ADVERTISEMENT

മേലൂർ ∙ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിശിഷ്യനും വ്യാപാരിയുമായിരുന്ന ചാത്തോത്ത് രൈരു നായരുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമകളുമായി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും മേലൂരിലെ ജഡ്ജി ബംഗ്ലാവ് എന്നറിയപ്പെടുന്ന തറവാട്ടു മുറ്റത്ത് ഒത്തുചേർന്നു. രൈരു നായരുടെ ആത്മമിത്രവും ജെമിനി സർക്കസ് സ്ഥാപകനുമായ എം.വി.ശങ്കരൻ രാവിലെ തന്നെ എത്തിയിരുന്നു. യാത്രകളിലും ചർച്ചകളിലും സുഹൃദ്‌വലയത്തിൽ പോലും ഒരുമപുലർത്തിയിരുന്ന ആ കാലം ജെമിനി ശങ്കരൻ ഓർത്തെടുത്തു. വാർധയിലെ ആശ്രമവളപ്പിൽ ഗാന്ധിജിയുടെ കാൽതൊട്ടു വന്ദിച്ച് രാജ്യത്തിന്റെ സാമൂഹിക മണ്ഡലത്തിൽ തുടക്കമിട്ട രൈരു നായരുടെ ജീവിത യാത്രയും ചടങ്ങിൽ പങ്കെടുത്തവർ ഓർമപ്പെടുത്തി. 

കമ്യൂണിസ്റ്റ് സഹയാത്രികനെങ്കിലും രാഷ്ട്രീയഭേദമന്യേ എല്ലാവരെയും വാത്സല്യത്തോടെ ചേർത്തുപിടിച്ച കാരണവരുടെ സ്നേഹത്തെക്കുറിച്ചും ആതിഥ്യത്തെക്കുറിച്ചുമായിരുന്നു പുതുതലമുറയ്ക്കു പറയാനുണ്ടായിരുന്നത്. അനുസ്മരണ പരിപാടികളുടെ ഭാഗമായി ഫൺ ഫിറ്റ്നസ് ഫ്രീഡം റൈഡ് എന്ന പേരിൽ സൈക്കിൾ റാലിയും സംഘടിപ്പിച്ചിരുന്നു. റാലി രാവിലെ 7ന് കണ്ണൂർ യുദ്ധ സ്മാരകത്തിനു മുന്നിൽ കണ്ണൂർ സൈക്ലിങ് ക്ലബ്ബ്‌ സെക്രട്ടറി കെ.നിസാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് കെ.വി.രതീശന്റെ നേതൃത്വത്തിൽ മുപ്പതിലേറെ റൈഡർമാരാണ് മേലൂരിലെ വീട് വരെ നീണ്ട റാലിയിൽ പങ്കെടുത്തത്. 

സൈക്കിൾ റാലി മേലൂരിലെ തറവാട്ടു വീട്ടിൽ എത്തിയ ശേഷമായിരുന്നു അനുസ്മരണ യോഗം. സ്മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ജെമിനി ശങ്കരൻ നേതൃത്വം നൽകി.മക്കളായ പ്രദീപ് കുമാർ, പ്രവീണ, പ്രസന്ന, മരുമകൻ സുരേഷ് ചന്ദ്രമേനോൻ, ചിത്രകാരൻ സെൽവൻ മേലൂർ, പണിക്കൻ രാജൻ,  സി.മോഹനൻ, വി.ശാന്തകുമാർ, എം.സി.പ്രസന്നകുമാർ തുടങ്ങി പ്രദേശവാസികളും രാഷ്ട്രീയപാർട്ടി നേതാക്കളുമായ ഒട്ടേറെപ്പേർ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും കഴിഞ്ഞ ദിവസം രൈരു നായരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com