ചൗഗ്ലെ 8 കപ്പൽ ഇപ്പോൾ മുംബൈ – ഗുജറാത്ത് തീരത്ത്; കേരള തീരത്ത് സർവീസ് നിലച്ചിട്ട് 3 മാസം

SHARE

കണ്ണൂർ ∙ കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് മാരിടൈം ബോർഡ് ആരംഭിച്ച ചരക്ക്കപ്പൽ സർവീസ് നിലച്ചിട്ട് 3 മാസം പിന്നിട്ടു. മാർച്ച് 23നു ബേപ്പൂരിൽ നിന്നു കൊച്ചിയിലേക്കായിരുന്നു അവസാന സർവീസ്. തീരദേശ ചരക്കു കപ്പൽ സർവീസ് അവസാനിപ്പിച്ചതായി പിറ്റേന്നു മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് തുറമുഖ മന്ത്രിയുടെ ഓഫിസ് അക്കാര്യം നിഷേധിച്ചു വാർത്താക്കുറിപ്പു പുറത്തിറക്കി. വാർത്ത വാസ്തവ വിരുദ്ധം ആണെന്നും കപ്പൽ അറ്റകുറ്റപ്പണിക്കായി പോകുകയാണെന്നും മറ്റൊരു കപ്പൽ കൂടി ഏപ്രിൽ അവസാന വാരത്തോടെ ആരംഭിക്കുമെന്ന് കപ്പൽ കമ്പനി അറിയിച്ചു എന്നുമായിരുന്നു പത്രക്കുറിപ്പിൽ പറഞ്ഞത്.

കപ്പൽ സർവീസ് അവസാനിപ്പിച്ചു എന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന തലക്കെട്ടോടെ ദീർഘമായ കുറിപ്പ് സ്വന്തം ഫെയ്സ്ബുക് പേജിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇൻസെന്റീവ് കുടിശിക കൊടുത്തെങ്കിലും തുറമുഖങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതും ഇൻസെന്റീവ് സ്കീം തുടരുന്ന കാര്യത്തിലുള്ള അവ്യക്തതയും കപ്പൽ കമ്പനികളെ പിന്നോട്ടു വലിക്കുകയാണ്. തുറമുഖങ്ങളിൽ കസ്റ്റംസിന്റെ ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് (ഇഡിഐ) സൗകര്യം സജ്ജമാക്കാത്തതും തടസ്സമാണ്. ട്രേഡ് മീറ്റ് നടത്തിയും കപ്പൽ കമ്പനികളുമായി നേരിട്ടു ചർച്ച നടത്തിയും മാരിടൈം ബോർഡും തുറമുഖ വകുപ്പു മന്ത്രിയുമായി ബന്ധപ്പെട്ടവരും സർവീസ് തുടങ്ങാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.

നൂറ്റാണ്ടിലേറെയായി ഷിപ്പിങ് രംഗത്തുള്ള രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി ഗ്രൂപ്പിന്റെ ചൗഗ്ലെ 8 എന്ന കപ്പലായിരുന്നു ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കുനീക്കം നടത്തിയിരുന്നത്. 2021 ജൂലൈ 4നു മുഖ്യമന്ത്രി ആണ് കപ്പൽ സർവീസ് ഫ്ലാഗ്ഓഫ് ചെയ്തത്. 9 മാസത്തിനിടെ 43 സർവീസുകളിലായി 3330 കണ്ടെയ്നറുകൾ കപ്പൽ വഴി കൊണ്ടുപോയി. കേരള തീരം വിട്ട ചൗഗ്ലെ 8 കപ്പൽ ഇപ്പോൾ മുംബൈ – ഗുജറാത്ത് തീരത്ത് സർവീസ് നടത്തുകയാണ്. 20 അടി നീളമുള്ള 106 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുണ്ടെങ്കിലും ബേപ്പൂരിലെയും അഴീക്കലിലെയും കപ്പൽചാലുകൾക്ക് ആഴമില്ലാത്തതിനാൽ പകുതിയിൽ താഴെ കണ്ടെയ്നറുകൾ മാത്രമേ കയറ്റാൻ സാധിച്ചിരുന്നുള്ളൂ. വേലിയേറ്റത്തിൽ ജലനിരപ്പ് ഉയരുന്നതു വരെ പുറംകടലിൽ കാത്തുകിടക്കേണ്ട സ്ഥിതിയും പലപ്പോഴും ഉണ്ടായി.

ഇത് ലക്ഷക്കണക്കിനു രൂപയുടെ ഇന്ധന നഷ്ടവും സമയനഷ്ടവുമാണ് ഓരോ സർവീസിലും കപ്പൽ കമ്പനിക്ക് ഉണ്ടായത്.അഴീക്കലിലെ കപ്പൽ ചാലിന്റെ ആഴം സർക്കാരിനു പണച്ചെലവില്ലാതെ റിവേഴ്സ് ഡ്രജിങ് വഴി 7 മീറ്ററാക്കാൻ മാരിടൈം ബോർഡ് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നെങ്കിലും തുറമുഖ വകുപ്പ് അനുമതി നൽകിയില്ല. ക്യാപിറ്റൽ ഡ്രജിങ്ങിന് തുറമുഖ വകുപ്പ് 65 കോടി രൂപ ചെലവു കണക്കാക്കിയ സാഹചര്യത്തിലായിരുന്നു കുറഞ്ഞത് 40 കോടി രൂപയെങ്കിലും സർക്കാരിനു ലഭിക്കാവുന്ന തരത്തിൽ റിവേഴ്സ് ഡ്രജിങ് നടത്താൻ മാരിടൈം ബോർഡ് തീരുമാനിച്ചത്. ഇതിനു പിന്നാലെ ‌ബോർഡിന്റെ കാലാവധി പ്രത്യേക ഓർഡിനൻസിലൂടെ അഞ്ചിൽ നിന്നു 3 വർഷമായി വെട്ടിക്കുറച്ച് ബോർഡ് തന്നെ ഇല്ലാതാക്കുകയും ചെയ്തു. പുതിയ ബോർഡ് നിലവിൽ വന്നെങ്കിലും ഡ്രജിങ്ങിനുള്ള ശ്രമം തുടങ്ങിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS