ADVERTISEMENT

തലശ്ശേരി∙ പരിസ്ഥിതിലോല വിഷയത്തിൽ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലോക്സഭയിലും രാജ്യസഭയിലും നിലപാട് സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ഉറപ്പു നൽകി. പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ അതിരൂപതയ്ക്കും കർഷകർക്കുമുള്ള ആശങ്ക അറിയിക്കുന്നതിനും സുപ്രീംകോടതിയെ കൊണ്ട് വിധി തിരുത്തിക്കുന്നതിനാവശ്യമായ നിലപാടു സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള അതിരൂപതാ പ്രതിനിധി സംഘം ഇന്നലെ രാഹുൽഗാന്ധിയെ കണ്ടപ്പോഴാണ് ഉറപ്പു ലഭിച്ചത്.

കർഷകർക്കൊപ്പമാണു താനെന്നും ഇക്കാര്യത്തിൽ തലശ്ശേരി അതിരൂപത ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളും കർഷക സംഘടനകളും നടത്തുന്ന ശ്രമങ്ങൾക്കു തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച രീതിയിൽ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതിലുള്ള സാമാന്യനീതിയുടെ ലംഘനം മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.

 ഒരു കിലോമീറ്റർ വായു ദൂരമാണ് പരിസ്ഥിതി ലോല മേഖലയാക്കി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചര ലക്ഷത്തോളം ജനങ്ങളെ പെരുവഴിയിലാക്കുന്ന സാഹചര്യമാണ് കേരളത്തിൽ ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർച്ച് ബിഷപ്പിനൊപ്പം അതിരൂപത പാസ്റ്ററൽ കോ-ഓർഡിനേറ്ററും കത്തോലിക്കാ കോൺഗ്രസ് ഡയറക്ടറുമായ ഫാ.ഫിലിപ് കവിയിൽ, ടിഎസ്എസ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ, കെസിവൈഎം ഡയറക്ടർ ഫാ.ജിൽസ് വാളിപ്ലാക്കൽ എന്നിവരും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, പി.ടി.മാത്യു എന്നിവരുടെ സാന്നിധ്യത്തിലാണ് അതിരൂപതാ സംഘം രാഹുൽഗാന്ധിയെ സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com