കണ്ണൂർ ∙ ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവുമായി ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 50 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകൾ ക്രമേണ കൂടി വരുന്നതിനാൽ ജാഗ്രതയും വർധിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി. മാസ്ക് നിർബന്ധമാക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നു ലഭിച്ചിട്ടുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ.എം.പ്രീത പറഞ്ഞു.
ജാഗ്രത: കേസുകൾ കൂടാതിരിക്കാൻ
കോവിഡ് കൂടുകയാണെന്നു കേന്ദ്രം മുന്നറിയിപ്പ് നൽകിയ 11 ജില്ലകളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്. എങ്കിലും ജില്ലയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്.
സ്കൂളുകളിൽ വാക്സിനേഷൻ ഡ്രൈവ്
12–14 വിഭാഗത്തിലെ കുട്ടികളിൽ വാക്സീനെടുത്തവരുടെ എണ്ണം ജില്ലയിൽ കുറവായതിനാൽ സ്കൂളുകൾ കേന്ദ്രീകരിച്ചു പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. ഡിഡിഇയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം കലക്ടറും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ ഡ്രൈവുകൾ നടത്താവുന്ന സ്കൂളുകളുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്.