ADVERTISEMENT

തളിപ്പറമ്പ് ∙ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത സംഭവത്തിൽ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. ടഗോർ സ്കൂളിനു സമീപം പാലക്കോടൻ ദിൽഷാദിന്റെ പരാതിയിലാണ് സി.പി.നൗഫൽ, കായക്കൂൽ ആബിദ്, ആലിപ്പി എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു 3 പേർക്കെതിരെയും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസെടുത്തത്.

ദിൽഷാദ് പാലക്കോടൻ തന്റെ കാറിൽ തളിപ്പറമ്പ് മഹല്ല് വഖഫ് സംരക്ഷണ സമിതി കൺവീനർ കുറിയാലി സിദ്ദിഖിനൊപ്പം വരുമ്പോൾ മുക്കോല റോഡ് ജംക്‌ഷൻ കഴിഞ്ഞുള്ള റോഡിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 9.30നു പ്രതികൾ കാർ തടഞ്ഞ് ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് ഇവരെ മർദിക്കുകയായിരുന്നു എന്നാണു പരാതി.കാറിന്റെ ഗ്ലാസുകൾ തല്ലി തകർക്കുകയും ചെയ്തു. തളിപ്പറമ്പ് ജുമുഅത്ത് ട്രസ്റ്റിലെ അഴിമതിക്കെതിരെ പ്രതികരിച്ചതാണ് അക്രമത്തിനു കാരണമെന്നു പരാതിയിൽ ദിൽഷാദ് പറയുന്നു.

‘നടപടി സ്വീകരിക്കും’

തളിപ്പറമ്പ് ∙ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധിഖ് കുറിയാലിയെയും ദിൽഷാദ് പാലക്കോടനെയും ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്തതു വഖഫ് പോരാട്ടത്തിൽ നിന്നു ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്ന ഉദ്ദേശത്തിലാണെന്ന് വഖഫ് സ്വത്ത് സംരക്ഷണ സമിതി. എന്നാൽ സത്യത്തിനും ന്യായത്തിനും വേണ്ടിയുള്ള ഈ പോരാട്ടം സമിതിയും സഹകാരികളും ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും വഖഫ് സ്വത്ത്‌ കുടുംബ സ്വത്ത് പോലെ അനുഭവിച്ചു വരുന്ന ചിലർ അധികാരങ്ങൾ നഷ്ടപ്പെടുമെന്ന ഭീതി കൊണ്ടാണ് ഇത്തരം ഒരു ആക്രമണത്തിനു മുതിർന്നതെന്നും യോഗം ആരോപിച്ചു. 

ഇതിന്റെ പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും യോഗം അറിയിച്ചു. സമിതി യോഗം പ്രതിഷേധിച്ചു. സി.കരീം അധ്യക്ഷത വഹിച്ചു. കെ.പി.എം.റിയാസുദ്ദീൻ, ചപ്പൻ മുസ്തഫ, ഷബീർ കുറ്റിക്കോൽ, അനസ് അഹമ്മദ്, ഹംസ കുട്ടി കൊമ്മച്ചി എന്നിവർ പ്രസംഗിച്ചു.

പ്രകടനം നടത്തും

തളിപ്പറമ്പ് ∙ വഖഫ് സംരക്ഷണ സമിതി പ്രവർത്തരെ വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് 5നു തളിപ്പറമ്പിൽ പ്രകടനം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com