ADVERTISEMENT

കണ്ണൂർ ∙ ഭീകരവാദികളായി ചിത്രീകരിക്കാൻ കേരള ഭരണകൂടവും എൽഡിഎഫും  നടത്തിയ ശ്രമമാണ് തങ്ങളുടെ അറസ്റ്റിനു പിന്നിലെന്ന് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചു നാട്ടിലെത്തിയ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദും ജില്ലാ സെക്രട്ടറി നവീൻ കുമാറും പറഞ്ഞു. സ്വാഭാവികമായ പ്രതിഷേധമായിരുന്നു വിമാനത്തിനകത്ത്. വിമാനം ലാൻഡ് ചെയ്തതിനു ശേഷമാണു മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റത്. ഇതിനിടയിലാണ് ഇ.പി.ജയരാജൻ വന്ന് മർദിച്ചത്. അതിനു ശേഷമാണ് മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ മാത്രമായിരുന്നില്ല വിമാനയാത്ര. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അയൽവാസിയെ കാണേണ്ട കാര്യവുമുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ കാര്യം യൂത്ത് കോൺഗ്രസ് ഘടകങ്ങൾക്കും നേതൃത്വത്തിനും  അറിയാമായിരുന്നു. 

യൂത്ത് കോൺഗ്രസ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തിരുവനന്തപുരത്തു നിന്ന് ട്രെയിൻ മാർഗം എത്തിയ ഇരുവരെയും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് റെയിൽവേ സ്റ്റേഷനിൽ ഷാളണിയിച്ചു സ്വീകരിച്ചു. തുടർന്നു പ്രകടനമായി ഡിസിസി ഓഫിസിലേക്ക് ആനയിച്ചു. ഡിസിസി ഓഫിസിൽ നൽകിയ സ്വീകരണത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് എന്നിവർ പ്രസംഗിച്ചു. 

 കെ കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, വി.കെ.ഷിബിന, എം.കെ.മോഹനൻ, വി.പി.അബ്ദുൽ റഷീദ്, പി.മുഹമ്മദ്‌ ഷമ്മാസ്, രാഹുൽ ദാമോദരൻ, ജില്ലാ ഭാരവാഹികളായ വി.രാഹുൽ, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, പ്രിനിൽ മതുക്കോത്ത്, രോഹിത്ത് കണ്ണൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com