ADVERTISEMENT

തളിപ്പറമ്പ് ∙ കുറുമാത്തൂർ കീരിയാട് തളിയൻ കാർത്ത്യായനിയെ (73) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് മാല കവർന്ന കേസിലെ പ്രതി ചുഴലി വളക്കൈ സ്വദേശി മുക്കാടത്തി എം.അബ്ദുൽ ജബ്ബാറിനെ( 51) പൊലീസ് പിടികൂടി. 23ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിൽ തനിച്ചായിരുന്ന കാർത്ത്യായനിയെ മരുന്ന് വിൽക്കാനെത്തിയ അബ്ദുൽ ജബ്ബാർ  തലയ്ക്കടിച്ചു വീഴ്ത്തി 3.5 പവന്റെ മാല അപഹരിക്കുകയായിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ച്, കാർത്ത്യായനി വെള്ളം എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമിച്ചത്.

കുറുമാത്തൂർ കീരിയാട് വയോധികയുടെ തലയ്ക്കടിച്ച് വീഴ്ത്തി മാല കവർച്ച ചെയ്ത കേസിലെ പ്രതി അബ്ദുൽ ജബ്ബാറിനെ(മധ്യത്തിൽ) തെളിവെടുപ്പിനായി കീരിയാട് എത്തിച്ചപ്പോൾ.
കുറുമാത്തൂർ കീരിയാട് വയോധികയുടെ തലയ്ക്കടിച്ച് വീഴ്ത്തി മാല കവർച്ച ചെയ്ത കേസിലെ പ്രതി അബ്ദുൽ ജബ്ബാറിനെ(മധ്യത്തിൽ) തെളിവെടുപ്പിനായി കീരിയാട് എത്തിച്ചപ്പോൾ.

വൈകിട്ട് 3ന് മകൻ സജീവൻ വീട്ടിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ ചോരയിൽ കുളിച്ച് കിടന്ന അമ്മയെ കണ്ടത്. തുടർന്ന് തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാർത്ത്യായനിയുടെ പരുക്കുകൾ ഗുരുതരമായതിനാൽ കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി. വിവരം ലഭിച്ച് ഉടൻ ഇൻസ്പെക്ടർ എ.വി.ദിനേശന്റെയും എസ്ഐ പി.സി.സഞ്ജയ് കുമാറിന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഈ പ്രദേശത്ത് സിസി ടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

നാട്ടുകാരിൽ നിന്ന് വിവരം ശേഖരിച്ചപ്പോൾ വളക്കൈ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ഒരാൾ മരുന്ന് വിൽക്കാനായി വീടുകളിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് ജ്വല്ലറികളിൽ നടത്തിയ അന്വേഷണത്തിൽ മാല വിൽക്കാൻ വന്ന ആളെ കുറിച്ചും വിവരം കിട്ടി. ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ ജബ്ബാറിനെ കുറിച്ച് വിവരം ലഭിച്ചത്.

കാർത്ത്യായനിയുടെ വീടിന് സമീപത്തുള്ള കടയുടെ വരാന്തയിൽ നിന്ന് ലഭിച്ച ചുറ്റിക ഉപയോഗിച്ചാണ് ഇയാൾ തലയ്ക്കടിച്ചത്. ഇതിനു ശേഷം ഇവിടെ തന്നെ ഉപേക്ഷിച്ച ചുറ്റിക തെളിവെടുപ്പിൽ പൊലീസ് കണ്ടെടുത്തു. കാർത്ത്യായനിയുടെ മാല 83000 രൂപയ്ക്ക് ഇയാൾ തളിപ്പറമ്പിലെ ജ്വല്ലറിയിൽ വിൽപന നടത്തിയതും കണ്ടെടുത്തിട്ടുണ്ട്. മുൻപ് പ്രവാസിയായിരുന്ന ഇയാൾ നാട്ടിലെത്തിയാണ് മരുന്നു വ്യാപാരം ആരംഭിച്ചത്.കോടതി അബ്ദുൽ ജബ്ബാറിനെ റിമാൻഡ് ചെയ്തു.

വയോധികയെ ആക്രമിക്കാൻ പ്രതി നേരത്തേ പദ്ധതിയിട്ടതായി സൂചന

തളിപ്പറമ്പ്∙ കുറുമാത്തൂർ കീരിയാട് വയോധികയെ തലയ്ക്കടിച്ച് ആഭരണം കവർച്ച ചെയ്ത അബ്ദുൽ ജബ്ബാർ മുൻപേ അക്രമം പ്ലാൻ ചെയ്തതായി സൂചന. 2 ദിവസം മുൻപേ മരുന്ന് വിൽക്കാനായി ഇവിടെ എത്തിയിരുന്ന അബ്ദുൽ ജബ്ബാർ കാർത്ത്യായനി തനിച്ചാണെന്ന് മനസ്സിലാക്കി ഇതിന് സമീപത്തെ കടയുടെ വരാന്തയിൽ നിന്ന് ചുറ്റിക കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പട്ടാപകൽ നാടിനെ നടുക്കിയ ആക്രമണത്തിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാനായത് പൊലീസിന്റെ ഇത്തരത്തിലുള്ള പഴുതടച്ച അന്വേഷണത്തിലൂടെയായിരുന്നു.

മരുന്ന് വിൽക്കാനായി എത്തിയ മാസ്ക് ധരിച്ച ഒരാൾ തലയ്ക്കടിച്ച് വീഴ്ത്തി മാല പൊട്ടിച്ചെടുത്തു എന്ന് മാത്രമാണ് തലയ്ക്ക് ഏറ്റ മാരകമായ പരുക്കിന്റെ അർധ അബോധാവസ്ഥക്കിടയിൽ കാർത്ത്യായനിക്ക് പൊലീസിനോട് പറയാൻ സാധിച്ചത്. പല തവണ ഇയാൾ ചുറ്റിക കൊണ്ട് അടിച്ചതിനാൽ 36 തുന്നിക്കെട്ടുകളാണ് കാർത്ത്യായനിയുടെ തലയിൽ ചെയ്യേണ്ടി വന്നത്. തുടർന്ന് ഡിവൈഎസ്പി എം.പി.വിനോദിന്റെയും ഇൻസ്പെക്ടർ എ.വി.ദിനേശൻ, എസ്ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെയും നേതൃത്വത്തിൽ അപ്പോൾ തന്നെ കുറുമാത്തൂർ കീരിയാടുള്ള കാർത്ത്യായനിയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചിരുന്നു. നൂറോളം പേരെ ചോദ്യം ചെയ്തപ്പോഴാണ് വളക്കൈ സ്വദേശി എന്ന് പരിചയപ്പെടുത്തി ഒരാൾ മരുന്ന് വിൽപ്പനക്കായ് എത്തിയതായി വിവരം ലഭിച്ചത്. തുടർന്ന് മരുന്ന് കമ്പനിയുടെ വിവരം ശേഖരിക്കുകയും ഇതോടൊപ്പം തളിപ്പറമ്പിലെ ജ്വല്ലറികളിൽ നടത്തിയ അന്വേഷണത്തിൽ 83000 രൂപയ്ക്ക് മാല വിൽപന നടത്തിയ ആളുടെ ദൃശ്യവും ലഭിച്ചു. പിന്നീട് രാത്രി മുഴുവൻ ഉറക്കമിളച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ അബ്ദുൽ ജബ്ബാറിനെതിരെ രോക്ഷാകുലരായി.

കൃത്യത്തിന് ശേഷം കാർത്ത്യായനിയുടെ വീടിന് സമീപം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ചുറ്റികയും ഇയാൾ പൊലീസിന് കാണിച്ചു കൊടുത്തു. കാർത്ത്യായനിക്ക് നേരെയുണ്ടായ അക്രമത്തിൽ നാട്ടുകാരും ഭീതിയിലായിരുന്നു. സംഭവം നടന്ന് പിറ്റേ ദിവസം തന്നെ പ്രതി പിടിയിലായത് നാട്ടുകാർക്കും ആശ്വാസമായി. പ്രബേഷൻ എസ്ഐ ലിജിമോൾ, എഎസ്ഐ ദിനേശൻ, സീനിയർ സിപിഒമാരായ ലക്ഷ്മണൻ, പ്രമോദ്, സനീഷ്, ജിജി ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കണ്ണൂർ എകെജി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന കാർത്ത്യായനി അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com