ധർമശാല ∙ മഴ കനത്തു പെയ്തു തുടങ്ങുമ്പോഴേക്കും ധർമശാല ടൗൺ ചെളിവെള്ളക്കെട്ടിന്നടിയിലായി. ധർമശാല ജംക്‌ഷൻ പറശ്ശിനിക്കടവ് റോഡിൽ വെള്ളം ഒഴുകിപോകാതെ റോഡിൽ കെട്ടിക്കിടക്കുന്നു. കാൽനട യാത്രക്കാർക്ക് പോലും കടന്നുപോകാനാകാതെ റോഡിൽ ചെളിവെള്ളം നിറഞ്ഞതായി നാട്ടുകാർ പരാതിപ്പെട്ടു. ജംക്‌ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലും വെള്ളം കയറിയ നിലയിലാണ്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു റോഡ് നിർമാണം നടക്കുന്ന സ്ഥലത്തെ വെള്ളം ഒഴുകിപ്പോകാതെ നിലവിലെ റോഡിലേക്കാണ് ഒഴുകിപ്പരക്കുന്നത്. ഓവുചാൽ മിക്കയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. ദൂരദേശങ്ങളിൽ നിന്നുള്ള തീർഥാടകരും, വിദ്യാർഥികളുമടക്കം നൂറുകണക്കിന് യാത്രക്കാർ എത്തിച്ചേരുന്ന ധർമശാല ജംക്‌ഷനിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ഉടൻ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.