ADVERTISEMENT

ഏച്ചൂർ ∙ നീന്തൽ പഠിക്കുന്നതിനിടെ മകനും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും കുളത്തിൽ മുങ്ങി മരിച്ചു. ചേലോറ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം ചന്ദ്രകാന്തം ഹൗസിൽ പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ (16) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 7ന് പന്ന്യോട്ട് കരിയിൽ ദേവീകുളത്തിലായിരുന്നു ദുരന്തം. നീന്തൽ പഠിപ്പിക്കാൻ പതിവായി വരാറുണ്ടായിരുന്ന പരിശീലകൻ ഇന്നലെ എത്താത്തതിനെ തുടർന്ന് ജ്യോതിരാദിത്യ തനിച്ച് നീന്താൻ ശ്രമിക്കവേ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണു പൊലീസും നാട്ടുകാരും നൽകുന്ന സൂചന.

ഏച്ചൂർ പന്ന്യോട്ട് അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ച വിവരമറിഞ്ഞ് കുളക്കരയിലെത്തിയ നാട്ടുകാർ.

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു ഷാജിയും മുങ്ങി മരിച്ചത്. ഷാജിക്കും നീന്തൽ വേണ്ടത്ര വശമില്ലായിരുന്നു. നാട്ടുകാരും ചക്കരക്കൽ പൊലീസും ചേർന്നാണു മൃതദേഹം കരയ്ക്കെടുത്തത്. ഏച്ചൂർ സഹകരണ ബാങ്ക് സെക്രട്ടറിയാണു ഷാജി. ജ്യോതിരാദിത്യ ഈ വർഷം ചേലോറ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു വിജയിച്ചത്. ഷാജിയുടെ ഭാര്യ ഷംന കീഴല്ലൂർ പഞ്ചായത്ത് അസി. സെക്രട്ടറിയാണ്.

തുഞ്ചത്താചാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ജഗത് വിഖ്യാത് ആണ് ജ്യോതിരാദിത്യന്റെ സഹോദരൻ. സഹദേവൻ, ശാന്തിഭൂഷൺ (ഗൾഫ്), വിനയൻ, രാജേഷ്, ഭാനുമതി, കാഞ്ചന, രതി എന്നിവരാണു ഷാജിയുടെ സഹോദരങ്ങൾ. കണ്ണൂർ എകെജി ആശുപത്രിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹം ഇന്ന് 7.30നു പന്ന്യോട്ടെ  വീട്ടിൽ എത്തിക്കും. 9.30 വരെ ഇവിടെയും തുടർന്ന് ഏച്ചൂർ ബാങ്കിനു മുന്നിലും 10നു ചേലോറയിലെ വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം 10.30നു പയ്യാമ്പലത്ത് സംസ്കരിക്കും.

ഏച്ചൂർ ∙ രണ്ടു മാർക്കിനു വേണ്ടി കുളത്തിൽ പൊലിഞ്ഞത് 2 ജീവനുകൾ. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസോടെ വിജയിച്ച ജ്യോതിരാധിത്യയ്ക്ക് പ്ലസ് വൺ പ്രവേശനത്തിനു ഗ്രേസ് മാർക്ക് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും ദിവസം മുൻപു നീന്തൽ പരിശീലനം തുടങ്ങിയത്. നീന്തൽ പരിശീലിപ്പിക്കാൻ പരിശീലകൻ ഉണ്ടായിരുന്നെങ്കിലും ഇന്നലെ ഇയാൾ എത്തിയില്ല. ഇതോടെ ജ്യോതിരാധിത്യ തനിച്ചു കുളത്തിൽ ഇറങ്ങുകയായിരുന്നു എന്നാണു നാട്ടുകാർ പറയുന്നത്.

എസ്എസ്എൽസിക്കു കൂടുതൽ പേർ ഉന്നത വിജയം നേടിയതിനാൽ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് നിർണായകമാണ് എന്നാണു രക്ഷിതാക്കൾ പറയുന്നത്. ഇഷ്ടപ്പെട്ട സ്കൂളും വിഷയവും ലഭിക്കാനും ഗ്രേസ് മാർക്ക് സഹായകമാകും. ഗ്രേസ് മാർക്ക് ലക്ഷ്യം വച്ചു നാട്ടിൻപുറങ്ങളിലെ കുളങ്ങളിലും മറ്റും  ഇപ്പോൾ നീന്തൽ പരിശീലനത്തിന്റെ തിരക്കാണ്.

അശാസ്ത്രീയമായി നടത്തുന്ന ഇത്തരം നീന്തൽ പരിശീലനം പലപ്പോഴും അപകടങ്ങൾക്കു കാരണമാകാറുണ്ടെങ്കിലും വിവരം പുറത്ത് അറിയുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കനായ ജ്യോതിരാധിത്യ എട്ടാം ക്ലാസിലാണ് ചേലോറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എത്തിയത്. കോവിഡ് കാലത്തെ ഓൺലൈൻ പഠന സമയത്തും മികച്ച ശ്രദ്ധയായിരുന്നു പഠനത്തിൽ കാണിച്ചതെന്നു അധ്യാപകർ പറഞ്ഞു. 

അപകടം പുറംലോകമറിഞ്ഞത് ബന്ധു കൂടിയായ ഷൈജുവിലൂടെ

ഏച്ചൂർ ∙ പന്ന്യോട്ട് അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ച വിവരം പുറംലോകം അറിയുന്നത് പ്രദേശവാസിയായ ഷൈജുവിലൂടെ. ഏച്ചൂർ നളന്ദ കോളജ് ജീവനക്കാരനായ ബി.പി.ഷൈജു പതിവുപോലെ ഏഴിനു വീട്ടിൽ നിന്ന് ഏച്ചൂരിലേക്കു പുറപ്പെട്ടതായിരുന്നു. പന്ന്യോട്ട് കരിയിൽ കുളത്തിൽ പതിവായി ഷാജിയെയും മകൻ ജ്യോതിരാധിത്യനെയും കണ്ട് സംസാരിച്ചാണു ഷൈജു ഏച്ചൂരിലേക്കു പോകാറ്. എന്നാൽ ഇന്നലെ ഇവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല. ശ്രദ്ധിച്ചപ്പോഴാണു കുളക്കടവിൽ 2 ജോഡി ചെരിപ്പ് ഷൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്നു കുളത്തിൽ നോക്കിയപ്പോൾ അച്ഛനെയും മകനെയും വെള്ളത്തിനടിയിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. ഉടൻ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു എന്ന് ഷൈജു പറഞ്ഞു. ഷൈജുവിന്റെ അടുത്ത ബന്ധു കൂടിയാണ് ഷാജി.കുളത്തിൽ നിന്ന് 30 മീറ്റർ അകലെ ഇരുവരും വന്ന കാറും നിർത്തിയിട്ടുണ്ടായിരുന്നു. വിവരമറിഞ്ഞ് ചക്കരക്കൽ ഇൻസ്പെക്ടർ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ എത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ച ഷാജിയുടെ തറവാട് വീട് കുളത്തിനു സമീപമാണ്.

ഏച്ചൂരിൽ ഇന്ന് ഉച്ചവരെ ഹർത്താൽ

ഏച്ചൂർ ∙ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജിയുടെയും മകൻ ജ്യോതിരാധിത്യന്റെയും മരണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ച വരെ ഏച്ചൂരിൽ ഹർത്താൽ ആചരിക്കും. ബിൽ കലക്ടർ തസ്തികയിൽ ജോലി ആരംഭിച്ച ഷാജി കഠിന പ്രയത്നവും പരിശ്രമവും കൊണ്ടാണ് ബാങ്കിന്റെ സെക്രട്ടറി പദവിയിൽ എത്തിയത്. ഏച്ചൂരിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ ഷാജി കർഷകസംഘം പന്ന്യോട്ട് യൂണിറ്റ് സെക്രട്ടറിയും സിപിഎം പന്ന്യോട്ട് ബ്രാഞ്ച് അംഗവും ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com