൽ ഉണ്ടായിരുന്നത്. ആഴ്ചയിൽ 3 ദിവസം (ഞായർ, ചൊവ്വ, വെള്ളി) ആണ് സർവീസ്. 

കൂടുതൽ സർവീസ്?

∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസിന് സാധ്യതയേറി. വന്ദേഭാരത്, എയർ ബബിൾ ക്രമീകരണം വഴി സർവീസ് നടത്തിയ എല്ലാ രാജ്യങ്ങളിലേക്കും സർവീസ് തുടങ്ങണമെന്ന് പ്രവാസികളുടെ നിരന്തര ആവശ്യം പരിഗണിക്കുമെന്നും ചർച്ചകൾ പുരോഗമിക്കുന്നതായും എയർ ഇന്ത്യ പ്രതിനിധി അറിയിച്ചു.

ഇ–വീസ കൗണ്ടർ തുറന്നു

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇ–വീസ കൗണ്ടർ തുറന്നു. ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് (ഐസിപി) പട്ടികയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ണൂരിനെ ഉൾപ്പെടുത്തിയതോടെയാണ് വിമാനത്താവളത്തിൽ ഇ–വീസ കൗണ്ടർ ആരംഭിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇ–വീസ ഉള്ളവർക്ക് ഇനി കണ്ണൂർ വിമാനത്താവളം വഴിയും യാത്ര ചെയ്യാം. ഇതിനായി 3 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇമിഗ്രേഷൻ വിഭാഗത്തിലുള്ള ജീവനക്കാർ ഇ–വീസ കൗണ്ടറിലും ഡ്യൂട്ടി ചെയ്യും. വിമാനത്താവളത്തിന്റെ തുടക്കം മുതൽ ഇ–വീസ കൗണ്ടർ ക്രമീകരിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com