ADVERTISEMENT

പയ്യന്നൂർ ∙ കനത്ത മഴയിൽ കവ്വായിയിൽ 3 വീടുകളിൽ വെള്ളം കയറി. കതിവനൂർ വീരൻ ക്ഷേത്ര പരിസരത്തെ കാവുട്ടൻ ചന്ദ്രൻ, പ്രേമൻ ചെവിടമത്ത്, ടി.വി.രത്നാകരൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതാണ് വെള്ളം കയറാൻ കാരണമായത്. മഴ ശക്തമായി തുടർന്നാൽ ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കേണ്ടി വരും. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു.

തിരുമേനി പുഴയിൽ നിന്നു കൃഷിയിടത്തിലേക്ക് വെള്ളം കയറിയ  നിലയിൽ.
തിരുമേനി പുഴയിൽ നിന്നു കൃഷിയിടത്തിലേക്ക് വെള്ളം കയറിയ നിലയിൽ.

വെള്ളം പുഴയിലേക്ക് ഒഴുക്കിവിട്ട് വെള്ളക്കെട്ട് ഒഴിവാക്കിയില്ലെങ്കിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറും. ഡപ്യൂട്ടി തഹസിൽദാർമാരായ കെ.കെ.ശശി, അജയകുമാർ, വില്ലേജ് ഓഫിസർ എം.പ്രദീപൻ എന്നിവർ ഉൾപ്പെട്ട റവന്യു സംഘം സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. പ്രദേശത്തെ വെള്ളക്കെട്ട് നീക്കാൻ ശാശ്വത പരിഹാരത്തിനായി വിശദമായ റിപ്പോർട്ട്  കലക്ടർക്ക് സമർപ്പിക്കുമെന്ന് റവന്യു സംഘം അറിയിച്ചു. വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത നടപടി വേണമെന്ന് നഗരസഭ കൗൺസിലർ എ.നസീമ ആവശ്യപ്പെട്ടു.

പുഴകളിൽ നീരൊഴുക്ക് ശക്തം

ചെറുപുഴ∙ കാലവർഷം ശക്തി പ്രാപിച്ചതോടെ മലയോരത്തെ പുഴകളും തോടുകളും കര കവിഞ്ഞൊഴുകാൻ തുടങ്ങി. കർണാടക വനത്തിൽ മഴ ശക്തമായതോടെയാണു തേജസ്വിനിപ്പുഴയിൽ നീരൊഴുക്ക് വർധിച്ചത്. കഴിഞ്ഞ 2 ദിവസമായി പുഴയിൽ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. തിരുമേനി പുഴയിലും നീരൊഴുക്ക് ശക്തമാണ്. ചിലയിടങ്ങളിൽ കൃഷികൾ വെള്ളത്തിനടിയിലായി. ശനിയാഴ്ച വൈകിട്ടു ഉണ്ടായ ശക്തമായ കാറ്റിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരം കടപുഴകി വീണു.

മരക്കൊമ്പ് ഒടിഞ്ഞു വീണു പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. ജീവനക്കാർ ഏറെ പണിപ്പെട്ടാണു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മരുതുംതട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെ കോളനി നിവാസികളും  ക്വാറിയുടെ സമീപത്തു താമസിക്കുന്ന കുടുംബങ്ങളും കടുത്ത ആശങ്കയിലാണ്.

മരുതുംതട്ടിൽ അഗ്നിരക്ഷാ സേന സന്ദർശിച്ചു

ചെറുപുഴ∙ മഴ കുറയാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടൽ ഉണ്ടായ മരുതുംതട്ടിൽ പെരിങ്ങോം അഗ്നിരക്ഷാ സേനാംഗങ്ങൾ സന്ദർശിച്ചു. മഴ കനത്താൽ മാറി താമസിക്കാൻ സമീപവാസികളോട് നിർദേശിച്ചു.അടിയന്തര സാഹചര്യമുണ്ടായാൽ അഗ്നിരക്ഷാ കേന്ദ്രവുമായി ബന്ധപ്പെടാനും ഉദ്യോഗസ്ഥർ നിർദേശിച്ചു. അസി. സ്റ്റേഷൻ ഓഫിസർ സി.പി. ഗോകുൽദാസ്, ഉദ്യോഗസ്ഥരായ സി.ശശിധരൻ, പി.എ.അനൂപ്, പി.സി.മാത്യു, കെ.ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു മരുതുംതട്ട് സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com