കണ്ണൂർ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാള വിഭാഗം അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറെ വഴിയിൽ തടഞ്ഞു. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് പയ്യാമ്പലം പോസ്റ്റ് ഓഫിസിനു സമീപം വസതിയിൽ നിന്നു സർവകലാശാലയിലേക്ക് വാഹനത്തിൽ പോകുകയായിരുന്ന വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രനെ തടഞ്ഞത്.
പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വനിതാ പൊലീസ് ഇല്ലാത്തതിനാൽ, വാഹനത്തിനു മുന്നിൽ നിന്ന വനിതാ പ്രവർത്തകരെ നീക്കം ചെയ്യാൻ പൊലീസ് പാടു പെട്ടു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒരു വിധത്തിൽ വനിതാ പ്രവർത്തകർക്ക് വലയം തീർത്ത് മറ്റു പ്രവർത്തകരെ ബലം പ്രയോഗിച്ചും നീക്കിയാണ് വൈസ് ചാൻസലറുടെ വാഹനം കടത്തിവിട്ടത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, സംസ്ഥാന സെക്രട്ടറി കമൽജിത്ത്, വി.രാഹുൽ, പ്രനിൽ മതുക്കോത്ത്, അനൂപ് തന്നട, സി.വി.സുമിത്ത്, ജിജോ ആന്റണി, വി.വി.ലിഷ, വി.രഞ്ജുഷ, ഷോബിൻ തോമസ്, സുജേഷ് പണിക്കർ, സുധീഷ് കുന്നത്ത്, സി.വി.വരുൺ, നിധിൻ നടുവനാട് എന്നിവരാണ് വിസിയെ തടഞ്ഞത്.