ADVERTISEMENT

ചെറുപുഴ ∙ മലയോര മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം. ചെറുപുഴ പഞ്ചായത്തിലെ മരുതുംതട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആണു കൃഷിനാശം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഇന്നലെ രാവിലെയാണു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ ജലപ്രവാഹത്തിൽ മണ്ണും കല്ലും താഴേക്കു കുത്തിയൊലിച്ചു. എന്നാൽ, സമീപത്തുകൂടി ഒഴുകുന്ന നീർചാലിലൂടെ തന്നെ വെള്ളം ഒഴുകിയതിനാൽ വൻദുരന്തം ഒഴിവായി.

ഉരുൾപൊട്ടലിനെത്തുടർന്നു കൃഷി നശിച്ച നിലയിൽ.
ഉരുൾപൊട്ടലിനെത്തുടർന്നു കൃഷി നശിച്ച നിലയിൽ.

ശക്തമായ ഒഴുക്കിൽ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികൾ നശിക്കുകയായിരുന്നു. കാട്ടുമരങ്ങൾ കടപുഴകി ഒലിച്ചുപോയ നിലയിലാണ്. കാനക്കാട്ട് ഫ്രാൻസിസിന്റെ കൃഷിയിടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനു താഴെയുള്ള തേക്കിൻകാട്ടിൽ ബേബി, പൂച്ചാലിൽ രാജു, പൂച്ചാലിൽ ബേബി എന്നിവരുടെ കൃഷികളാണ് നശിച്ചത്. ശക്തമായ ഒഴുക്കിൽ ഇവരുടെ കൃഷിഭൂമിയും നശിച്ചു. കനത്ത മഴയാണു പ്രദേശത്ത് ഉണ്ടായതെന്നു നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച മഴ ശനിയാഴ്ച രാവിലെയാണു ശമിച്ചത്. 2020ലും സമീപത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

ഇതിനിടെ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അടച്ചു പൂട്ടിയ രാജഗിരി ക്വാറി വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തിനു സമീപമാണു ക്വാറി ഉള്ളത്. ക്വാറി വീണ്ടും പ്രവർത്തിച്ചാൽ മലയോര മേഖല നശിക്കുമെന്നാണു നാട്ടുകാർ പറയുന്നത്. മഴ കനത്താൽ അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ, സ്ഥിരം സമിതി അധ്യക്ഷ ഷാന്റി കലാധരൻ, പഞ്ചായത്ത് അംഗങ്ങളായ രജിത സജി, സജിനി മോഹൻ എന്നിവർ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com